പണപ്പെരുപ്പത്തെ അടിച്ചിരുത്തുന്ന നിക്ഷേപ തന്ത്രം അനിവാര്യം: രൂപാ വെങ്കട്കൃഷ്ണന്‍
കാന്‍സര്‍ പോലെയാണ് പണപ്പെരുപ്പം വ്യക്തികളുടെ സാമ്പത്തിക ആരോഗ്യത്തെ ബാധിക്കുന്നതെന്നും പണപ്പെരുപ്പത്തെ മറികടക്കാന്‍ പാകത്തിലുള്ള നിക്ഷേപ തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടതെന്നും സാപ്പിയന്റ് വെല്‍ത്ത് അഡ്വൈസര്‍ ആന്‍ഡ് ബ്രോക്കഴ്‌സ് ഡയറക്റ്റര്‍ രൂപാ വെങ്കട്കൃഷ്ണന്‍. വാങ്ങല്‍ശേഷിയുടെ ഇടിവ് കനത്ത ആഘാതങ്ങള്‍ സൃഷ്ടിക്കുമെന്നും ധനം മാഗസിന്റെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ സംഘടിപ്പിച്ച ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ്, ഇന്‍വെസ്റ്റ്മെന്റ് രംഗത്തെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സംഗമമായ ധനം ബി.എഫ്.എസ്.ഐ സമ്മിറ്റില്‍ അവര്‍ പറഞ്ഞു.
പണപ്പെരുപ്പം വര്‍ഷം തോറും സമ്പാദ്യങ്ങളുടെ മൂല്യം കുറയ്ക്കുന്നതിനാല്‍ ഇതിനെ തടയിടുന്നവിധത്തിലുള്ള നിക്ഷേപങ്ങളാണ് നടത്തേണ്ടതെന്ന് രൂപ പറഞ്ഞു. കഴിഞ്ഞ നാല് ദശാബ്ദത്തിലെ കണക്കെടുത്താല്‍ ഓഹരികളിലുള്ള നിക്ഷേപത്തില്‍ മാത്രമേ പണപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ മൂല്യം സൃഷ്ടിക്കാനായുള്ളൂ. കോംപൗണ്ടിംഗ് രീതി ഉപയോഗിക്കുന്നത് നിങ്ങളുടെ നിക്ഷേപങ്ങള്‍ മെച്ചപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ജനങ്ങള്‍ നിക്ഷേപം നടത്തുന്നത് മൂലധന നിക്ഷേപ വളര്‍ച്ചയ്ക്കും തൊഴിലവസരങ്ങള്‍ സൃഷിടിക്കുന്നതിനും സമൂഹത്തിന്റെ പുരോഗതിക്കും നിര്‍ണായകമായ പങ്ക് വഹിക്കുന്നു.
നിക്ഷേപ തീരുമാനങ്ങില്‍ സ്ത്രീകളുടെപൂര്‍ണമായ പങ്കാളിത്തം അനിവാര്യമാണ്. സ്ത്രീകളുടെ സാമ്പത്തിക ഉള്‍പ്പെടുത്തല്‍ സാമ്പത്തിക വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമാണ്. കുടുംബത്തിന്റെ അത്താണി നഷ്ടപ്പെടുമ്പോള്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് സ്ത്രീകളാണ്. ജനസംഖ്യാ കണക്കുകള്‍ പ്രകാരം സ്ത്രീകളുടെ ആയുസ് പുരുഷന്‍മാരെ അപേക്ഷിച്ച് കൂടുതലാണ്. ധനത്തിന്റെ ദേവതയാണ് ലക്ഷ്മിദേവിയെങ്കിലും ധനം കൈകാര്യം ചെയ്യുന്നത് പുരുഷന്‍മാരാണ്. പണം കൈകാര്യം ചെയ്യുന്ന രീതി മാറേണ്ടതുണ്ടെന്നും രൂപാ വെങ്കട്കൃഷ്ണന്‍ പറഞ്ഞു.