കോഴിക്കോട്-ലക്ഷദ്വീപ് റൂട്ടില്‍ 'നിരക്ക്' യുദ്ധത്തിന് വിമാന കമ്പനികള്‍; ടൂറിസം മേഖലയ്ക്ക് ലോട്ടറി, പാക്കേജുകള്‍ റെഡി

സഞ്ചാരികളുടെ സ്വപ്‌ന ഭൂമിയാണ് ലക്ഷദ്വീപ്. കണ്ണെത്താ ദൂരം പരന്നു കിടക്കുന്ന ദ്വീപില്‍ സമയം ചെലവിടാന്‍ പലരും ആഗ്രഹിക്കുന്നുണ്ടെങ്കിലും ചെറിയ ശതമാനം ആളുകള്‍ക്ക് മാത്രമാണ് അവസരം ലഭിക്കുന്നത്. സര്‍ക്കാര്‍ തലത്തിലെ നിയന്ത്രണങ്ങളും യാത്രസൗകര്യങ്ങളുമാണ് പലരെയും അലട്ടിയിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷദ്വീപ് സന്ദര്‍ശിച്ചതോടെ ദ്വീപിന്റെ ടൂറിസം ഭൂപടത്തില്‍ വലിയ ഉണര്‍വാണ് ഉണ്ടായിരിക്കുന്നത്.
മാലദ്വീപിന് ബദലായി ഇന്ത്യ ഉയര്‍ത്തി കൊണ്ടുവരുന്ന ടൂറിസം ഹബ്ബാണ് ലക്ഷദ്വീപ്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിനു ശേഷം നിരവധി കോര്‍പറേറ്റ് കമ്പനികള്‍ ലക്ഷദ്വീപില്‍ വന്‍കിട പദ്ധതികള്‍ക്ക് തുടക്കമിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇന്‍ഡിഗോ എയര്‍ലൈന്‍സ് ലക്ഷദ്വീപിലേക്ക് പ്രതിദിന വിമാന സര്‍വീസും പ്രഖ്യാപിച്ചിരുന്നു. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് ഒരു വിമാനക്കമ്പനി ലക്ഷദ്വീപിലേക്ക് പ്രതിദിന സര്‍വീസ് ആരംഭിക്കുന്നത്.
കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നു കൊച്ചി വഴിയാണ് ലക്ഷദ്വീപിലെ അഗത്തിയിലേക്കുള്ള ഈ സര്‍വീസ്. മെയ് ഒന്നിനാണ് സര്‍വീസ് ആരംഭിക്കുക. ഒരാള്‍ക്ക് 5,000-6,000 രൂപയ്ക്ക് ഇടയ്ക്കാകും ടിക്കറ്റ് നിരക്ക് വരിക. 78 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിക്കും. നിലവില്‍ ബെംഗളൂരു-അഗത്തി റൂട്ടില്‍ ഇന്‍ഡിഗോ നേരിട്ടുള്ള സര്‍വീസ് നടത്തുന്നുണ്ട്.
സമയക്രമം ഇങ്ങനെ: കരിപ്പൂരില്‍നിന്ന് രാവിലെ 10.20നു പുറപ്പെട്ട് 10.55ന് കൊച്ചിയില്‍. അവിടെനിന്ന് 11.25നു പുറപ്പെട്ട് ഉച്ചയ്ക്ക് ഒരു മണിക്ക് അഗത്തിയില്‍. അതേദിവസം അഗത്തിയില്‍നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനം സര്‍വീസ് സമയം: ഉച്ചയ്ക്ക് 12.10നു പുറപ്പെട്ട് 1.25ന് കൊച്ചിയില്‍. 1.45നു പുറപ്പെട്ട് 2.30നു കോഴിക്കോട്ട്.
ടൂറിസം പാക്കേജുകളുമായി കമ്പനികളും
ലക്ഷദ്വീപിലേക്ക് പോയി വരുന്നതിനുള്ള പ്രയാസങ്ങള്‍ കുറഞ്ഞതോടെ ടൂറിസം ഏജന്‍സികളും പാക്കേജുകള്‍ പ്രഖ്യാപിച്ച് മല്‍സരം കൊഴുപ്പിച്ചിട്ടുണ്ട്. ഒരു വശത്തേക്ക് വിമാനത്തില്‍ പോയി തിരിച്ച് കപ്പലില്‍ മടങ്ങുന്ന തരത്തിലുള്ള പ്ലാനുകളുമുണ്ട്. വേനല്‍ക്കാല പാക്കേജുകള്‍ക്ക് വലിയ സ്വീകാര്യത ലഭിക്കുമെന്നാണ് ടൂറിസം കമ്പനികളുടെ പ്രതീക്ഷ.
നിലവില്‍ ഊട്ടി, കൊടൈക്കനാല്‍ തുടങ്ങി സ്ഥലങ്ങളിലേക്ക് പോകുന്നവര്‍ ലക്ഷദ്വീപിലേക്ക് പ്ലാന്‍ മാറ്റാനുള്ള സാധ്യത വര്‍ധിച്ചിട്ടുണ്ട്. ചെറിയ ചെലവില്‍ പോയി വരാമെന്നത് തന്നെയാണ് ലക്ഷദ്വീപിന്റെ ആകര്‍ഷകത. വിമാന സര്‍വീസുകള്‍ കൂടുന്നതോടെ ചെലവ് വീണ്ടും കുറയാന്‍ സാധ്യതയുണ്ട്.
നിരക്ക് കുറയും, യാത്രക്കാര്‍ക്ക് നേട്ടം
പ്രതിദിന വിമാന സര്‍വീസ് വരുന്നതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ യാത്രക്കാര്‍ തന്നെയാണ്. നിലവില്‍ കൊച്ചിയില്‍ നിന്നു അഗത്തിയിലേക്ക് ഏറ്റവും കുറഞ്ഞ ടിക്കറ്റ് 7,500-9,000 നിരക്കിലാണ്. പ്രതിദിന സര്‍വീസ് വരുന്നതോടെ 6,000 രൂപയില്‍ താഴെ ടിക്കറ്റ് ലഭിക്കുന്നത് യാത്രക്കാരെ സംബന്ധിച്ച് അനുഗ്രഹമാകും. ലക്ഷദ്വീപിലേക്കുള്ള വിമാന യാത്രനിരക്ക് സമീപഭാവിയില്‍ ഇനിയും കുറയാന്‍ സാധ്യതയുണ്ട്.
മലയാളിയായ മനോജ് ചാക്കോയുടെ നേതൃത്വത്തില്‍ ഗോവ ആസ്ഥാനമായി ആരംഭിച്ച ഫ്‌ളൈ 91 അടുത്തയാഴ്ച്ച മുതല്‍ അഗത്തിയിലേക്ക് സര്‍വീസ് ആരംഭിക്കും. ഗോവയില്‍ നിന്നു ലക്ഷദ്വീപിലേക്കുള്ള ആദ്യ സര്‍വീസാകുമിത്. മറ്റ് ചില എയര്‍ലൈന്‍ കമ്പനികളും ലക്ഷദ്വീപിലേക്ക് സര്‍വീസ് നടത്താന്‍ താല്‍പര്യം പ്രകടിപ്പിച്ചു രംഗത്തെത്തിയിട്ടുണ്ട്.

Related Articles

Next Story

Videos

Share it