2 വര്‍ഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ കയറ്റുമതി ചുരുങ്ങി, കാരണം ഇതാണ്

കഴിഞ്ഞ 20 മാസത്തിനിടെ ആദ്യമായി ഒക്ടോബറില്‍ ഇന്ത്യയുടെ കയറ്റുമതി ചുരുങ്ങുകയാണ് ചെയ്തത്. 16.65 ശതമാനം ഇടിഞ്ഞ് 29.75 ബില്യണ്‍ ഡോളറിന്റേതായിരുന്നു രാജ്യത്തിന്റെ കയറ്റുമതി. ഇറക്കുമതി എട്ട് മാസത്തത്തെ താഴ്ന്ന നിലയിലാണെങ്കിലും മുന്‍മാസത്തെ അപേക്ഷിച്ച് 5.7 ശതമാനം ഉയര്‍ന്ന് 56.9 ബില്യണ്‍ ഡോലറിലെത്തി. 26.91 ബില്യണ്‍ ഡോളറാണ് രാജ്യത്തിന്റെ വ്യാപാരക്കമ്മി.

ഇന്ത്യ ഏറ്റവുമധികം സാധനങ്ങള്‍ കയറ്റി അയക്കുന്ന 10ല്‍ എഴ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയും ഒക്ടോബറില്‍ ഇടിഞ്ഞു. സാമ്പത്തിക മാന്ദ്യ ഭീക്ഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ഇറക്കുമതി കുറയ്ക്കുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം യുഎസ്, യുഎഇ, ചൈന, സൗദി അറേബ്യ, ബംഗ്ലാദേശ് അടക്കമുള്ള രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയില്‍ ഇടിവ് രേഖപ്പെടുത്തി.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് യുഎസിലേക്കുള്ള കയറ്റുമതി 25.6 ശതമാനം ആണ് ഇടിഞ്ഞത്. 5383 ബില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് യുഎസിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ കയറ്റുമതിയില്‍ ഒന്നാമതുള്ള രാജ്യമാണ് യുഎസ്. രണ്ടാംസ്ഥാനത്തുള്ള യുഎഇയിലേക്കുള്ള കയറ്റുമതില്‍ (1,989 മില്യണ്‍ ഡോളര്‍) ഉണ്ടായത് 18 ശതമാനത്തിന്റെ കുറവാണ്.

ചൈനയിലേക്കുള്ള കയറ്റുമതി 47.5 ശതമാനം ഇടിഞ്ഞപ്പോള്‍ ബംഗ്ലേദേശിലേക്കുള്ളത് 52.5 ശതമാനം ആണ് ഇടിഞ്ഞത്. സൗദി അറേബ്യ (20.4 %) , ഹോങ്കോംഗ് (23.6 %) എന്നീ രാജ്യങ്ങശിസേക്കുള്ള കയറ്റുമതിയിലും ഇടിവുണ്ടായി. എന്നാല്‍ നെതര്‍ലന്‍ഡ്, ബ്രസീല്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളിലേക്കുള്ള കയറ്റുമതി ഉയര്‍ന്നു. ആദ്യ പത്തിലുള്ള രാജ്യങ്ങളുടെ മൊത്തം കണക്കെടുത്താല്‍ കയറ്റുമതിയില്‍ 16.6 ശതമാനം ഇടിവാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉണ്ടായത്. 29,782 മില്യണ്‍ ഡോളറിന്റെ സാധനങ്ങളാണ് ഈ രാജ്യങ്ങളിലേക്ക് കയറ്റി അയച്ചത്. ഇന്ത്യയുടെ ആകെ കയറ്റുമതിയുടെ 47 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്.

ഇറക്കുമതിയുടെ കാര്യത്തിലേക്ക് വന്നാലും ഇടിവ് പ്രകടമാണ്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 9.7 ശതമാനം കുറഞ്ഞു. ഇന്ത്യ ഏറ്റവും കൂടുതല്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നാണ്. യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിയും കുറഞ്ഞു. 30.9 ശതമാനത്തിന്റെ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതിയില്‍ ഉണ്ടായത്. ഇറക്കുമതിയില്‍ ആദ്യ പത്തിലുള്ള ഈ മൂന്ന് രാജ്യങ്ങളൊഴികെ മറ്റ് വ്യാപാര പങ്കാളികളില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ന്നു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് റഷ്യയില്‍ നിന്നുള്ള ഇറക്കുമതി ഉയര്‍ന്നത് 441.4 ശതമാനം ആണ്.

Related Articles

Next Story

Videos

Share it