വിലക്കയറ്റത്തിലും പണപ്പെരുപ്പത്തിലും പൊതുവെ ആശ്വാസം; കേരളത്തിൽ നേരിയ കുറവു മാത്രം

രാജ്യത്തെ ചില്ലറ വിലക്കയറ്റത്തോത് (consumer price index Inflation /CPI) നവംബറില്‍ 5.48 ശതമാനത്തിലേക്ക് താഴ്ന്നു. ഒക്ടോബറിലിത് 6.21 ശതമാനമായിരുന്നു.

ഭക്ഷണ-പാനീയ വിഭാഗങ്ങളില്‍ വില വര്‍ധന കുറഞ്ഞ് നിന്നതാണ് പണപ്പെരുപ്പം കുറയാന്‍ സഹായിച്ചതെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കി. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ലക്ഷ്യമായ നാല് ശതമാനത്തില്‍ നിന്ന് ഏറെ അകലെയാണ് പണപ്പെരുപ്പമെന്നത് ആശങ്കയായി നില്‍ക്കുന്നു.
ഗ്രാമീണ മേഖലയിലാണ് പണപ്പെരുപ്പം കൂടുതല്‍. നഗര മേഖലകളിലെ പണപ്പെരുപ്പം 5.62 ശതമാനത്തില്‍ നിന്ന് 4.83 ശതമാനമായി. ഗ്രാമങ്ങളിലെ പണപ്പെരുപ്പം 6.68 ശതമാനത്തില്‍ നിന്ന് 5.95 ശതമാനവുമായി.

പച്ചക്കറി വില താഴ്ന്നു

ഭക്ഷ്യ വിലപ്പെരുപ്പം (Consumer Food Price Index /CFPI) കുറയുന്നുവെന്നതും ആശ്വാസമാണ്. ഒക്ടോബറിലെ 10.87 ശതമാനത്തില്‍ നിന്ന് 9.04 ശതമാനത്തിലേക്ക് താഴ്ന്നു. ഓഗസ്റ്റില്‍ 5.66 ശതമാനം, സെപ്റ്റംബറില്‍ 9.24 ശതമാനം എന്നിങ്ങനെയായിരുന്നു ഇത്..
പയറു വര്‍ഗങ്ങള്‍, മുട്ട, പഞ്ചസാര, സുഗന്ധവ്യഞ്ജനങ്ങള്‍, പാല്‍, പഴങ്ങള്‍, പച്ചക്കറി, ധാന്യങ്ങള്‍ എന്നിവയുടെ വില താഴ്ന്നു നിന്നതാണ് പണപ്പെരുപ്പം കുറച്ചത്. അതേസമയം, എണ്ണ, മത്സ്യം എന്നിവയുടെ വില കൂടിയിട്ടുണ്ട്.
വെളുത്തുള്ളി, ഉരുളക്കിഴങ്ങ് കോളിഫ്‌ളവര്‍ എന്നിവയാണ് വിലക്കയറ്റം പ്രധാനമായും കൂട്ടിയത്. വെളുത്തുള്ളി വില മുന്‍ വര്‍ഷത്തെ സമാന മാസത്തെ അപേക്ഷിച്ച് 85.14 ശതമാനം കുതിച്ചുയര്‍ന്നു.
പണപ്പെരുപ്പം ഉയര്‍ന്നു നിന്നതിനാല്‍ ഈ മാസാദ്യം നടന്ന ധനനിര്‍ണയ യോഗത്തില്‍ അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് തയാറായിരുന്നില്ല. തുടര്‍ച്ചയായ പതിനൊന്നാം തവണയാണ് റിസര്‍വ് ബാങ്ക് പലിശ നിരക്കുകളില്‍ മാറ്റം വരുത്താതിരുന്നത്.

കേരളത്തിലും വിലക്കയറ്റം കുറഞ്ഞു

കേരളത്തിലും വിലക്കയറ്റം കുറഞ്ഞതായാണ് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയത്തിന്റെ കണക്കുകള്‍ കാണിക്കുന്നത്. ഒക്ടോബറില്‍ 6.47 ശതമാനമായിരുന്ന റീട്ടെയില്‍ പണപ്പെരുപ്പം 6.32 ശതമാനമായി. എന്നാല്‍ ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ് കേരളത്തിലെ പണപ്പെരുപ്പം. ഗ്രാമീണ മേഖലകളിലാണ് കേരളത്തിലും പണപ്പെരുപ്പം കൂടുതല്‍. ഒക്ടോബറിലെ 6.9 ശതമാനത്തില്‍ നിന്ന് 7.05 ശതമാനമായി. അതേ സമയം നഗരങ്ങളിലെ പണപ്പെരുപ്പം 5.37 ശതമാനത്തില്‍ നിന്ന് 5.02 ശതമാനമായി കുറഞ്ഞിട്ടുണ്ട്.
ഛത്തീസ്ഗഡ് ആണ് പണപ്പെരുപ്പം ഏറ്റവും ഉയര്‍ന്ന സംസ്ഥാനം- 8.39 ശതമാനം. 7.55 ശതമാനവുമായി ബീഹാര്‍ തൊട്ടുപിന്നിലുണ്ട്. ഒഡീഷ, ഉത്തര്‍പ്രദേശ് എന്നിവയും പണപ്പെരുപ്പത്തില്‍ കേരളത്തിനേക്കാള്‍ മുന്നിലാണ്.
ഡല്‍ഹിയിലാണ് ഏറ്റവും കുറവ് പണപ്പെരുപ്പം- 2.65 ശതമാനം.


Related Articles
Next Story
Videos
Share it