2020-ൽ ഇന്ത്യക്കാർ ദിവസവും 4.6 മണിക്കൂർ മൊബൈലിൽ ചിലവിട്ടു

ഇന്ത്യയിലെ ജനങ്ങൾ ഫോൺ ഉൾപ്പടെയുള്ള മൊബൈൽ ഉപകരണങ്ങളിൽ പ്രതിദിനം ശരാശരി ചെലവഴിക്കുന്ന സമയം 2019-ൽ ഉണ്ടായിരുന്ന 3.3 മണിക്കൂറിൽ (മൂന്നു മണിക്കൂർ 18 മിനിറ്റ്) നിന്ന് 2020-ൽ 4.6 മണിക്കൂറായി (4 മണിക്കൂർ 36 മിനിറ്റ്) ഉയർന്നതായി പുതിയ സർവ്വേ ഫലങ്ങൾ സൂചിപ്പിക്കുന്നു. ചിലവഴിക്കുന്ന സമയത്തിൽ 39.4 ശതമാനം വളർച്ചയാണ് ഇത്.

കോവിഡ് 19-നെ തുടർന്ന് ലോകമെമ്പാടുമുള്ള മിക്ക ആളുകളും അവരുടെ സമയം കൂടുതലായും വീട്ടിൽ ചെലവഴിച്ച ഒരു വർഷത്തിൽ, അതിവേഗ ഡാറ്റ നെറ്റ്‌വർക്കുകകളെയാണ് തങ്ങളുടെ ജോലിക്കായും വിനോദത്തിനായും അവർ ഉപയോഗിച്ചത് എന്നാണ് ആപ്പ് ആനിയുടെ 'സ്റ്റേറ്റ് ഓഫ് മൊബൈൽ 2021' റിപ്പോർട്ട് വ്യക്തമാക്കുന്നത്‌.
2020-ൽ ആഗോളതലത്തിൽ 218 ബില്യൺ പുതിയ ആപ്ലിക്കേഷൻ ഡൗൺലോഡുകൾ നടന്നു. ഇത് 2019-നെ അപേക്ഷിച്ച് 7 ശതമാനം വർധനവാണ് കാണിക്കുന്നത്. 96.2 ബില്യൺ ഡൗൺലോഡുകളുമായി ചൈന മുന്നിൽ നിന്നപ്പോൾ, ഇന്ത്യയിൽ ഇത് 24.27 ബില്യൺ ആയിരുന്നു. അതായത് ഓരോരുത്തരും ശരാശരി 28 ആപ്ലിക്കേഷനുകൾ പോയവർഷം ഡൗൺലോഡു ചെയ്തു.
തൽഫലമായി, ആളുകൾ മുമ്പത്തേക്കാൾ കൂടുതൽ സമയം മൊബൈൽ ഉപകരണങ്ങൾക്ക് മുന്നിൽ ചെലവഴിച്ചു. 5.2 മണിക്കൂർ എന്ന കണക്കുമായി ഇന്തോനേഷ്യയാണ് ഇക്കാര്യത്തിൽ മുന്നിൽ. ബ്രസീലിൽ ഇത് പ്രതിദിനം 4.8 മണിക്കൂറാണ്. 2020-ന്റെ രണ്ടാം പകുതിയിൽ, ആദ്യമായി അമേരിക്കക്കാർ അവരുടെ സമയം ടെലിവിഷനെക്കാൾ കൂടുതൽ മൊബൈൽ ഉപകരണങ്ങൾക്ക് മുന്നിൽ കൂടുതൽ ചെലവഴിച്ചു (4 മണിക്കൂർ). ടെലിവിഷന് മുന്നിൽ പ്രതിദിനം 3.7 മണിക്കൂർ.
ലോക്ക്ഡൗണുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന്, ആളുകൾ തമ്മിൽ തമ്മിൽ ബന്ധപ്പെടുന്നതിന് സൂം, വെബെക്സ്, ഗൂഗിൾ മീറ്റ് പോലുള്ള ബിസിനസ്സ് അപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നതിലേക്ക് മാറി. ഇന്ത്യയിൽ, ആൻഡ്രോയിഡ് ഫോണുകളിലെ ബിസിനസ് ആപ്ലിക്കേഷനുകൾ വഴി ആൾക്കാർ ചെലവഴിച്ച സമയം 2020 മൂന്നാം പാദത്തിൽ മാത്രം 3 ബില്ല്യൺ മണിക്കൂർ എന്ന നിലയിൽ എത്തി.
ലോകമെമ്പാടും, ചൈന ഒഴികെ, 2020-ൽ ഫിനാൻസ് ആപ്ലിക്കേഷനുകളിൽ ആൾക്കാർ ചെലവഴിച്ച സമയം 45 ശതമാനം ഉയർന്നു. വായ്പകൾ പോലുള്ള ധനകാര്യ സേവനങ്ങൾ, കാർ അല്ലെങ്കിൽ വീട് വാങ്ങുക പോലുള്ള പ്രധാന ആവശ്യങ്ങൾക്ക് അല്ലെങ്കിൽ വിപണിയിൽ നിക്ഷേപിക്കുന്നതിന് ആൾക്കാർ കൂടുതലായും ഫിനാൻസ് ആപ്ലിക്കേഷനുകളെയാണ് ആശ്രയിച്ചത്.
കഴിഞ്ഞ വർഷം ഇന്ത്യയിൽ, ഫിനാൻസ് ആപ്ലിക്കേഷനുകൾ ഡൗൺലോഡ് ചെയ്യുന്നതിൽ 25 ശതമാനം വർധനയുണ്ടായി. ഇവയിൽ ചിലവഴിച്ച മണിക്കൂറുകൾ 75 ശതമാനം വർധിച്ചു. ഇത് ഏഷ്യാ പസഫിക് മേഖലയിലെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണ്.
വീഡിയോ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗം കുത്തനെ വർദ്ധിക്കുന്നതും ലോക്ക്ഡൗൺ കാലത്തു കണ്ടു. 2019-നെ അപേക്ഷിച്ച് 2020 അവസാന പാദത്തിൽ സ്ട്രീമിംഗ് ആപ്ലിക്കേഷനുകളുടെ ഉപയോഗത്തിൽ ഇന്ത്യയിൽ 33 ശതമാനം വർധനയുണ്ടായി. സർവേയിൽ പങ്കെടുത്ത മാർക്കറ്റുകളിലുടനീളം, ചൈനയൊഴികെ, ഏറ്റവും കൂടുതൽ ആൾക്കാർ വീഡിയോ സ്ട്രീമിംഗ് സേവനങ്ങൾക്ക് യൂട്യൂബിനെയാണ് ആശ്രയിച്ചത്. ഇന്ത്യയിൽ, യൂട്യൂബിന് ശേഷം കൂടുതൽ പേർ ആശ്രയിച്ചത് എംഎക്സ് പ്ലെയർ, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ആപ്ലിക്കേഷനുകളെയാണ് .
സോഷ്യൽ മെസേജിംഗിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ ഉപയോക്താവ് എല്ലാ മാസവും 21.3 മണിക്കൂർ വാട്ട്സ്ആപ്പിൽ ചെലവഴിച്ചു. ഇന്ത്യക്കാർ 17.1 മണിക്കൂർ ഫേസ്ബുക്കിലും 9.8 മണിക്കൂർ ഇൻസ്റ്റാഗ്രാമിലും ഓരോ മാസവും കഴിഞ്ഞ വർഷം ചെലവഴിച്ചു.


Related Articles

Next Story

Videos

Share it