ഇന്ത്യയുടെ മൊത്തം കടം ₹200 ലക്ഷം കോടി കടന്നു; മുക്കാലും കേന്ദ്ര സർക്കാരിന്റേത്

രാജ്യത്തിന്റെ മൊത്തം കടം (total outstanding bonds) സെപ്റ്റംബര്‍ പാദത്തില്‍ 205 ലക്ഷം കോടിയായി (2.47 ലക്ഷം കോടി ഡോളര്‍) ഉയര്‍ന്നെന്ന് റിപ്പോര്‍ട്ട്. തൊട്ടു മുന്‍ സാമ്പത്തിക വര്‍ഷത്തെ മാര്‍ച്ച് പാദത്തില്‍ ഇത് 200 ലക്ഷം കോടി രൂപയായിരുന്നു. നിലവില്‍ കടപത്രങ്ങളിറക്കിയും മറ്റും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സമാഹരിച്ചിട്ടുള്ള തുകയാണിത്.

ഇന്‍വെസ്റ്റിംഗ് സൊല്യൂഷന്‍സ് നല്‍കുന്ന സെബി രജിസ്‌ട്രേഡ് കമ്പനിയായ ഇന്ത്യ ബോണ്ട്‌സ് ഡോട്ട്‌കോമാണ് ഈ കണക്കുകള്‍ പുറത്തുവിട്ടത്. റിസര്‍വ് ബാങ്ക്, ക്ലിയറിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.

മുന്നില്‍ കേന്ദ്രം

സെപ്റ്റംബര്‍ പാദത്തില്‍ രാജ്യത്തിന്റെ മൊത്തം കടത്തിന്റെ മുന്തിയ പങ്കും കൈയാളുന്നത് കേന്ദ്ര സര്‍ക്കാരാണ്. ഏകദേശം 161.1 ലക്ഷം കോടി രൂപയാണ് കേന്ദ്രത്തിന്റെ കടം. അതായത് മൊത്തം കടത്തിന്റെ 76 ശതമാനം. ഇക്കഴിഞ്ഞ മാര്‍ച്ച് പാദത്തില്‍ 150.4 ലക്ഷം കോടിയായിരുന്നു കേന്ദ്രത്തിന്റെ കട ബാധ്യത.

സംസ്ഥാന സര്‍ക്കാരുകളുടെ മൊത്തം കട ബാധ്യത 50.18 കോടി രൂപയാണ്. അതായത് രാജ്യത്തിന്റെ മൊത്തം കട ബാധ്യതയുടെ 24.4 ശതമാനത്തോളം.

Related Articles
Next Story
Videos
Share it