ആത്മനിര്‍ഭര്‍ ഭാരത്; രാജ്യത്തെ പ്രതിരോധ ഉത്പാദനം ഒരു ലക്ഷം കോടി രൂപ കവിഞ്ഞു

ഇന്ത്യയുടെ ആഭ്യന്തര പ്രതിരോധ ഉത്പാദനം കഴിഞ്ഞവര്‍ഷം ചരിത്രത്തിലാദ്യമായി ഒരുലക്ഷം കോടി രൂപയെന്ന നാഴികക്കല്ല് പിന്നിട്ടു. ഇതുവരെ പുറത്തുവന്ന കണക്കുകള്‍ പ്രകാരം 2021-22ലെ 95,000 കോടി രൂപയേക്കാള്‍ 12 ശതമാനം വർധനയോടെ 1.06 ലക്ഷം കോടി രൂപയുടെ ഉത്പാദനമാണ് കഴിഞ്ഞവര്‍ഷം നടന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ഏതാനും സ്വകാര്യ കമ്പനികളില്‍ നിന്നുള്ള ഉത്പാദനക്കണക്കുകള്‍ കൂടി ലഭ്യമാകാനുണ്ടെന്നും അതുകൂടിച്ചേരുമ്പോള്‍ ഉത്പാദനമൂല്യം ഇതിലും ഉയരുമെന്നും അധികൃതര്‍ പറഞ്ഞു.

'ആത്മനിര്‍ഭര്‍ ഭാരത്' എന്ന ലക്ഷ്യത്തിന് വേണ്ടിയുള്ള പ്രതിരോധ മന്ത്രാലയത്തിന്റെ (MoD) ശ്രമങ്ങള്‍ പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും സ്വകാര്യ വ്യവസായത്തിനും മികച്ച ഫലം നല്‍കുന്നവെന്ന് ഈ വര്‍ധന കാണിക്കുന്നതായി ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രകടനത്തെ അഭിനന്ദിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ട്വീറ്റ് ചെയ്തു.

നയ പരിഷ്‌കരണങ്ങള്‍ സഹായിച്ചു

വിതരണ ശൃംഖലയിലേക്ക് ചില വ്യവസായങ്ങളെ ഉള്‍പ്പെടുത്തികൊണ്ട് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിന് പ്രതിരോധ മന്ത്രാലയം ചില നയ പരിഷ്‌കരണങ്ങള്‍ സ്വീകരിച്ചിരുന്നു. ഇതിന്റെ ഫലം കൂടിയാണ് ഈ വളര്‍ച്ചയെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഈ നയങ്ങള്‍ വന്നതോടെ പ്രതിരോധ ഉത്പാന്നങ്ങളുടെ രൂപകല്‍പ്പന, വികസനം, ഉല്‍പ്പാദനം എന്നിവയില്‍ പല ചെറുകിട, ഇടത്തരം സംരംഭങ്ങളും സ്റ്റാര്‍ട്ടപ്പുകളും ഉള്‍പ്പെടെയുള്ള വ്യവസായങ്ങള്‍ താത്പര്യം പ്രകടിപ്പിച്ചു.

ചില സ്വകാര്യ കമ്പനികള്‍ ഇതിനകം കേന്ദ്രത്തെ സമീപിച്ചിട്ടുമുണ്ട്. കഴിഞ്ഞ 7-8 വര്‍ഷത്തിനുള്ളില്‍ വ്യവസായങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച പ്രതിരോധ ലൈസന്‍സുകളുടെ എണ്ണത്തില്‍ ഏകദേശം 200 ശതമാനം വര്‍ധനയുണ്ട്. പ്രതിരോധ സാമഗ്രികളുടെ ലോകത്തിലെ ഏറ്റവും വലിയ ഇറക്കുമതി രാജ്യം ഇന്ത്യയാണ്. അതിനാല്‍ വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ സര്‍ക്കാര്‍ പ്രാദേശിക ഉത്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണിത്.

Related Articles
Next Story
Videos
Share it