ഇന്ത്യയിലേക്ക് ഒഴുകി റഷ്യന്‍ എണ്ണ; സൗദിയുടെ എണ്ണയ്ക്ക് ഡിമാന്‍ഡില്ല
ഇന്ത്യയിലേക്കുള്ള റഷ്യന്‍ ക്രൂഡോയിലിന്റെ ഇറക്കുമതി നവംബറിലും വന്‍തോതില്‍ ഉയര്‍ന്നു. വാര്‍ഷിക അറ്റകുറ്റപ്പണികള്‍ക്ക് ശേഷം നിരവധി റിഫൈനറികള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതും ഉത്സവകാലത്തെ മികച്ച ഉപയോക്തൃ ഡിമാന്‍ഡുമാണ് റഷ്യന്‍ എണ്ണയുടെ ഇറക്കുമതി കൂടാന്‍ വഴിയൊരുക്കിയതെന്ന് ഷിപ്പ്-ട്രാക്കിംഗ് സ്ഥാപനങ്ങളായ വൊര്‍ട്ടെക്‌സ, കെപ്‌ളര്‍ എന്നിവ പുറത്തുവിട്ട കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
നവംബറില്‍ ഇന്ത്യയിലേക്കുള്ള റഷ്യന്‍ എണ്ണ ഇറക്കുമതി 9 ശതമാനം വര്‍ധിച്ചുവെന്നാണ് വൊര്‍ട്ടെക്‌സയുടെ റിപ്പോര്‍ട്ട്. 5 ശതമാനം വര്‍ധനയാണ് കെപ്‌ളര്‍ വിലയിരുത്തിയത്. ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമായ ഇന്ത്യക്ക് വിപണിവിലയേക്കാള്‍ ഡിസ്‌കൗണ്ട് നിരക്കിലാണ് റഷ്യ എണ്ണ നല്‍കുന്നത്.
കെപ്‌ളര്‍ പുറത്തുവിട്ട കണക്കുകള്‍ അനുസരിച്ച് നവംബറില്‍ ഇന്ത്യയുടെ റഷ്യന്‍ എണ്ണ ഉപഭോഗത്തില്‍ 9 ശതമാനം പ്രതിമാസ വര്‍ധനയുണ്ടായിരുന്നു.നവംബറില്‍ ഇറക്കുമതി പ്രതിദിനം 1.73 മില്യണ്‍ ബാരലായിരുന്നു. ഒക്ടോബറിലെ 1.58 മില്യണില്‍ നിന്നാണ് വര്‍ധന
സൗദി എണ്ണ ഉപഭോഗം കുറഞ്ഞു
ഇന്ത്യന്‍ എണ്ണവിതരണ കമ്പനികള്‍ക്ക് സൗദി അറേബ്യ പോലുള്ള പ്രധാന മിഡില്‍ ഈസ്റ്റ് കയറ്റുമതിക്കാരുമായും കരാറുകളുണ്ട്. ഒക്ടോബറിലും നവംബറിലും ഇന്ത്യയുടെ സൗദി എണ്ണ ഉപഭോഗത്തില്‍ 25 ശതമാനത്തിലധികം കുറവുണ്ടായി.