ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പ്രതിവര്‍ഷം കാനഡയ്ക്ക് നല്‍കുന്നത് ₹1.6 ലക്ഷം കോടി

ഉന്നത പഠനത്തിനായി കാനഡയിലേക്ക് പോകുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് പ്രതിവര്‍ഷം സംഭാവന നല്‍കുന്നുത് ഏകദേശം 2,000 കോടി ഡോളര്‍ (1.6 ലക്ഷം കോടി രൂപ). ഇന്ത്യയില്‍ നിന്ന് ഓരോ വര്‍ഷവും ഇത്രയും വലിയ തുകയാണ് കാനഡയിലേക്ക് ഒഴുകുന്നതെന്ന് ഇകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. കാനഡയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ മൊത്തം വാര്‍ഷിക ചെലവിന്റെ ഒരു പ്രധാന ഭാഗം കോളേജ് ഫീസാണ്.

കാനഡയില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള കോളേജ്/ട്യൂഷന്‍ ഫീസ് തദ്ദേശീയ വിദ്യാര്‍ത്ഥികള്‍ക്കുള്ളതിന്റെ മൂന്നിരട്ടിയാണ്. ഈ ഫീസ് ഇനത്തില്‍ 76% അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളില്‍ നിന്നാണ് വരുന്നതെന്ന് ടൊറന്റോ ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഹയര്‍ എജ്യുക്കേഷന്‍ സ്ട്രാറ്റജി അസോസിയേറ്റ്‌സിന്റെ റിപ്പോര്‍ട്ട് പറയുന്നു. അന്തര്‍ദേശീയ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരായതിനാല്‍ കാനഡയിലെ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കനേഡിയന്‍ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ളതിനേക്കാള്‍ വരുമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്നുണ്ട്.

മുന്നില്‍ പഞ്ചാബ്

കാനഡയില്‍ പഠിക്കാന്‍ പോകുന്ന പഞ്ചാബില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ അവിടെ പ്രതിവര്‍ഷം 68,000 കോടി രൂപ (ഏകദേശം 8 ബില്യണ്‍ ഡോളര്‍) ചെലവഴിക്കുന്നതായി സിഖ് പ്രവാസികളെക്കുറിച്ചുള്ള വെബ്സൈറ്റായ സിഖ് വോക്സ് വ്യക്തമാക്കി.

അവിടെ പഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും ശരാശരി കോളേജ് ഫീസും ജീവിതച്ചെലവും അടിസ്ഥാനമാക്കിയുള്ളതാണ് ഈ കണക്ക്. ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) യില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം 2022ല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി മൊത്തം 2,26,450 വീസകള്‍ അനുവദിച്ചു. ഇവരില്‍ ഏകദേശം 1.36 ലക്ഷം വിദ്യാര്‍ത്ഥികള്‍ പഞ്ചാബില്‍ നിന്നുള്ളവരാണ്. കാനഡയിലുടനീളമുള്ള വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിലവില്‍ 3.4 ലക്ഷം പഞ്ചാബി വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it