

ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം (GDP) 7.8 ശതമാനം വളർച്ച കൈവരിച്ചു. 2025-26 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിലെ ജിഡിപി 47.89 ലക്ഷം കോടി രൂപയായി കണക്കാക്കപ്പെടുന്നു. 2024-25 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇത് 44.42 ലക്ഷം കോടി രൂപയായിരുന്നു. ഇത് 7.8 ശതമാനം വളർച്ചാ നിരക്ക് രേഖപ്പെടുത്തുന്നതായി നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (എൻഎസ്ഒ) പുറത്തുവിട്ട ഡാറ്റ വ്യക്തമാക്കുന്നു. കഴിഞ്ഞ അഞ്ച് പാദങ്ങളില്‍ രേഖപ്പെടുത്തിയ ഏറ്റവും കൂടുതല്‍ നിരക്കാണ് ഇത്.
കൃഷിയും ഖനന വ്യവസായങ്ങളും ഉൾപ്പെടുന്ന പ്രാഥമിക മേഖലകൾ വാർഷികാടിസ്ഥാനത്തിൽ 2.8% വളർച്ച കൈവരിച്ചു, 2025 സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവിൽ ഇത് 2.2% ആയിരുന്നു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തിൽ കാർഷിക മേഖല മാത്രം വാർഷികാടിസ്ഥാനത്തിൽ 3.7% വളർച്ച കൈവരിച്ചു.
അതേസമയം 2026 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ ഖനന മേഖല 3.1 ശതമാനം ഇടിവ് നേരിട്ടു. 2025 സാമ്പത്തിക വർഷത്തിലെ ആദ്യ പാദത്തില്‍ ഇത് 6.6% ആയിരുന്നു. നിർമ്മാണ, വൈദ്യുതി വ്യവസായങ്ങൾ ഉൾപ്പെടുന്ന ദ്വിതീയ മേഖല വാർഷികാടിസ്ഥാനത്തിൽ 7 ശതമാനം വളർച്ച രേഖപ്പെടുത്തി.
വ്യാപാരം, ഹോട്ടലുകൾ, ഗതാഗതം, ആശയവിനിമയം പ്രക്ഷേപണവുമായി ബന്ധപ്പെട്ട സേവനങ്ങൾ എന്നിവയുടെ വളർച്ച 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ വാർഷികാടിസ്ഥാനത്തിൽ 8.6% വളർച്ച കൈവരിച്ചു, 2025 സാമ്പത്തിക വർഷത്തിൽ ഇത് 5.4% ആയിരുന്നു.
നിർമ്മാണവും കൃഷിയും ഉയർന്ന വളർച്ചയ്ക്ക് കാരണമാകുന്ന രണ്ട് മേഖലകളാണെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. അതേസമയം യുഎസിന്റെ ഇരട്ട താരിഫുകള്‍ക്കിടയില്‍ ജി.ഡി.പി വളര്‍ച്ച എങ്ങനെ മുന്നോട്ട് പോകുമെന്നതില്‍ വ്യക്തത കൈവന്നിട്ടില്ല. ജിഎസ്ടി പുനഃക്രമീകരണം, ആർബിഐ പണനയ അവലോകന സമിതിയുടെ പലിശ നിരക്ക് കുറയ്ക്കൽ, അനുകൂലമായ മൺസൂൺ എന്നിവ വരും പാദങ്ങളിൽ ഉപഭോഗത്തെ പിന്തുണച്ചേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.
India’s GDP grows by 7.8% in Q1 of 2025-26, showing strong growth before the US tariff sanctions impact.
Read DhanamOnline in English
Subscribe to Dhanam Magazine