ഫെബ്രുവരിയില്‍ തൊഴിലില്ലായ്മാ നിരക്ക് 7.45 ശതമാനമായി
ഇന്ത്യയിലെ തൊഴിലില്ലായ്മാ നിരക്ക് ജനുവരിയിലെ 7.14 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.45 ശതമാനമായി ഉയര്‍ന്നു. ഇതോടെ രാജ്യത്ത് തൊഴിലില്ലാത്തവരുടെ മൊത്തം എണ്ണം ജനുവരിയിലെ 3.15 കോടിയില്‍ നിന്ന് 3.3 കോടിയായി. കഴിഞ്ഞ നാല് മാസങ്ങളില്‍ കുറഞ്ഞു നിന്നിരുന്ന ഗ്രാമീണ തൊഴിലില്ലായ്മ ഗണ്യമായി വര്‍ധിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാജ്യത്തെ മൊത്ത തൊഴിലില്ലായ്മാ നിരക്ക് ഉയര്‍ന്നതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ എക്കണോമി (സിഎംഐഇ) പറഞ്ഞു.
ഗ്രാമീണ മേഖലയില്‍ ഉയര്‍ന്നു
ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 6.48 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.23 ശതമാനമായി ഉയര്‍ന്നു. അതേസമയം നഗരങ്ങളിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിലെ 8.55 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 7.93 ശതമാനമായി കുറഞ്ഞു. സിഎംഐഇയുടെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ തൊഴില്‍ പങ്കാളിത്ത നിരക്ക് ജനുവരിയിലെ 39.8 ശതമാനത്തില്‍ നിന്ന് ഫെബ്രുവരിയില്‍ 39.92 ശതമാനമായി ഉയര്‍ന്നു. അതിനാല്‍ തൊഴിലാളികളുടെ എണ്ണം 44.08 കോടിയില്‍ നിന്ന് 44.29 കോടിയായി വര്‍ധിച്ചു.