ധനക്കമ്മി 16.5 ലക്ഷം കോടി; പക്ഷേ, പുതിയ സർക്കാരിന് സന്തോഷിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ധനക്കമ്മി (FY24 Fiscal Deficit) 16.54 ലക്ഷം കോടി രൂപ. കേന്ദ്രം ബജറ്റില്‍ പ്രതീക്ഷിച്ച 17.86 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് ധനക്കമ്മി കുറഞ്ഞത് ആശ്വാസമാണ്.
അതായത്, ജി.ഡി.പിയുടെ 5.8 ശതമാനം ധനക്കമ്മി പ്രതീക്ഷിച്ചിടത്ത് 5.6 ശതമാനമായി കുറഞ്ഞു. നികുതികളിലൂടെ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം നേടിയത് 23.27 കോടി രൂപയുടെ വരുമാനമാണ്. ബജറ്റ് പ്രതീക്ഷയും കടന്ന് വരുമാനം 100.1 ശതമാനത്തിലെത്തി.
അതേസമയം, ചെലവ് കുറഞ്ഞതും സര്‍ക്കാരിന് നേട്ടമായി. 44.43 ലക്ഷം കോടി രൂപയായിരുന്നു കഴിഞ്ഞവര്‍ഷത്തെ ചെലവ്. ഇത് ബജറ്റ് പ്രതീക്ഷയുടെ 99 ശതമാനമാണ്. 9.49 ലക്ഷം കോടി രൂപയാണ് അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ക്കായി കഴിഞ്ഞവര്‍ഷം കേന്ദ്രം ചെലവിട്ടത്.
പുതിയ സര്‍ക്കാരിനെ കാത്ത് നേട്ടങ്ങള്‍
പൊതുവേ ജി.ഡി.പിയുടെ 3-3.5 ശതമാനമായി ധനക്കമ്മി നിയന്ത്രിക്കുകയെന്നതായിരുന്നു കീഴ്‌വഴക്കം. കൊവിഡ് കാലത്ത് (2020-21) പക്ഷേ, കേന്ദ്രത്തിന്റെ ധനക്കമ്മി 9 ശതമാനത്തിന് മുകളിലേക്ക് കുതിച്ചുയര്‍ന്നു.
കഴിഞ്ഞവര്‍ഷത്തെ ആദ്യലക്ഷ്യം 5.9 ശതമാനമായിരുന്നെങ്കിലും ബജറ്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ഇത് 5.8 ശതമാനമായി കുറച്ചു. 5.1 ശതമാനമാണ് നടപ്പുവര്‍ഷത്തെ (2024-25) ലക്ഷ്യം. 2025-26ല്‍ ഉന്നമിടുന്നത് 4.5 ശതമാനവും.
നികുതി വരുമാനം ഉഷാറാക്കിയും സബ്‌സിഡി വെട്ടിക്കുറയ്ക്കുന്നതുള്‍പ്പെടെ ചെലവ് ചുരുക്കിയും ധനക്കമ്മി നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. എന്നാല്‍, കേന്ദ്രത്തില്‍ ഉടന്‍ അധികാരത്തിലേറുന്ന അടുത്ത സര്‍ക്കാരിനെ കാത്തിരിക്കുന്നത് ആശ്വാസക്കണക്കുകളാണ്.
റിസര്‍വ് ബാങ്കില്‍ നിന്ന് ലഭിച്ച 2.11 ലക്ഷം കോടി രൂപയുടെ 'അപ്രതീക്ഷിത ബമ്പര്‍ ലാഭവിഹിതമാണ്' അതില്‍ പ്രധാനം. കടംവാങ്ങി പദ്ധതികള്‍ നടപ്പാക്കുന്നത് കുറയ്ക്കാന്‍ അടുത്ത സര്‍ക്കാരിന് ഇത് സഹായിക്കും. ഇത് ധനക്കമ്മി കുറയ്ക്കാനും സഹായകമാകും.
മറ്റൊന്ന്, പ്രതീക്ഷകളെ കടത്തിവെട്ടി ഉയരുന്ന നികുതി വരുമാനമാണ്. കഴിഞ്ഞവര്‍ഷം അറ്റ പ്രത്യക്ഷ നികുതി വരുമാനമായി (net direct tax collection) ലക്ഷ്യമിട്ടത് 18.23 ലക്ഷം കോടി രൂപയായിരുന്നെങ്കില്‍ സര്‍ക്കാരിന് ലഭിച്ചത് 19.58 ലക്ഷം കോടി രൂപയാണ്. ജി.എസ്.ടി വരുമാനം 11.7 ശതമാനം കുതിച്ച് 20.14 ലക്ഷം കോടി രൂപയുമായി.

Related Articles

Next Story

Videos

Share it