റിസര്‍വ് ബാങ്കിന്റെ കൈയില്‍ ₹4.28 ലക്ഷം കോടിയുടെ സ്വര്‍ണം; വിദേശ നാണയശേഖരത്തിലും കുതിപ്പ്

തുടര്‍ച്ചയായ അഞ്ചാംവാരമാണ് വിദേശ നാണയശേഖരം ഉയരുന്നത്
RBI logo, Dollar and Gold
Image : Canva
Published on

ഇന്ത്യയുടെ വിദേശ നാണയ കരുതല്‍ ശേഖരം (Forex Reserves) മാര്‍ച്ച് 22ന് സമാപിച്ച ആഴ്ചയില്‍ 14 കോടി ഡോളറിന്റെ വര്‍ധനയുമായി 64,263.1 കോടി ഡോളറിലെത്തിയെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി. ഇത് എക്കാലത്തെയും ഉയരമാണ്. തുടര്‍ച്ചയായ അഞ്ചാംവാരമാണ് വിദേശ നാണയശേഖരം ഉയരുന്നത്.

തൊട്ടുമുമ്പത്തെ ആഴ്ചയില്‍ 639.6 കോടി ഡോളറിന്റെ വര്‍ധനയും ശേഖരത്തിലുണ്ടായിരുന്നു. വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (FPIs) ഇന്ത്യന്‍ മൂലധന (ഓഹരി, കടപ്പത്രം) വിപണിയിലേക്ക് വന്‍തോതില്‍ പണമൊഴുക്കുന്നതും ഡോളറിന്റെയടക്കം വിദേശ കറന്‍സികളുടെ മൂല്യവര്‍ധനയും വിദേശ നാണയശേഖരം ഉയരാന്‍ വഴിയൊരുക്കി.

കരുതല്‍ സ്വര്‍ണത്തിലും കുതിപ്പ്

വിദേശ നാണയശേഖരത്തിലെ മുഖ്യഘടകമായ വിദേശ കറന്‍സി ആസ്തി (Foreign Currencey Assets) പക്ഷേ, മാര്‍ച്ച് 22ന് അവസാനിച്ച വാരത്തില്‍ 12.3 കോടി ഡോളര്‍ താഴ്ന്ന് 56,826.4 കോടി ഡോളറായി. വിദേശ നാണയശേഖരം ഡോളറിലാണ് രേഖപ്പെടുത്തുന്നതെങ്കിലും അതില്‍ ഡോളറിന് പുറമേ യെന്‍, യൂറോ, പൗണ്ട് തുടങ്ങിയവയും ഉണ്ടാകാറുണ്ട്.

റിസര്‍വ് ബാങ്കിന്റെ കൈവശമുള്ള കരുതല്‍ സ്വര്‍ണശേഖരം മാര്‍ച്ച് 22ന് അവസാനിച്ച ആഴ്ചയില്‍ 34.7 കോടി ഡോളര്‍ ഉയര്‍ന്ന് 5,148.7 കോടി ഡോളറായി. അതായത്, 4.28 ലക്ഷം കോടി രൂപയുടെ കരുതല്‍ സ്വര്‍ണശേഖരം റിസര്‍വ് ബാങ്കിന്റെ പക്കലുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com