വ്യാപാര കമ്മിയില്‍ റെക്കോര്‍ഡ് ഉയര്‍ച്ച; ജൂണിലെ ഇറക്കുമതി 63.58 ബില്യണ്‍ ഡോളറിന്

ഇന്ത്യയുടെ വ്യാപാര കമ്മി (india's trade gap) ജൂണ്‍ മാസം റെക്കോര്‍ഡ് നിരക്കായ 25.6 ബില്യണ്‍ ഡോളറിലെത്തി. ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള വ്യത്യാസമാണ് വ്യാപാര കമ്മി. കഴിഞ്ഞ മാസം ഇന്ത്യ 63.58 ബില്യണ്‍ ഡോളറിന്റെ സാധനങ്ങള്‍ ഇറക്കുമതി ചെയ്തപ്പോള്‍ കയറ്റുമതി വെറും 37.90 ബില്യണ്‍ ഡോളറിന്റേതായിരുന്നു.

രാജ്യത്തിന്റെ ഇറക്കുമതി ചെലവ് തുടര്‍ച്ചയായി ഉയരുകയാണ്. എന്നാല്‍ അതിന് ആനുപാതികമായി കയറ്റുമതിയില്‍ വര്‍ധനവ് ഉണ്ടാകുന്നില്ല. 2021ല്‍ ഇന്ത്യയുടെ കയറ്റുമതി 30.63 ബില്യണ്‍ ഡോളറിന്റെയും ഇറക്കുമതി 45.72 ബില്യണ്‍ ഡോളറിന്റേയും ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് കയറ്റുമതി 16 ശതമാനം വര്‍ധിച്ചപ്പോള്‍ ഇറക്കുമതിയില്‍ 51 ശതമാനത്തിന്റെ കുതിച്ചു ചാട്ടമാണ് ഉണ്ടായത്.

സ്വര്‍ണം, ക്രൂഡ് ഓയില്‍, കല്‍ക്കരി എന്നിവയുടെ ഇറക്കുമതി ഉയര്‍ന്നതും രൂപയുടെ മൂല്യത്തകര്‍ച്ചയുമാണ് ഇറക്കുമതി ചെലവ് ഉയര്‍ത്തുന്ന പ്രധാന ഘടകങ്ങള്‍. എഞ്ചിനീയറിംഗ്, ഫാര്‍മസ്യൂട്ടിക്കല്‍ സാധനങ്ങളുടെ കയറ്റുമതി ജൂണില്‍ കുറഞ്ഞപ്പോള്‍ ജുവലറി, റെഡിമെയ്ഡ് ഗാര്‍മെന്റ്‌സ്, അരി തുടങ്ങിവയുടെ കയറ്റുമതി ഉയര്‍ന്നു.

ഇറക്കുമതി കുറയ്ക്കുന്നതിനായി കേന്ദ്രം കഴിഞ്ഞ ദിവസം സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ 10.75 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തിയിരുന്നു. വ്യാപാര കമ്മി കുറയ്ക്കാനായി കൂടുതല്‍ സാധനങ്ങളുടെ ഇറക്കുമതി തീരുവ കേന്ദ്രം ഉയര്‍ത്തിയേക്കും.

Related Articles

Next Story

Videos

Share it