പ്രവചനങ്ങള്‍ തൂത്തെറിഞ്ഞ് ഇന്ത്യന്‍ ജി.ഡി.പി; കഴിഞ്ഞവര്‍ഷം 8.2% വളര്‍ച്ചാക്കുതിപ്പ്, നാലാംപാദത്തില്‍ വീഴ്ച

ആഗോള സാമ്പത്തികരംഗത്ത് അനിശ്ചിതത്വങ്ങള്‍ നിറഞ്ഞാടിയിട്ടും പ്രവചനങ്ങളെ കാറ്റില്‍പ്പറത്തി ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന (fastest growing major economy) നേട്ടം നിലനിറുത്തി ഇന്ത്യ. കഴിഞ്ഞ സാമ്പത്തികവര്‍ഷം (2023-24) ഇന്ത്യന്‍ ജി.ഡി.പി 8.2 ശതമാനം വളര്‍ന്നുവെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (NSO) വ്യക്തമാക്കി.
2022-23ല്‍ വളര്‍ച്ചാനിരക്ക് 7 ശതമാനമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ 7.6 ശതമാനവും റിസര്‍വ് ബാങ്ക് 7.3 ശതമാനവും എസ്.ബി.ഐ റിസര്‍ച്ച് 8 ശതമാനവും മറ്റ് പ്രമുഖ ഗവേഷണസ്ഥാപനങ്ങളും നിരീക്ഷകരും 6.9 ശതമാനം വരെയും വളര്‍ച്ചയാണ് പ്രവചിച്ചിരുന്നത്.
നാലാംപാദത്തില്‍ നേരിയ ക്ഷീണം
അതേസമയം, കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ അവസാനപാദമായ ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി വളര്‍ച്ച മുന്‍പാദങ്ങളെ അപേക്ഷിച്ച് താഴ്ന്നു. 7.8 ശതമാനമാണ് കഴിഞ്ഞപാദ ജി.ഡി.പി വളര്‍ച്ച. കഴിഞ്ഞ 4 പാദങ്ങളിലെ ഏറ്റവും താഴ്ന്ന വളര്‍ച്ചയാണിത്. 2023-24ലെ ആദ്യപാദത്തില്‍ (ഏപ്രില്‍-ജൂണ്‍) 8.2 ശതമാനവും ജൂലൈ-സെപ്റ്റംബറില്‍ 8.1 ശതമാനവും ഒക്ടോബര്‍-ഡിസംബറില്‍ 8.6 ശതമാനവുമായിരുന്നു വളര്‍ച്ച.
6.2 ശതമാനമായിരുന്നു 2022-23 ജനുവരി-മാര്‍ച്ചില്‍ ജി.ഡി.പി വളര്‍ച്ചാനിരക്ക്. ഇക്കഴിഞ്ഞ ഡിസംബര്‍ പാദത്തിലെ വളര്‍ച്ചാനിരക്ക് ആദ്യം വിലയിരുത്തിയ 8.4 ശതമാനത്തില്‍ നിന്ന് ഇത്തവണത്തെ റിപ്പോര്‍ട്ടില്‍ 8.6 ശതമാനമായി പുനര്‍നിശ്ചയിക്കുകയായിരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ ജി.ഡി.പി വളർച്ചാനിരക്ക് (ചിത്രം: എൻ.എസ്.ഒ)​

2022-23 സാമ്പത്തികവർഷം ഇന്ത്യ 7.2 ശതമാനം വളര്‍ന്നെന്നായിരുന്നു ആദ്യ വിലയിരുത്തല്‍. ഇതാണ് പിന്നീട് 7 ശതമാനത്തിലേക്ക് താഴ്ത്തി നിശ്ചയിച്ചത്.
തിളക്കംമായാതെ ഇന്ത്യ
കഴിഞ്ഞപാദത്തില്‍ ജി.ഡി.പി വളര്‍ച്ച മുന്‍പാദങ്ങളെ അപേക്ഷിച്ച് ഇടിഞ്ഞെങ്കിലും ലോകത്ത് ഏറ്റവും വേഗം വളരുന്ന വലിയ സമ്പദ്‌വ്യവസ്ഥയെന്ന നേട്ടം ഇന്ത്യ നിലനിറുത്തി. ഇന്ത്യ 7.8 ശതമാനം വളര്‍ന്നപ്പോള്‍ സാമ്പത്തിക, രാഷ്ട്രീയ രംഗത്തെ ബദ്ധവൈരിയും അയല്‍ക്കാരുമായ ചൈനയുടെ വളര്‍ച്ച 5.3 ശതമാനമാണ്.

കഴിഞ്ഞ സാമ്പത്തിക വർഷത്തെ നാലാംപാദ ജി.ഡി.പി വളർച്ചാനിരക്ക് (ചിത്രം: എൻ.എസ്.ഒ)​


ഇന്‍ഡോനേഷ്യ 5.11 ശതമാനം വളര്‍ന്നു. അമേരിക്ക മൂന്ന് ശതമാനവും യു.കെയും ഫ്രാന്‍സും 0.2 ശതമാനം വീതവും സൗദി അറേബ്യ 1.3 ശതമാനവും വളര്‍ന്നപ്പോള്‍ ജപ്പാനും ജര്‍മ്മനിയും രേഖപ്പെടുത്തിയത് നെഗറ്റീവ് വളര്‍ച്ചയാണ്. ജപ്പാന്റെ ജി.ഡി.പി മൈനസ് 0.4 ശതമാനവും ജര്‍മ്മനിയുടേത് മൈനസ് 0.2 ശതമാനവുമായി ഇടിഞ്ഞു.
മാനുഫാക്ചറിംഗ് കരുത്ത്
ഇന്ത്യന്‍ സാമ്പത്തികമേഖലയുടെ നെടുംതൂണായ മാനുഫാക്ചറിംഗ് രംഗം മുന്‍വര്‍ഷത്തെ നെഗറ്റീവ് 2.2ല്‍ നിന്ന് പോസിറ്റീവ് 9.9 ശതമാനത്തിലേക്ക് വളര്‍ച്ച മെച്ചപ്പെടുത്തിയതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച ജി.ഡി.പി വളര്‍ച്ച നേടാൻ വഴിയൊരുക്കിയത്.
ഖനന മേഖലയുടെ വളര്‍ച്ച 1.9ല്‍ നിന്ന് 7.1 ശതമാനമായി കുതിച്ചതും നേട്ടമായി. അതേസമയം, കാര്‍ഷിക മേഖലയുടെ വളര്‍ച്ച 4.7ല്‍ നിന്ന് 1.4 ശതമാനത്തിലേക്ക് കുറഞ്ഞു.
വൈദ്യുതി, ഗ്യാസ്, ജലവിതരണ മേഖലയുടെ വളര്‍ച്ച 9.4ല്‍ നിന്ന് 7.5 ശതമാനത്തിലേക്കും താഴ്ന്നു. നിര്‍മ്മാണമേഖല 9.4ല്‍ നിന്ന് 9.9 ശതമാനത്തിലേക്ക് വളര്‍ച്ച മെച്ചപ്പെടുത്തി. വ്യാപാരം, ഹോട്ടല്‍, ഗതാഗതം, കമ്മ്യൂണിക്കേഷന്‍സ് മേഖലയുടെ വളര്‍ച്ച 12ല്‍ നിന്ന് 6.4 ശതമാനത്തിലേക്ക് താഴ്ന്നു.
ധനകാര്യം, റിയല്‍ എസ്‌റ്റേറ്റ് മേഖലയുടെ വളര്‍ച്ച 9.1ല്‍ നിന്ന് 8.4 ശതമാനത്തിലേക്കും പൊതുഭരണം, പ്രതിരോധ മേഖലയുടെ വളര്‍ച്ച 8.9ല്‍ നിന്ന് 7.8 ശതമാനത്തിലേക്കും കുറഞ്ഞു.
ജി.ഡി.പി മൂല്യം ₹173.82 ലക്ഷം കോടി
കഴിഞ്ഞ സാമ്പത്തികവര്‍ഷത്തെ (2023-24) ഇന്ത്യയുടെ ജി.ഡി.പി മൂല്യം (Real GDP or GDP at Constant Prices) മുന്‍വര്‍ഷത്തെ 160.71 ലക്ഷം കോടി രൂപയില്‍ നിന്ന് 173.82 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. അതായത്, 8.2 ശതമാനം ജി.ഡി.പി വളര്‍ച്ച.
ജനുവരി-മാര്‍ച്ചിലെ ജി.ഡി.പി മൂല്യം 47.24 ലക്ഷം കോടി രൂപയാണ്. മുന്‍വര്‍ഷത്തെ സമാനപാദത്തിലെ 43.84 ലക്ഷം കോടി രൂപയേക്കാള്‍ 7.8 ശതമാനം അധികം.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it