ഇന്ത്യയില്‍ ഇടത്തരക്കാര്‍ കുതിക്കുന്നു; ഗ്രാമീണ സമ്പന്നരുടെ എണ്ണവും

2047ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ രാജ്യത്തെ മധ്യവര്‍ഗ ജനസംഖ്യ 2021ലെ 31 ശതമാനത്തിന്റെ ഇരട്ടിയോളമായ 61 ശതമാനത്തിലെത്തും. അതായത് രാജ്യത്തെ ഇടത്തരക്കാരുടെ എണ്ണം 2047ല്‍ 102 കോടിയാകും. 2021ല്‍ ഇത് 43.20 കോടിയായിരുന്നു. നിലവില്‍ രാജ്യത്തെ ഇടത്തരക്കാരുടെ ജനസംഖ്യ അമേരിക്കയിലെയും മറ്റനേകം രാജ്യങ്ങളിലെയും മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. ഇത് നല്‍കുന്ന സന്ദേശം വളരെ വ്യക്തമാണ്. ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നായി ഇന്ത്യ മാറും.

നേട്ടങ്ങള്‍ നിരവധി
മധ്യവര്‍ഗക്കാരുടെ ജനസംഖ്യയിലുണ്ടാകുന്ന കുതിപ്പ് ഗുണമേന്മയുള്ള ഉപയോക്തൃ ചരക്കുകള്‍, വിദ്യാഭ്യാസം, ആരോഗ്യപരിരക്ഷ, വിനോദ ഉപാധികള്‍, ഭവനനിര്‍മാണം, ഓട്ടോമൊബൈല്‍ തുടങ്ങിയ മേഖലകളിലെ ഡിമാന്‍ഡ് വലിയ തോതില്‍ ഉയര്‍ത്തും. അത് ഇന്ത്യയുടെ വളര്‍ച്ചയ്ക്കുള്ള മുഖ്യ ഘടകവുമായി മാറും. പീപ്പ്ള്‍ റിസര്‍ച്ച് ഓണ്‍ ഇന്ത്യാസ് കണ്‍സ്യൂമര്‍ ഇക്കോണമി (PRICE), 'ഇന്ത്യാസ് സിറ്റിസണ്‍ എന്‍വയോണ്‍മെന്റ്' എന്നിവ തയ്യാറാക്കിയ റിപ്പോര്‍ട്ടിനെ ആധാരമാക്കിയുള്ളതാണ് ഈ നിഗമനങ്ങള്‍. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ അടങ്ങുന്ന സമിതിയാണിത്.
2021ലെ വിലകളെ അടിസ്ഥാനമാക്കി ഗാര്‍ഹിക വരുമാനം പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും ഇടയില്‍ വരുന്നവരെയാണ് ഈ വിദഗ്ധ സമിതി മധ്യവര്‍ഗക്കാര്‍ എന്ന് നിര്‍വചിക്കുന്നത്. പ്രതിവര്‍ഷ വരുമാനം രണ്ട് കോടി രൂപയ്ക്ക് മുകളില്‍ വരുന്നവരാണ് അതിസമ്പന്ന ഗണത്തില്‍ ഉള്‍പ്പെടുന്നത്.
ഗ്രാമീണ സമ്പന്നര്‍ കൂടി
മധ്യവര്‍ഗത്തിന്റെ ജനസംഖ്യ അതിവേഗം വര്‍ധിക്കുമ്പോള്‍ രാജ്യത്തിന്റെ ജനസംഖ്യാപരമായ കാര്യങ്ങളിലും മാറ്റങ്ങള്‍ സംഭവിക്കും. കുറഞ്ഞ വരുമാനക്കാരിലെ ബഹുഭൂരിപക്ഷം പേര്‍ മധ്യവര്‍ഗക്കാരുടെ ഗണത്തിലേക്ക് ഉയരും. മധ്യവര്‍ഗക്കാരുടെ മുകളിലും താഴെയുമായി യഥാക്രമം അതിസമ്പന്നരുടെയും പാവപ്പെട്ടവരുടെയും അതിനൊപ്പം ഉല്‍ക്കര്‍ഷേച്ഛയുള്ളവരുടെയും ഓരോ പാളി കാണും.
2016നും 2021നുമിടയില്‍ ഗ്രാമീണ മേഖലയിലെ അതിസമ്പന്ന കുടുംബങ്ങളുടെ എണ്ണം ഏകദേശം ഇരട്ടിയായിട്ടുണ്ടെന്നാണ് സര്‍വെ ഫലം തെളിയിക്കുന്നത്. ദൗര്‍ഭാഗ്യവശാല്‍ വരുമാനത്തിലുള്ള അസമത്വവും വളരെ കൂടുതലാണ്. ഒരു പാവപ്പെട്ട കുടുംബം പ്രതിവര്‍ഷം ശരാശരി 82,300 രൂപ ചെലവിടുമ്പോള്‍ അതിസമ്പന്ന കുടുംബം അതിന്റെ 25 മടങ്ങ്, അതായത് 20.47 ലക്ഷം രൂപ ഒരുവര്‍ഷം ചെലവാക്കുന്നു. പാവപ്പെട്ടവരില്‍ 50 ശതമാനത്തിലധികം പേര്‍ക്കും ശുചിമുറികളോ അല്ലെങ്കില്‍ യഥേഷ്ടം വെള്ളമുള്ള ശുചിമുറികളോ ഇല്ലായെന്നതാണ് അലോസരപ്പെടുത്തുന്ന മറ്റൊരു കണക്ക്. എന്നിരുന്നാലും ദരിദ്രരായ 85 ശതമാനം കുടുംബങ്ങളിലും മൊബൈല്‍ ഫോണുണ്ട്!
റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യ 2047ല്‍ ഈ ലക്ഷ്യം നേടണമെങ്കില്‍ രാഷ്ട്രീയ സുസ്ഥിരത, ആഭ്യന്തര സമാധാനം, അടുത്ത രണ്ടര ദശാബ്ദക്കാലം 6-7 ശതമാനം വളര്‍ച്ചാ നിരക്ക് എന്നിവ അനിവാര്യമാണ്. ഇത് നേടിയെടുക്കാനാവുന്ന സ്വപ്നമാണ്.

(This article was originally published in Dhanam Magazine July 31st issue)

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it