പ്രതീക്ഷയ്‌ക്കൊപ്പം ഉയരാതെ ഇന്ത്യയുടെ കയറ്റുമതി നേട്ടം? ഈ വര്‍ഷവും വെല്ലുവിളികള്‍ നിരവധി

ഇന്ത്യയുടെ 2023-24 സാമ്പത്തിക വര്‍ഷത്തെ മൊത്തം ചരക്ക് കയറ്റുമതി ഏകദേശം 445 ബില്യണ്‍ ഡോളറായിരിക്കുമെന്ന് (37.1 ലക്ഷം കോടി രൂപ) വിദഗ്ധര്‍. ഇത് മുന്‍വര്‍ഷത്തെ 451 ബില്യണ്‍ ഡോളറിനേക്കാള്‍ (37.6 ലക്ഷം കോടി രൂപ) 1.3 ശതമാനം കുറവായിരിക്കും. മാര്‍ച്ചിലെ ചരക്ക് കയറ്റുമതി ഏകദേശം 40 ബില്യണ്‍ ഡോളറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ 2023-24 സാമ്പത്തിക വര്‍ഷം മൊത്തം ചരക്ക് കയറ്റുമതി ഏകദേശം 440-445 ബില്യണ്‍ ഡോളറിലെത്തിനില്‍ക്കാനാണ് സാധ്യതയെന്ന് അവര്‍ പറയുന്നു.

വെല്ലുവിളി നിറഞ്ഞ് പുതുവര്‍ഷം

ഇന്ത്യയുടെ കയറ്റുമതി വളര്‍ച്ച യു.എസിലെയും യൂറോപ്പിലെയും പ്രധാന വിപണികളിലെ പണപ്പെരുപ്പ-പലിശ നിരക്കുകളെ ആശ്രയിച്ചിരിക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. 2022-23നെ അപേക്ഷിച്ച് 2023-24ല്‍ കയറ്റുമതി കുറയുമെന്ന് ഉറപ്പുള്ളതിനാല്‍ പുതുവര്‍ഷം വെല്ലുവിളി നിറഞ്ഞതാണെന്ന് ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ (എഫ്.ഐ.ഇ.ഒ) ഡയറക്ടര്‍ ജനറലും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ അജയ് സഹായ് അഭിപ്രായപ്പെട്ടു.

2023-24 സാമ്പത്തിക വര്‍ഷം ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ കയറ്റുമതിയില്‍ 9 ശതമാനം വാര്‍ഷിക ഇടിവാണുണ്ടായത്. ശേഷം ഒക്ടോബര്‍ മുതലാണ് കയറ്റുമതി ഉയര്‍ന്നു തുടങ്ങിയത്. സേവന കയറ്റുമതി ഫെബ്രുവരി വരെ 6.7 ശതമാനം ഉയര്‍ന്ന് 314.8 ബില്യണ്‍ ഡോളറിലെത്തി (26 ലക്ഷം കോടി രൂപ). ഇത് 2023-24ല്‍ ഏകദേശം 345 ബില്യണ്‍ ഡോളറില്‍ (28 ലക്ഷം കോടി രൂപ). അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

2023-24ല്‍ മൊത്തത്തിലുള്ള കയറ്റുമതി 790 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് (65 ലക്ഷം കോടി രൂപ) പ്രതീക്ഷിക്കുന്നത്. 2022-23ല്‍ ഇത് 777.6 ബില്യണ്‍ ഡോളറായിരുന്നു (64 ലക്ഷം കോടി രൂപ). നിലവിൽ കയറ്റുമതിയുടെ ഔദ്യോഗിക കണക്കുകൾ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. ഈ കണക്കുകൾ വന്നാൽ മാത്രമേ യഥാര്‍ത്ഥ ചിത്രം വ്യക്തമാകൂ.



Related Articles
Next Story
Videos
Share it