ഇന്ത്യയുടെ ജിഡിപി വളർച്ച: യാഥാർത്ഥ്യമോ അതോ പെരുപ്പിച്ച കണക്കുകളോ?

പ്രതീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവായി ചിന്തിക്കണം
GDP growth
GDP growthcanva
Published on

ഇന്ത്യയെ കുറിച്ച് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടില്‍ (IMF) നിന്നുള്ള രണ്ട് സമീപകാല വാര്‍ത്തകള്‍ കാരണം ഞാന്‍ ആഗോള പ്രവചനം സംബന്ധിച്ച ലേഖന പരമ്പരയില്‍ നിന്ന് ഒരു ഇടവേളയെടുത്തു.

ഒന്ന്: ഇന്ത്യയ്ക്ക് ഐഎംഎഫ് വീണ്ടും ശക്തമായ സാമ്പത്തിക വളര്‍ച്ച നിരക്ക് പ്രവചിച്ചു എന്നതാണ്. രാജ്യം ലോകത്തിലെ അതിവേഗം വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി തുടരുമെന്ന് ഇത് സൂചിപ്പിക്കുന്നു. ഈ പ്രവചനങ്ങള്‍, ഇന്ത്യ ശക്തമായ വളര്‍ച്ചയുടെ പാതയിലാണെന്നുള്ള തെളിവായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ടിവി പാനലിസ്റ്റുകളും വിപണി നിരീക്ഷകരുമെല്ലാം ഉയര്‍ത്തിക്കാട്ടി.

രണ്ടാമത്തെ വാര്‍ത്ത: ഐഎം എഫ് തന്നെ അടുത്തിടെ ഇന്ത്യയുടെ പ്രധാന സാമ്പത്തിക സൂചകങ്ങളിലെ ഡാറ്റകളുടെ ഗുണനിലവാരം വിലയിരുത്തി എന്നതാണ്. ഈ വിലയിരുത്തല്‍ ഫലം ഓരോ നയരൂപകര്‍ത്താക്കളെയും നിക്ഷേപകരെയും സംരംഭകരെയും ആശങ്കപ്പെടുത്തുന്നതാണ്.

ജിഡിപി വളര്‍ച്ച കണക്കാക്കാന്‍ ഉപയോഗിക്കുന്ന പ്രധാന ഡാറ്റയായ നാഷണല്‍ അക്കൗണ്ട്സ് സ്റ്റാറ്റിസ്റ്റിക്സിന് ഐഎംഎഫ് ഇന്ത്യയ്ക്ക് നല്‍കിയത് സി ഗ്രേഡാണ്.

ഒരു സി ഗ്രേഡ് എന്നാല്‍; 'നിരീക്ഷണത്തെ ഒരു പരിധിവരെ തടസപ്പെടുത്തുന്ന ചില പോരായ്മകളുണ്ട്'. ഈ റേറ്റിംഗിനുള്ള കാരണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

  • കാലഹരണപ്പെട്ട അടിസ്ഥാന വര്‍ഷം (201112).

  • അനൗപചാരിക മേഖലയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ കുറച്ച് മാത്രമെ കാണാനുള്ളൂ.

  • കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള ഏകീകൃത ഡാറ്റയുടെ അഭാവം.

  • പ്രാദേശിക തലത്തിലുള്ള അളവുകളെ ആശ്രയിക്കുന്നതിന് പകരം പ്രോക്സികളെ ആശ്രയിക്കുന്നു.

  • വ്യക്തമായി പറയുകയാണെങ്കില്‍, പണപ്പെരുപ്പ റിപ്പോര്‍ട്ടിംഗ്, സാമ്പത്തിക ഡാറ്റ, ബാഹ്യ മേഖലകളിലെ സ്ഥിതിവിവര കണക്ക് തുടങ്ങിയ മേഖലകളില്‍ ഐഎംഎഫ് ഇന്ത്യയ്ക്ക് മികച്ച ഗ്രേഡുകള്‍ (കൂടുതലും ബി) നല്‍കിയിട്ടുണ്ട്.

എന്നാല്‍ ഏറ്റവും കൂടുതല്‍ എടുത്തുകാട്ടുന്ന സംഖ്യയായ ജിഡിപിക്ക് ഏറ്റവും ദുര്‍ബലമായ റേറ്റിംഗുകളിലൊന്നാണ് ലഭിച്ചത്.

കണക്കുകള്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ യഥാര്‍ത്ഥ ഘടനയെ പ്രതിഫലിപ്പിക്കുന്നില്ലെന്നതാണ് കാരണം. പ്രത്യേകിച്ച് അനൗപചാരിക, അസംഘടിത മേഖലയില്‍ നിന്നുള്ള കണക്കുകള്‍.

ഐഎംഎഫ് അതിന്റെ സംഖ്യകള്‍ എവിടെ നിന്ന് എടുക്കുന്നു എന്നും ഇന്ത്യയുടെ ജിഡിപി എങ്ങനെ കണക്കാക്കുന്നു എന്നും സൂക്ഷ്മമായി പരിശോധിക്കുമ്പോള്‍ അതിന്റെ പോരായ്മകള്‍ വെളിപ്പെടാന്‍ തുടങ്ങും.

മുന്‍ ലേഖനങ്ങളില്‍ ഇന്ത്യയുടെ ജിഡിപി കണക്കാക്കുന്ന പ്രക്രിയയിലെ അടിസ്ഥാനപരമായ പിഴവ് ഞാന്‍ എടുത്തുകാട്ടിയിരുന്നു. ഡാറ്റകള്‍ക്കായി സംഘടിത മേഖലയെ അമിതമായി ആശ്രയിക്കുകയും സമ്പദ്‌വ്യവസ്ഥയുടെ വലിയൊരു ഭാഗവും കൈകാര്യം ചെയ്യുന്ന അസംഘടിത മേഖലയുടെ അപ്പപ്പോഴുള്ള കണക്കെടുപ്പ് ഇല്ലാതിരിക്കുകയും ചെയ്യുന്നു എന്നതാണത്.

നിര്‍ഭാഗ്യവശാല്‍ ഏറ്റവും പുതിയ ഐഎംഎഫ് പ്രവചനങ്ങള്‍ ഇതേരീതിയാണ് തുടരുന്നതും. അസംഘടിത മേഖലയെ ഇരുട്ടില്‍ നിര്‍ത്തിക്കൊണ്ട് സംഘടിത മേഖലയില്‍ നിന്നുള്ള ഡാറ്റയെ ആശ്രയിക്കുന്നു.

അസംഘടിത മേഖലയുടെ തകര്‍ച്ച

ഐഎംഎഫിന്റെ ശുഭാപ്തി വിശ്വാസത്തിന്റെ ഒരു പ്രധാന കാരണം ഇന്ത്യയുടെ ഉപഭോഗ വളര്‍ച്ച വ്യാപകവും അത് ജിഡിപിയെ മുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്നു എന്ന വിശ്വാസമാണ്.

എന്നാല്‍ ഈ അനുമാനം സംഘടിത മേഖലയുടെ സൂചകങ്ങളെയാണ് കൂടുതലായും ആശ്രയിക്കുന്നത്. ഉദാഹരണത്തിന്:

  • ജിഎസ്ടി വരുമാനം.

  • യുപിഐ ഇടപാടുകളുടെ അളവ്.

  • കോര്‍പ്പറേറ്റ് വില്‍പ്പന.

  • ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള ചെലവഴിക്കല്‍.

  • നഗരങ്ങളിലെ തൊഴില്‍ വിപണി സര്‍വേകള്‍.

ഇവ സംഘടിത ഔപചാരിക സമ്പദ് വ്യവസ്ഥയെ മാത്രമെ പ്രതിഫലിപ്പിക്കുന്നുള്ളൂ. ഇത് ജിഡിപിയുടെ പകുതിയിലധികം മാത്രമാണ്. അതേസമയം ഭൂരിപക്ഷം തൊഴിലാളികള്‍ക്കും ഇപ്പോഴും ജോലി നല്‍കുന്ന അസംഘടിത മേഖല തുടര്‍ന്നും അഭിമുഖീകരിക്കുന്നത്;

  • അസംസ്‌കൃത വസ്തുക്കളുടെ ഉയര്‍ന്ന വില.

  • കര്‍ശനമായ നിയമപാലന മാനദണ്ഡങ്ങള്‍.

  • കുറഞ്ഞ പ്രവര്‍ത്തന മൂലധനം.

  • വന്‍കിട സ്ഥാപനങ്ങള്‍ക്കെതിരെയുള്ള കുറഞ്ഞ മത്സരക്ഷമത.

  • തൊഴിലവസരം സൃഷ്ടിക്കുന്നത് കുറയുന്നു.

എന്നിരുന്നാലും അസംഘടിത മേഖല മുഴുവനും ഔപചാരികതയുടെ അതേ വേഗതയില്‍ വളരുന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്. അസംഘടിത മേഖല വളരുന്നില്ല, തളരുകയാണ് എന്നത് നയ സ്വാധീനം ചെലുത്തുന്നവര്‍ക്ക് മനസിലാകാതെ പോകുന്ന പ്രധാന കാര്യമാണ്.

ഈ ഒരൊറ്റ യാഥാര്‍ത്ഥ്യം എല്ലാവര്‍ഷവും ഇത്രയും ആത്മവിശ്വാസത്തോടെ അവതരിപ്പിക്കുന്ന ആകര്‍ഷകമായ വളര്‍ച്ച സംഖ്യകളെ അട്ടിമറിക്കുന്നു. ഈ പ്രവണതയ്ക്ക് ഒന്നിലധികം സ്വതന്ത്ര സൂചകങ്ങള്‍ ബലം നല്‍കുന്നു:

  • ഗ്രാമീണ വേതനം കൂടുന്നില്ല.

  • എസ്എംഇ വായ്പ സമ്മര്‍ദ്ദം ഉയര്‍ന്ന നിലയില്‍ തുടരുന്നു.

  • ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ആവശ്യം ചരിത്രപരമായ ഉയര്‍ന്ന തലത്തില്‍ തുടരുന്നു.

  • ഗ്രാമീണ എഫ്എംസിജി വളര്‍ച്ച ദുര്‍ബലമാണ്.

  • തൊഴില്‍ നേട്ടങ്ങള്‍ കുറഞ്ഞ വേതനമുള്ള ഗിഗ് റോളുകളില്‍ കേന്ദ്രീകരിച്ചിരിക്കുന്നു.

അസംഘടിത മേഖല ചലനമറ്റുപോകുകയോ, ചുരുങ്ങുകയോ ചെയ്യുകയാണെങ്കില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച ഔദ്യോഗിക കണക്കുകള്‍ സൂചിപ്പിക്കുന്നതിനേക്കാള്‍ വളരെ കുറവാണ്.

ജിഡിപി എങ്ങനെ അമിതമായി കണക്കാക്കുന്നു

പ്രശ്നത്തിന്റെ കാതല്‍ അതിന്റെ രീതിശാസ്ത്രമാണ്. അസംഘടിത മേഖലയെ അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമെ കൃത്യമായി അളക്കുന്നുള്ളൂ. ബാക്കിയുള്ള വര്‍ഷങ്ങളില്‍ അനൗപചാരിക മേഖല ഔപചാരിക മേഖലയുടെ അതേ നിരക്കില്‍ വളരുന്നുവെന്ന് സര്‍ക്കാര്‍ അനുമാനിക്കുന്നു.

2016ന് മുമ്പ് തന്നെ ഇത് ചോദ്യം ചെയ്യപ്പെടേണ്ടതായിരുന്നു. എന്നാല്‍ അതിന് ശേഷം നോട്ട് നിരോധനം, ജിഎസ്ടി നടപ്പാക്കല്‍, കോവിഡ് ലോക്ക്ഡൗണ്‍,  വേഗത്തിലുള്ള ഔപചാരിക വല്‍ക്കരണം, ഡിജിറ്റല്‍ കംപ്ലയന്‍സ് സമ്മര്‍ദ്ദം തുടങ്ങിയവ കാരണം രണ്ട് മേഖലകളും പൂര്‍ണമായും വ്യതിചലിച്ചിരിക്കുന്നു.

അതുകൊണ്ട്, എല്ലാ വര്‍ഷവും ഇന്ത്യ ഉയര്‍ന്ന ജിഡിപി വളര്‍ച്ച റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ നമ്മള്‍ ഓര്‍ക്കണം, ഉയര്‍ന്ന ഔപചാരിക മേഖല വളര്‍ച്ച + നിശബ്ദമായ അനൗപചാരിക മേഖല തകര്‍ച്ച = പെരുപ്പിച്ച പ്രധാന ജിഡിപി.

ഐഎംഎഫിന്റെ സി ഗ്രേഡ് ഇതിനെ പരോക്ഷമായി അംഗീകരിക്കുന്നു. കൃത്യമായ ഡാറ്റയ്ക്ക് മാത്രമെ പോസിറ്റീവ് കാഴ്ചപ്പാട് നല്‍കാന്‍ കഴിയുകയുള്ളൂ.

ഔപചാരിക മേഖല വികസിച്ചുവരികയാണെന്ന കാര്യത്തില്‍ സംശയമില്ല; പ്രത്യേകിച്ചും വന്‍കിട കമ്പനികള്‍.

ഡിജിറ്റല്‍ പേയ്‌മെന്റ്സ്, കോര്‍പ്പറേറ്റ് ലാഭം, നികുതി കളക്ഷനുകള്‍ എന്നിവയെല്ലാം യഥാര്‍ത്ഥ പുരോഗമനത്തെ പ്രതിഫലിപ്പിക്കുന്നു. എന്നാല്‍ സമ്പദ്‌വ്യവസ്ഥയുടെ ഒരു പകുതിയുടെ വളര്‍ച്ചകൊണ്ട് മറുപാതിയുടെ സ്തംഭനാവസ്ഥ മറച്ചുവെയ്ക്കാനാകില്ല.

മെച്ചപ്പെട്ട അളവുകളുടെയും മികച്ച ഡാറ്റ, അസംഘടിത മേഖലയിലേക്കുള്ള കൂടുതല്‍ വ്യക്തമായ കാഴ്ചപ്പാടിനെയും ആശ്രയിച്ചാണ് ഇന്ത്യയുടെ ഭാവിയിരിക്കുന്നത്. അതുവരെ ഔദ്യോഗിക ജിഡിപി സംഖ്യകള്‍ യാഥാര്‍ത്ഥ്യം ആവശ്യപ്പെടുന്നതിനേക്കാള്‍ കൂടുതല്‍ ശുഭാപ്തിവിശ്വാസമുള്ള ഒരു ചിത്രം വരച്ചിടുന്നത് തുടരും.

ഞാന്‍ സാധാരണ പറയാറുള്ളതുപോലെ, പോസിറ്റീവായി ചിന്തിക്കുക-പക്ഷേ പ്രതീക്ഷയുടെ അടിസ്ഥാനത്തിലല്ലാതെ യാഥാര്‍ത്ഥ്യത്തിന്റെ അടിസ്ഥാനത്തില്‍ പോസിറ്റീവായി ചിന്തിക്കണമെന്ന് മാത്രം. 

സംരംഭകര്‍ എന്തുകൊണ്ട്‌ ശ്രദ്ധിക്കണം

ബിസിനസ് ഉടമകളും നിക്ഷേപകരും എസ്എംഇകളും ഈ പൊരുത്തക്കേടിന്റെ പ്രത്യാഘാതങ്ങള്‍ നേരിടുന്നു.

1. നിങ്ങളുടെ യഥാര്‍ത്ഥ വിപണി വലുപ്പം സര്‍ക്കാര്‍ കണക്കുകളേക്കാള്‍ ചെറുതായിരിക്കാം.

2. രാജ്യത്തെ 2/3/4 നിരയിലുള്ള പട്ടണങ്ങളിലെ ഡിമാന്‍ഡ് പ്രധാന ഡാറ്റ സൂചിപ്പിക്കുന്നതിനേക്കാള്‍ വളരെ ദുര്‍ബലമായിരിക്കാം.

3. ഔദ്യോഗിക ജിഡിപി വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള വില്‍പ്പന പ്രവചനങ്ങള്‍ അമിതമായി കണക്കാക്കിയേക്കാം.

4. നിയമന, വിപുലീകരണ തീരുമാനങ്ങള്‍ ഔദ്യോഗിക ശുഭാപ്തി വിശ്വാസത്തെ ആശ്രയിക്കാതെ യഥാര്‍ത്ഥ വിപണി അനുഭവം അടിസ്ഥാനമാക്കി എടുക്കണം.

നിലവിലെ ബിസിനസ് ഏഴ് ശതമാനം വളര്‍ച്ചയെന്ന വാദവുമായി പൊരുത്തപ്പെടുന്നില്ലെന്ന് പല സംരംഭകരും എന്നോട് അഭിപ്രായപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ചെയ്ത വളര്‍ച്ചയും അനുഭവിക്കുന്ന വളര്‍ച്ചയും തമ്മിലുള്ള വിടവ് ഇന്ത്യയുടെ ജിഡിപി എങ്ങനെ കണക്കാക്കുന്നു എന്നതിന്റെ നേരിട്ടുള്ള ഫലമാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com