ഇന്ത്യയിലെ സമ്പന്നകുടുംബങ്ങള്‍ 2020 ല്‍ സംഭാവനയായി നല്‍കിയത് 12,000 കോടി രൂപ

ഇന്ത്യയുടെ സ്വകാര്യമേഖല 2020 സാമ്പത്തിക വര്‍ഷത്തില്‍ ധനസഹായമായി ചെലവഴിച്ചത് 64,000 കോടി രൂപയാണെന്ന്് റിപ്പോര്‍ട്ട്. 2019 ല്‍ നിന്ന് 23 ശതമാനം ആണ് ഉയര്‍ച്ച. അംബാനി ഉള്‍പ്പെടുന്ന ഇന്ത്യയിലെ ധനിക കുടുംബങ്ങള്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ഈകാലയളവില്‍ നീക്കിവെച്ചത് 12,000 കോടി രൂപയാണ്. മൂന്നിരട്ടിയാണ് വര്‍ധനയെന്ന് ബെയിന്‍ ആന്‍ഡ് കമ്പനി, ദസ്ര എന്നിവയുടെ ഇന്ത്യ ഫിലാന്ത്രോപ്പി റിപ്പോര്‍ട്ട് 2021 ല്‍ പറയുന്നു.

വാര്‍ഷിക പരമ്പരയിലെ പതിനൊന്നാമത്തെ റിപ്പോര്‍ട്ട് ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമഗ്രമായ വീക്ഷണം പങ്കിടുന്നു.
സ്വകാര്യമേഖലയുടെ മറ്റ് എല്ലാ സ്രോതസ്സുകളും, അതായത് വിദേശ, കോര്‍പ്പറേറ്റ്, റീറ്റെയില്‍ മേഖല നിശ്ചലമായി നില്‍ക്കുമ്പോഴും ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികളില്‍ നിന്നോ കുടുംബങ്ങളില്‍ നിന്നോ ഉള്ള ധനസഹായം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വിദേശ ധനസഹായം മൊത്തം ഫണ്ടിംഗിന്റെ നാലിലൊന്ന് വരും. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (സിഎസ്ആര്‍) എന്നറിയപ്പെടുന്ന ആഭ്യന്തര കോര്‍പ്പറേഷന്‍ ഡൊണേഷനുകള്‍ 28 ശതമാനവും റീറ്റെയ്ല്‍ നിക്ഷേപകരുടേത് 28 ശതമാനവും വരും. കുടുംബ ട്രസ്റ്റുകള്‍ വഴിയുള്ള സംഭാവന 20ശതമാനവുമാണ്. വളര്‍ച്ചയുടെ ഏറ്റവും വലിയ സ്രോതസ്സ് കൂടിയാണ് ഇത്.
വിദ്യാഭ്യാസം, ആരോഗ്യം എന്നീ മേഖലയിലേക്കാണ് കൂടുതല്‍ തുകയും എത്തിയിട്ടുള്ളത്. കുടുംബങ്ങള്‍ യഥാക്രമം 47 ശതമാനവും 27 ശതമാനവുമാണ് ഈ മേഖലകള്‍ക്കായി നല്‍കിയിട്ടുള്ളത്്.
മുംബൈ, ഡല്‍ഹി, ബെംഗളുരു എന്നിവിടങ്ങളിലെ കുടുംബങ്ങളാണ് പങ്കാളിത്തത്തില്‍ മുന്നില്‍. ഫണ്ട് ചെയ്യുന്നവര്‍, ഗവണ്‍മെന്റ്, എന്‍ജിഒകള്‍ എന്നിവ തമ്മിലുള്ള കൂടുതല്‍ സഹകരണത്തിനുള്ള തെളിവായി റിപ്പോര്‍ട്ടിനെ കണക്കാക്കാം. സങ്കീര്‍ണ്ണമായ സാമൂഹിക പ്രശ്നങ്ങള്‍ക്കുള്ള പരിഹാരങ്ങള്‍ ഒരുമിച്ച് സൃഷ്ടിക്കപ്പെടുന്നതായും ഇതിലൂടെ വെളിവാകുന്നതായി ബെയിന്‍ ആന്‍ഡ് കമ്പനി, ദസ്ര എന്നിവയില്‍ നിന്നുള്ള വിശകലന വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it