ട്രംപിന്റെ ഇരട്ട താരിഫ്: ഇന്ത്യയുടെ യുഎസ് കയറ്റുമതിയില്‍ കുത്തനെ ഇടിവ്, 3,500 കോടി ഡോളർ വരെ നഷ്ടത്തിന് സാധ്യത

സെപ്റ്റംബറില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയിൽ കൂടുതൽ കുത്തനെയുളള ഇടിവ് ഉണ്ടാകുമെന്നാണ് കരുതുന്നത്
trump, india
Image courtesy: Canva, facebook.com/DonaldTrump
Published on

യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മിക്ക ഉല്‍പ്പന്നങ്ങള്‍ക്കും താരിഫ് 50 ശതമാനമായി ഉയര്‍ത്തിയതിനെ തുടര്‍ന്ന് യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയില്‍ കുറവ്. യുഎസിലേക്കുള്ള ഓഗസ്റ്റിലെ കയറ്റുമതി ജൂലൈയെ അപേക്ഷിച്ച് 16.3 ശതമാനം കുറഞ്ഞ് 6.7 ബില്യൺ ഡോളറായതായി ആഗോള വ്യാപാര വിശകലന സ്ഥാപനമായ ജി.ടി.ആര്‍.ഐ (Global Trade Research Initiative) വ്യക്തമാക്കി. 2025 ലെ ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ഓഗസ്റ്റില്‍ രേഖപ്പെടുത്തിയത്.

ജൂലൈയിൽ കയറ്റുമതി ജൂണിനെ അപേക്ഷിച്ച് 3.6 ശതമാനം ഇടിഞ്ഞ് 8 ബില്യൺ ഡോളറായി. മെയ് മാസത്തെ അപേക്ഷിച്ച് ജൂൺ മാസത്തിൽ കയറ്റുമതി 5.7 ശതമാനം ഇടിഞ്ഞ് 8.3 ബില്യൺ ഡോളറിലെത്തി.

തിരിച്ചടി ജൂണ്‍ മുതല്‍

ഏപ്രിൽ 4 വരെ ഇന്ത്യൻ ഉൽപ്പന്നങ്ങൾ സാധാരണ താരിഫ് നിരക്കിലാണ് യുഎസിൽ പ്രവേശിച്ചത്. ഏപ്രിൽ 5 മുതൽ ട്രംപ് ഭരണകൂടം എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം താരിഫ് ഏർപ്പെടുത്തി. യുഎസിലെ ഇറക്കുമതിക്കാർ മുൻകൂർ വാങ്ങലുകള്‍ക്ക് താല്‍പ്പര്യം കാണിച്ചതിനാല്‍ മെയ് മാസത്തില്‍ കയറ്റുമതി ഏപ്രിലിനെ അപേക്ഷിച്ച് 4.8 ശതമാനം ഉയർന്ന് 8.8 ബില്യൺ യുഎസ് ഡോളറായി. ഉയര്‍ന്ന തീരുവയും ഓരോ രാജ്യത്തിനും പ്രത്യേക താരിഫ് നിശ്ചയിക്കുമെന്ന മുന്നറിയിപ്പും ജൂണ്‍ മാസം മുതല്‍ ഇന്ത്യക്ക് തിരിച്ചടിയായി. ഓഗസ്റ്റില്‍ മിക്ക ഉൽപ്പന്നങ്ങൾക്കും താരിഫ് 50 ശതമാനമായി.

നഷ്ടം ഇനിയും കൂടും

ഉയര്‍ന്ന തീരുവ മൂലം ഇന്ത്യന്‍ ഉൽപ്പന്നങ്ങള്‍ക്ക് യു.എസ് വിപണിയില്‍ വിലയില്‍ കാര്യമായ വര്‍ധന ഉണ്ടായി. ഇത് ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ മത്സരക്ഷമതയെ ഇല്ലാതാക്കി. കൂടാതെ യുഎസിലെ ഇറക്കുമതിക്കാര്‍ ഓർഡറുകൾ ബദൽ വിതരണക്കാരിലേക്ക് മാറ്റിയതും കയറ്റുമതി ഇടിയാനുളള കാരണമാണ്.

സെപ്റ്റംബറില്‍ ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളുടെ കയറ്റുമതിയില്‍ കൂടുതൽ കുത്തനെയുളള ഇടിവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. താരിഫ് സമ്മര്‍ദം മൂലം വസ്ത്രങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, തുകൽ, ചെമ്മീൻ, പരവതാനികൾ തുടങ്ങിയ തൊഴിൽ മേഖലകൾ കടുത്ത സമ്മർദ്ദത്തിലാണ്. ഈ മേഖലകളിലെ മൊത്തം കയറ്റുമതിയുടെ 30 മുതല്‍ 60 ശതമാനം വരെ യുഎസിലേക്കാണ്.

2026 സാമ്പത്തിക വർഷം അവസാനം വരെ 50 ശതമാനം താരിഫുകൾ തുടർന്നാൽ യുഎസ് കയറ്റുമതിയിൽ ഇന്ത്യയ്ക്ക് 3,000-3,500 കോടി യുഎസ് ഡോളര്‍ നഷ്ടമാകുമെന്നാണ് ജി.ടി.ആര്‍.ഐ കണക്കാക്കുന്നത്.

India’s exports to the US slump due to Trump’s 50% tariff hike, risking $3,500 crore loss by FY 2026.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com