തുടര്‍ച്ചയായി ഒമ്പതാം ആഴ്ചയിലും ഇടിഞ്ഞ് ഫോറെക്‌സ് റിസര്‍വ്

രാജ്യത്തെ വിദേശനാണ്യ കരുതല്‍ ശേഖരം (ഫോറെക്‌സ് റിസര്‍വ്-Forex Reserve) തുടര്‍ച്ചയായി ഒമ്പതാം ആഴ്ചയിലും ഇടിഞ്ഞു. മെയ് 6ന് അവസാനിച്ച ആഴ്ചയില്‍ 1.77 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് ഫോറെക്‌സ് റിസര്‍വ് 595.95 ബില്യണ്‍ ഡോളറിലെത്തി. റിസര്‍വ് ബാങ്ക് ആണ് ഇതു സംബന്ധച്ച കണക്കുകള്‍ പ്രസിദ്ധീകരിച്ചത്.

തൊട്ട് മുന്‍പത്തെ ആഴ്ചയില്‍ 2.695 ബില്യണ്‍ ഡോളര്‍ ഇടിഞ്ഞ് ഫോറെക്‌സ് റിസര്‍വ് 600 ബില്യണ്‍ ഡോളറിന് താഴെ എത്തിയിരുന്നു. 2021 സെപ്റ്റംബറില്‍ 3ന് 642.45 ബില്യണ്‍ ഡോളറെന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ ശേഷം റിസര്‍വ് ഇടിയുകയാണ്. മാര്‍ച്ച് 2022 വരെയുള്ള ആറുമാസത്തിനിടെ 28.05 ബില്യണ്‍ ഡോളറിന്റെ കുറവാണ് ഫോറെക്‌സ് റിസര്‍വില്‍ ഉണ്ടായത്.

ഫോറിന്‍ കറന്‍സി അസറ്റില്‍ (FCA) ഉണ്ടായ ഇടിവാണ് കരുതല്‍ ശേഖരം കുറയാന്‍ കാരണം. മെയ് ആറിന് അവസാനിച്ച ആഴ്ചയില്‍ എഫ്‌സിഎ 1.968 ബില്യണ്‍ കുറഞ്ഞ് 530.855 ബില്യണ്‍ ഡോളറിലെത്തി.അതേ സമയം സ്വര്‍ണ ശേഖരം 135 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 41.739 ബില്യണ്‍ ഡോളറായി.

അന്താരാഷ നാണയ നിധിയുമായി ബന്ധപ്പെട്ട രാജ്യത്തിന്റെ എസ്ഡിആര്‍ (Special Drawing Rights) 70 മില്യണ്‍ ഡോളര്‍ വര്‍ധിച്ച് 18.370 ബില്യണ്‍ ഡോളറിലെത്തി. യുഎസ് ഡോളര്‍, യൂറോ, ജാപ്പനീസ് യെന്‍, പൗണ്ട് സ്റ്റെര്‍ലിംഗ്, ചൈനീസ് റെന്‍മിന്‍ബി എന്നിവ അടങ്ങിയതാണ് എസ്ഡിആര്‍.

Related Articles

Next Story

Videos

Share it