

ഇന്ത്യയുടെ ബജറ്റ് ഇത്തവണ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത് ഒന്നേകാല്‍ മണിക്കൂര്‍ കൊണ്ടാണ്. കൊച്ചു കേരളത്തിന്റെ ബജറ്റ് അവതരണം രണ്ടര മണിക്കൂര്‍ നീണ്ടു -ഇരട്ടി സമയം. വിവിധ നികുതികള്‍ മാത്രമല്ല, സര്‍ക്കാറിന്റെ വാര്‍ത്താവിതരണ, പ്രചാരണ കാര്യങ്ങള്‍ക്കും കേരള ബജറ്റില്‍ തുക വര്‍ധിപ്പിച്ചു. ആറു കോടി കൂടി കൂട്ടി 44 കോടിയാക്കി. ഇതില്‍ തെളിയുന്ന ഒരു കാര്യമുണ്ട്. സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല എന്നല്ല. ചെയ്യുന്നതിനേക്കാള്‍, അത് പെരുപ്പിച്ചു പറയാനുള്ള വ്യഗ്രത -അത് ബജറ്റില്‍ വളരെ പ്രകടം. പ്രധാനപ്പെട്ടതു മാത്രം പറഞ്ഞാല്‍ മതിയെന്നു പറഞ്ഞ് സ്പീക്കര്‍ തന്നെ ഒരുഘട്ടത്തില്‍ ഇടപെട്ടു.
ഈ ബജറ്റിന്റെ ദീര്‍ഘവീക്ഷണത്തെക്കുറിച്ച് ഭിന്നമായ കാഴ്ചപ്പാടുകള്‍ ഉണ്ടാവും. എന്നാല്‍ ഭരണത്തെ നയിക്കുന്നവരുടെ ദീര്‍ഘവീക്ഷണം പ്രത്യേകമായി തെളിഞ്ഞു നില്‍പ്പുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പു വരാന്‍ പോകുകയാണ്. അതുകൊണ്ട് പഞ്ചായത്തുകളെയും നഗരസഭകളെയും കേന്ദ്രീകരിച്ചുള്ള കൊച്ചുകൊച്ചു വികസന പദ്ധതി പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നിറഞ്ഞു നില്‍ക്കുന്നു. ഇതിനൊക്കെ വിഹിതവും കൃത്യമായ കര്‍മപദ്ധതിയും എത്രത്തോളമുണ്ട്? ചോദ്യം ബാക്കി. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കേ, കുടുംബ സഹായങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിയതായി കാണാം. ലൈഫ് പദ്ധതി, കാരുണ്യ പദ്ധതി, കെ-ഹോംസ്, ഉള്‍നാടന്‍ വര്‍ക്ക് സ്‌പേസ്, പഞ്ചായത്തുകളുടെയും മറ്റും 'മിച്ച'ഭൂമി വിനിയോഗം എന്നിവക്കുള്ള പ്രത്യേക പരിഗണന ഉദാഹരണം.
കേന്ദ്രത്തിന്റെ അവഗണനയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ബജറ്റില്‍. അത് കേരളത്തിന്റെ പൊതുവായ പരാതിയുമാണ്. കേന്ദ്ര അവഗണനക്ക് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ, കേട്ടു തഴമ്പിച്ച പണഞെരുക്ക കഥയുടെ അലകും പിടിയും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിനു മുമ്പ് ഒന്നു മാറ്റിപ്പണിത് സര്‍ക്കാറിന്റെ പ്രതിഛായ മെച്ചപ്പെടുത്താനുള്ള ഉദ്യമം ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി തുടങ്ങി വെച്ചിട്ടുണ്ട്. പണഞെരുക്കം കേരളം അതിജീവിച്ചു തുടങ്ങിയെന്നും വരുംവര്‍ഷങ്ങളില്‍ ധനസ്ഥിതി ഏറെ മെച്ചപ്പെടുമെന്നുമാണ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ ഇപ്പോള്‍ വിശദീകരിക്കുന്നത്. എന്നാല്‍, ശരിക്കും അതിജീവിച്ചു തുടങ്ങിയോ?
വ്യവസായവും സംരംഭകത്വവും പ്രോത്‌സാഹിപ്പിക്കുന്ന നയമാണ് സര്‍ക്കാറിനുള്ളതെന്ന് സമര്‍ഥിക്കാന്‍ ബജറ്റ് ശ്രമിച്ചിട്ടുണ്ട്. അതിനു തക്ക വിഹിതവും വീക്ഷണവും വേണ്ടത്ര പ്രതിഫലിക്കാന്‍ ബാക്കിയുണ്ട്. ഏതായാലും മുഖ്യമന്ത്രിയുടെ സ്വന്തം ധര്‍മടം ആഗോള ക്ഷീരഗ്രാമമാക്കാന്‍ പോവുകയാണ്. ബജറ്റില്‍ 133 കോടി ഇതിനായി നീക്കിവെച്ചു. ഭൂനികുതി കൂട്ടിയതിലൂടെ മാത്രം സര്‍ക്കാര്‍ സമാഹരിക്കുന്നതാകട്ടെ, 100 കോടി. ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ നാടായ കൊല്ലത്തിനും കിട്ടി, പ്രത്യേകമായൊരു പരിഗണന. എന്നാല്‍ 'ഭാവി കേരളം' എന്ന ബജറ്റ് മുദ്രാവാക്യത്തിനൊത്ത ദീര്‍ഘവീക്ഷണം ശരിയായ തോതില്‍ ബജറ്റില്‍ കാണുന്നുണ്ടോ?
ക്ഷേമപെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നൊരു ഊഹാപോഹം ബജറ്റിനു മുമ്പ് കറങ്ങി നടന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. പിണറായി സര്‍ക്കാറിന് രണ്ടാമൂഴം നല്‍കുന്നതില്‍ പ്രധാന പ്രലോഭനമായി മാറിയ ഇനങ്ങളായിരുന്നു പെന്‍ഷന്‍, റേഷന്‍ കിറ്റ് എന്നിവയെന്ന വിമര്‍ശനം വ്യാപകമായിരുന്നു. മൂന്നാമൂഴത്തിനുള്ള പ്രലോഭന ഇനമായി പെന്‍ഷന്‍ വര്‍ധന അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്ന് കരുതുന്നവര്‍ ഏറെ. 12-ാം ശമ്പള കമീഷന്‍ ഇല്ലാതെ പോയതിനു നഷ്ടപരിഹാരമെന്നോണം ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പോക്കറ്റിലേക്ക് വിവിധ പ്രഖ്യാപനങ്ങളിലൂടെ 2,500 കോടി വെച്ചു കൊടുത്തിട്ടുണ്ട് ധനമന്ത്രി.
ഭൂനികുതി, വാഹന നികുതി, കോടതി ഫീസ് തുടങ്ങിയവ വര്‍ധിപ്പിക്കുക വഴി അടുത്ത വര്‍ഷത്തെ അധിക വിഭവ സമാഹരണ ലക്ഷ്യം 366 കോടി രൂപയാണ്. റവന്യൂ കമ്മി അപ്പോഴും 27,125 കോടിയോളമുണ്ട്. റവന്യൂ വരവ് 1.52 ലക്ഷം കോടി, ചെലവ് 1.79 ലക്ഷം കോടി. പൊതു കടം 40,848 കോടി. നടപ്പു വര്‍ഷത്തെ പൊതുകടം അതിലും കുറവ്, 40,606 കോടിയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine