2014ല്‍ ₹48,609 കോടിയുടെ മൊബൈല്‍ ഇറക്കുമതി, 10 വര്‍ഷത്തിനിപ്പുറം വെറും ₹3,710 കോടിയുടെ മാത്രം; ചൈനീസ് വരവില്‍ വന്‍ ഇടിവ്

പത്തുവര്‍ഷം മുമ്പ് 1,566 കോടി രൂപയായിരുന്നു ഇന്ത്യയുടെ മൊബൈല്‍ കയറ്റുമതി. ഇപ്പോഴത് 2,05,017 കോടിയായി വര്‍ധിച്ചു.
China remains India's largest source of imports
Image courtesy: canva
Published on

ചൈനയില്‍ നിന്നുള്ള ഇന്ത്യയുടെ ഇറക്കുമതിയില്‍ 2024-25 സാമ്പത്തികവര്‍ഷം വന്‍ കുറവ്. ഇക്കാലയളവില്‍ വളം, കീടനാശിനികള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ അടക്കം ഒട്ടുമിക്ക വസ്തുക്കളുടെയും ഇറക്കുമതി കുത്തനെ ഇടിഞ്ഞിട്ടുണ്ട്. കേന്ദ്ര വാണിജ്യ സഹമന്ത്രി ജിതിന്‍ പ്രസാദ പാര്‍മെന്റില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഈ വിവരമുള്ളത്.

കഴിഞ്ഞ സാമ്പത്തികവര്‍ഷം കീടനാശിനികള്‍ അടക്കമുള്ള വസ്തുക്കളുടെ ഇറക്കുമതിയില്‍ 19.7 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. ഉരുക്കിന്റെയും സ്റ്റീലിന്റെയും വരവില്‍ 10.3 ശതമാനവും കുറവുണ്ടായി. നൂല്‍ ഇറക്കുമതി 9.5 ശതമാനം താഴ്ന്നു.

മൊബൈലില്‍ സ്വയംപര്യാപ്തത

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മൊബൈല്‍ ഫോണ്‍ ഇറക്കുമതിയാണ് വലിയ കുറവുണ്ടായ ഉത്പന്നങ്ങളിലൊന്ന്. 2014-15 സാമ്പത്തികവര്‍ഷം 48,609 കോടി രൂപയുടെ മൊബൈല്‍ ഫോണുകളാണ് ഇന്ത്യയിലേക്ക് ചൈനയില്‍ നിന്നെത്തിയത്. എന്നാല്‍, 2024-25 സാമ്പത്തികവര്‍ഷം എത്തിയപ്പോള്‍ ഇത് വെറും 3,710 കോടി രൂപയുടേതായി ഇടിഞ്ഞു. 92 ശതമാനത്തിന്റെ കുറവാണുണ്ടായത്.

പത്തുവര്‍ഷം മുമ്പ് 1,566 കോടി രൂപയായിരുന്നു ഇന്ത്യയുടെ മൊബൈല്‍ കയറ്റുമതി. ഇപ്പോഴത് 2,05,017 കോടിയായി വര്‍ധിച്ചു. ടെലികമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങളുടെ ആഗോള നിര്‍മാണ ഹബ്ബായി മാറാനും ഇക്കാലയളവില്‍ രാജ്യത്തിന് സാധിച്ചു.

ഇന്ത്യന്‍ ബിസിനസ് സ്ഥാപനങ്ങള്‍ ബദല്‍ വിതരണക്കാരെ കണ്ടെത്താനും, ഒരൊറ്റ വിതരണ സ്രോതസുകളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിന് അവരുടെ വിതരണ ശൃംഖലകള്‍ വൈവിധ്യവല്‍ക്കരിക്കാനും സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മന്ത്രി ജിതിന്‍ പ്രസാദ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com