രാജ്യത്തെ മൊത്തവില പണപ്പെരുപ്പം 22 മാസത്തെ താഴ്ന്ന നിലയില്‍

രാജ്യത്തെ മൊത്തവിലയെ (Wholesale Price Index) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം (wholesale Inflation) 22 മാസത്തെ താഴ്ന്ന നിലയില്‍. 2022 ഡിസംബര്‍ മാസം 4.95 ശതമാനമായിരുന്നു പണപ്പെരുപ്പം. നവംബറിനെ അപേക്ഷിച്ച് 0.9 ശതമാനം ഇടിവാണ് മൊത്തവിലക്കയറ്റത്തില്‍ ഉണ്ടായത്.

ഫെബ്രുവരി 2021ന് ശേഷം ആദ്യമായാണ് മൊത്തവില പണപ്പെരുപ്പം 5 ശതമാനത്തിന് താഴെ എത്തുന്നത്. ഭഷ്യ സാധനങ്ങള്‍, പെട്രോളിയം-നാച്ചുറല്‍ ഗ്യാസ്, ടെക്‌സ്‌റ്റൈല്‍സ്, കെമിക്കല്‍ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ വില ഇടിഞ്ഞതാണ് പണപ്പെരുപ്പം താഴാന്‍ കാരണം.

ഭഷ്യവിലക്കയറ്റം 0.65 ശതമാനം ഇടിഞ്ഞ് 2.17ല്‍ എത്തി. പെട്രോളിയം-നാച്ചുറല്‍ ഗ്യാസ് മേഖലയിലെ വിലക്കയറ്റം 48.23ല്‍ നിന്ന് 39.71 ശതമാനം ആയി കുറഞ്ഞു. അതേ സമയം ഇന്ധന-ഊര്‍ജ്ജ മേഖലയില്‍ വിലക്കയറ്റം 0.74 ശതമാനം വര്‍ധിക്കുകയാണ് ചെയ്തത്.

ഒക്ടോബര്‍-ഡിസംബര്‍ കാലയളവിലെ മൊത്തവില പണപ്പെരുപ്പം

ഉപഭോക്തൃ വിലയെ അടിസ്ഥാനമാക്കിയുള്ള ചില്ലറ പണപ്പെരുപ്പത്തിന്റെ (Retail Inflation) കണക്കുകള്‍ കഴിഞ്ഞ ആഴ്ചകേന്ദ്രം പ്രസിദ്ധീകരിച്ചിരുന്നു. ഡിസംബര്‍ മാസം (2022) 5.72 ശതമാനം ആണ് രാജ്യത്തെ പണപ്പെരുപ്പം. വിലക്കയറ്റ നിരക്ക് കുറഞ്ഞെങ്കിലും അടുത്ത മാസം റിസര്‍വ് ബാങ്ക് റീപോ നിരക്ക് അല്‍പം കൂട്ടും എന്നു തന്നെയാണു നിരീക്ഷകര്‍ കരുതുന്നത്. നിലവില്‍ 6.25 ശതമാനമാണു റീപോ നിരക്ക്. ഇത് 6.5 ശതമാനമാക്കും എന്നാണു നിഗമനം.

Related Articles
Next Story
Videos
Share it