ചെങ്കടല്‍ പ്രതിസന്ധിക്കിടയിലും ചരക്ക് കയറ്റുമതിയില്‍ 3.12% വളര്‍ച്ചയുമായി ഇന്ത്യ

ചെങ്കടലിലെ ആക്രമണഭീഷണിയ്ക്കും ആഗോള സാമ്പത്തിക മാന്ദ്യസൂചനകള്‍ക്കും ഇടയിൽ ജനുവരിയില്‍ ഇന്ത്യയുടെ ചരക്ക് കയറ്റുമതിയില്‍ 3.12 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇതോടെ ഈ കാലയളവില്‍ രാജ്യത്തിന്റെ ചരക്ക് കയറ്റുമതി 36.92 ബില്യണ്‍ ഡോളറിലെത്തിയതായി കേന്ദ്ര വാണിജ്യ വകുപ്പ് അറിയിച്ചു. ഇലക്ട്രോണിക്‌സ്, എന്‍ജിനീയറിംഗ് ഗുഡ്‌സ്, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ മേഖലകളാണ് കയറ്റുമതിയില്‍ മുന്നിട്ടു നിന്നത്. ജനുവരിയില്‍ ഇറക്കുമതി 2.99 ശതമാനം വര്‍ധിച്ച് 54.41 ബില്യണ്‍ ഡോളറിലെത്തി. വ്യാപാര കമ്മി 17.49 ബില്യണ്‍ ഡോളറാണ്.

2023-24 ഏപ്രില്‍-ജനുവരി കാലയളവില്‍ കയറ്റുമതി 4.89 ശതമാനം ഇടിഞ്ഞ് 353.92 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതി 6.71 ശതമാനം കുറഞ്ഞ് 561.12 ബില്യണ്‍ ഡോളറിലും. ഈ കാലയളവിലെ വ്യാപാര കമ്മി 207.20 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചെങ്കടലില്‍ ഹൂതികളുടെ ആക്രമണം തുടര്‍ന്നാല്‍ സ്ഥിതിഗതികള്‍ വഷളാകുമെന്ന ആശങ്കയിലാണ് കയറ്റുമതിക്കാരെന്ന് കയറ്റുമതിക്കാരുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്‍ട്ട് ഓര്‍ഗനൈസേഷന്‍സ് പറയുന്നു.

യൂറോപ്പിലേക്കും യു.എസിലേക്കും കിഴക്കന്‍ തീരത്തേക്കും കയറ്റുമതിക്കായി ചെങ്കടല്‍ ഒഴിവാക്കിയുള്ള മാര്‍ഗം കേപ് ഓഫ് ഗുഡ് ഹോപ്പ് വഴിയാണുള്ളത്. എന്നാല്‍ ഇത് ഏറെ സമയനഷ്ടമുണ്ടാക്കുന്നതും ചെലവേറിയതുമാണെന്ന് അവര്‍ പറയുന്നു. രാജ്യം പുതിയ കരാറുകളില്‍ ഏര്‍പ്പെടുമ്പോള്‍ കെനിയയും ദക്ഷിണാഫ്രിക്കയും പോലുള്ള പ്രതിസന്ധി ബാധിക്കാത്ത ചില രാജ്യങ്ങളുമായി കരാറുണ്ടാക്കുന്നതും നല്ലതാണെന്ന് ചില കയറ്റുമതിക്കാര്‍ അഭിപ്രായപ്പെടുന്നു.


Related Articles

Next Story

Videos

Share it