അംബാനിയും അദാനിയും മാത്രമല്ല, 2025ല്‍ കൂടുതല്‍ നഷ്ടം നേരിട്ടവരില്‍ ഇവരും, ആഗോള ഭീമന്‍മാര്‍ക്കും വിപണി നല്‍കിയത് കനത്ത പ്രഹരം

ഏഴ് ഇന്ത്യന്‍ ശതകോടീശ്വരന്‍മാരുടെ മാത്രം നഷ്ടം മൂന്ന് ലക്ഷം കോടി ഡോളറിനടുത്ത്
billionnairs of india
Published on

ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി നഷ്ടത്തിലേക്ക് കൂപ്പുകുത്തിയത് സാധാരണക്കാരായ നിക്ഷേപകരെ മാത്രമല്ല രാജ്യത്തെ ശതകോടീശ്വരന്‍മാരെയും നിരാശയിലാക്കി. മുകേഷ് അംബാനി, ഗൗതം അദാനി, ശിവ് നാടാര്‍, അസിം പ്രേജി, ഷാപ്പൂര്‍ജി മിസ്ത്രി, സാവിത്രി ജിന്‍ഡാല്‍, ദിലീപ് സാംഗ്വി എന്നീ ഏഴ് ശതകോടീശ്വരന്‍മാരുടെ മാത്രം സമ്പത്തില്‍ സംയുക്തമായി 3,400 കോടി ഡോളറിന്റെ നഷ്ടമാണ് ഈ വര്‍ഷം ഇതുവരെ സംഭവിച്ചത്.

ബ്ലൂംബെര്‍ഗിന്റെ ശതകോടീശ്വര സൂചിക പ്രകാരം ഒരിക്കല്‍ ഇവരുടെ സംയുക്ത ആസ്തി 3,000 കോടി ഡോളറിനു മുകളിലായിരുന്നു. എന്നാല്‍ വിപണിയുടൈ തുടര്‍ച്ചയായ വീഴ്ച ഇവരുടെ സമ്പത്തിനെ ഗണ്യമായി ബാധിച്ചു.

നഷ്ട'ക്കോടികള്‍'

രാജ്യത്തെ ഏറ്റവും സമ്പന്നന്‍ എന്ന വിശേഷണത്തിനുടമയായ മുകേഷ് അംബാനിയുടെ സമ്പത്തില്‍ നിന്ന് 3,130 കോടി ഡോളറാണ് (ഏകദേശം 2.72 ലക്ഷം കോടി രൂപ) ഈ വര്‍ഷം തുടച്ചു നീക്കപ്പെട്ടത്. എന്നിരുന്നാലും 8,750 കോടി ഡോളര്‍ ആസ്തിയുമായി ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ മുകേഷിന് സാധിച്ചു. വിപണിയുടെ വീഴ്ചയിലും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരി 2.54 ശതമാനം നേട്ടത്തില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ് 28.7 ശതമാനം താഴേക്ക് പോയി.

ഗൗതം അദാനിക്ക് 1,000 കോടി ഡോളറിന്റെ (ഏകദേശം 87,200 കോടി രൂപ) നഷ്ടമാണ് ഇക്കാലയളവില്‍ ഉണ്ടായത്. ഇതോടെ മൊത്തം ആസ്തി 6,880 കോടി ഡോളറായി ചുരുങ്ങി. അദാനി ഗ്രൂപ്പിനു കീഴിലുള്ള മുഖ്യ കമ്പനിയായ അദാനി എന്റര്‍പ്രൈസസ് ഓഹരി മാത്രം 12 ശതമാനം ഇടിവാണ് നേരിട്ടത്. അദാനി ഗ്രീന്‍ എനര്‍ജി, അദാനി ടോട്ടല്‍ ഗ്യാസ് എന്നിവ 22 ശതമാനം ഇടിഞ്ഞു.

എച്ച്.സി.എല്‍ ടെക്‌നോളജീസിന്റെ ശിവ് നാടാറാണ് കനത്ത നഷ്ടം നേരിട്ട ശതകോടീശ്വരന്‍മാരില്‍ അടുത്തത്. 713 കോടി ഡോളറിന്റെ നഷ്ടമാണ് രേഖപ്പെടുത്തുന്നത്. ഇതോടെ അദ്ദേഹത്തിന്റെ ആകെ ആസ്തി 3,600 കോടി ഡോളറായി കുറഞ്ഞു.

വിപ്രോയുടെ അസിം പ്രേംജിയുടെ ആസ്തിയില്‍ നിന്ന് 270 കോടി ഡോളറാണ് വിപണിയുടെ രക്തച്ചൊരിച്ചിലില്‍ ഒഴുകിപോയത്. ഷാപ്പൂര്‍ജി പല്ലോന്‍ജി ഗ്രൂപ്പിന്റെ ഷാപ്പൂര്‍ മിസ്ത്രിയ്ക്ക് ആസ്തിയില്‍ 452 കോടി ഡോളറിന്റെ നഷ്ടമുണ്ടായി. നിലവില്‍ 3410 കോടി ഡോളറാണ് മൊത്തം ആസ്തി.

ഒ.പി ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ സാവിത്രി ജിന്‍ഡാലിന്റെ ആസ്തി 222 കോടി ഡോളറിന്റെ നഷ്ടത്തോടെ 3010 കോടി ഡോളറിലുമെത്തി.

സണ്‍ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ദിലീപ് സാംഗ്‌വിയ്ക്കും കാര്യമായ ആഘാതമുണ്ടാക്കി വിപണി. 421 കോടി ഡോളറിന്റെ നഷ്ടം സംഭവിച്ചതോടെ മൊത്തം ആസ്തി 2530 കോടി ഡോളറായി കുറഞ്ഞു.

വീഴ്ചയില്‍ മുന്നില്‍ രവി ജയ്പുരിയ

ബ്ലൂംബെര്‍ഗ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യന്‍ ശതകോടീശ്വരന്മാരില്‍ ശതമാനക്കണക്കില്‍ ഏറ്റവും വലിയ നഷ്ടം രേഖപ്പെടുത്തിയത് രവി ജയ്പുരിയയാണ്.

ഭക്ഷണ പാനീയങ്ങള്‍, ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ ശ്രദ്ധപതിപ്പിച്ചിട്ടുള്ള ആ.ജെ കോര്‍പ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ രവി ജയ്പുരിയയുടെ സമ്പത്തിന്റെ 26 ശതമാനമാണ് വിപണിയുടെ കുത്തൊഴുക്കില്‍ പെട്ട് ഇല്ലാതായത്. ആസ്തി 1760 കോടി ഡോളറില്‍ നിന്ന് 1,310 കോടി ഡോളറായി കുറഞ്ഞു. വരുണ്‍ ബിവറേജസിന്റെ ഓഹരിയിലുണ്ടായ തകര്‍ച്ചയാണ് നഷ്ടത്തിന്റെ പ്രധാന കാരണം.

പ്രോപ്പര്‍ട്ടി ഡവലപ്പറായ ഡി.എല്‍.എഫിന്റെ ഉടമ കെ.പി. സിംഗാണ് രണ്ടാം സ്ഥാനത്ത്. ആസ്തി 25 ശതമാനം ഇടിഞ്ഞ് 1,360 കോടി ഡോളറായി. മാക്രോടെക് ഡെവലപ്പേഴ്‌സിന്റെ സ്ഥാപകനായ മംഗള്‍ പ്രഭാത് ലോധ മൂന്നാം സ്ഥാനത്താണ്. ആസ്തി 21 ശതമാനം കുറഞ്ഞ് 980 കോടി ഡോളറിലെത്തി. നാലാം സ്ഥാനത്ത് ഗൗതം അദാനിയും (20ശതമാനം) അഞ്ചാം സ്ഥാനത്ത് ശിവ് നാടാരുമാണ് (20 ശതമാനം).

വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ വിറ്റൊഴിയലും ഉയര്‍ന്ന വാല്വേഷന്‍ ആശങ്കകളും യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉയര്‍ത്തിവിട്ട ആഗോള വ്യാപാരയുദ്ധവുമൊക്കെയാണ് ഇന്ത്യന്‍ വിപണിയെ കുത്തനെ താഴ്ത്തിയത്.

ഇതിന്റെ ഫലമായി സെന്‍സെക്‌സും നിഫ്റ്റിയും ഈ വര്‍ഷം ഇതുവരെ 4.5 ശതമാനം ഇടിവ് രേഖപ്പെടുത്തി. മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളുടെ നഷ്ടം യഥാക്രമം 14 ശതമാനം, 17 ശതമാനം എന്നിങ്ങനെയാണ്.

ആഗോള ഭീമന്‍മാരും 'പെട്ടു'

വിപണികളുടെ തകര്‍ച്ച ഇന്ത്യയില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതാണ് അവസ്ഥ. ലോകത്തിലെ ഏറ്റവും സമ്പന്ന വ്യക്തിയായ ഇലോണ്‍ മസ്‌കിന് 12,600 കോടി ഡോളറിന്റെ നഷ്ടമാണ് സംഭവിച്ചത്. ടെസ്‌ല ഓഹരികള്‍ 36 ശതമാനം ഇടിവ് രേഖപ്പെടുത്തിയതാണ് കാരണം. ആമസോണ്‍ സി.ഇ.ഒ ജെഫ് ബസോസിന് 2,120 കോടി ഡോളറിന്റെയും മെറ്റ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന് 661 കോടി ഡോളറിന്റെയും നഷ്ടമാണ് ഈ വര്‍ഷമുണ്ടായത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com