കൊറാണയ്‌ക്കെതിരെ സുഗന്ധ വ്യഞ്ജനങ്ങളുടെ തുണ തേടി ലോകം; കയറ്റുമതിയില്‍ കുതിപ്പ്

കൊറാണയ്‌ക്കെതിരെ രോഗപ്രതിരോധ ശേഷി വളര്‍ത്താന്‍ സുഗന്ധ വ്യഞ്ജനങ്ങള്‍ ഫലപ്രദമെന്ന ബോധ്യം ലോകത്തുടനീളം ബലപ്പെടുന്നത് കേരളത്തിലെ സുഗന്ധ വ്യഞ്ജന വിളകള്‍ക്കു ഗുണകരമായെന്നു വ്യക്തമാക്കുന്ന കണക്കുകള്‍ പുറത്ത്. ഇന്ത്യയില്‍ നിന്നുള്ള സുഗന്ധ വ്യഞ്ജന കയറ്റുമതിയില്‍ ജൂണ്‍ മാസത്തില്‍ വന്‍ വര്‍ധനവാണു രേഖപ്പെടുത്തിയത്.

കുരുമുളക്, ഏലം, ഇഞ്ചി, മഞ്ഞള്‍, മല്ലി, ജീരകം, ഉലുവ, ജാതിക്ക, ചതകുപ്പ, സുഗന്ധ തൈലങ്ങള്‍ തുടങ്ങിയവയാണ് കയറ്റി അയച്ച പ്രധാന ഉല്‍പ്പന്നങ്ങള്‍.വാണിജ്യ സംഘടനയായ അസോചം പുറത്തുവിടുന്ന കണക്കനുസരിച്ച് രാജ്യത്ത് നിന്നും ജൂണ്‍ മാസത്തില്‍ കയറ്റുമതി 34 ശതമാനം ഉയര്‍ന്ന് 2690 കോടിയോളം രൂപ(359 ദശലക്ഷം ഡോളര്‍)യുടേതായി. കഴിഞ്ഞ വര്‍ഷം ഇതേ മാസത്തില്‍ 292 ദശലക്ഷം ഡോളറിന്റെ സുഗന്ധവ്യഞ്ജനമാണ് കയറ്റി അയച്ചത്.

അമേരിക്ക, യുകെ, ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, കാനഡ, ഓസ്ട്രേലിയ, യുഎഇ, ഇറാന്‍, സിങ്കപ്പൂര്‍, ചൈന, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും ഇവ കയറ്റി അയച്ചത്. മൊത്തം വസ്തുക്കളുടെ കയറ്റുമതിയില്‍ 12.41 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി നില്‍ക്കുമ്പോഴാണ് സുഗന്ധ വ്യഞ്ജന കയറ്റുമതി കൂടിയതെന്നും അസോചം ചൂണ്ടിക്കാട്ടുന്നു.

രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിലാണ് ലോകം മുഴുവന്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ ഇന്ത്യയുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും സുഗന്ധ വ്യഞ്ജന കയറ്റുമതിയിലുണ്ടായ വര്‍ധനവിനെ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടാഴ്ച മുമ്പ് പറഞ്ഞിരുന്നു.' സുഗന്ധവ്യഞ്ജനങ്ങള്‍ ശക്തമായ രോഗപ്രതിരോധ ശേഷി ഉണ്ടാക്കുന്നതിനെക്കുറിച്ചുള്ള പരമ്പരാഗത അറിവ് പ്രകാശിപ്പിക്കാന്‍ ആയുഷ് മന്ത്രാലയം നടത്തുന്ന പരിശ്രമത്തിനു നന്ദി.ഇതു മൂലം ഇന്ത്യക്കാര്‍ സുഗന്ധവ്യഞ്ജനങ്ങള്‍ കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ലോകമാകെ ഈ പ്രവണത ശക്തമാകുന്നുമുണ്ട് -അസോചം സെക്രട്ടറി ജനറല്‍ ദീപക് സൂദ് പറഞ്ഞു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it