കേന്ദ്ര ബജറ്റ്: വ്യവസായ, വാണിജ്യ മേഖലകള്‍ക്ക് എന്ത് നല്‍കി?
വ്യവസായ വകുപ്പിനെ വ്യവസായ ആഭ്യന്തര വകുപ്പെന്ന് പുനര്‍നാമകരണം ചെയ്ത കേന്ദ്ര ബജറ്റില്‍ ആഭ്യന്തര വ്യാപാരത്തിന് ഏതാനും ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ജി.എസ്.ടി രജിസ്‌ട്രേഷനുള്ള MSME യൂണിറ്റുകളുടെ ഒരു കോടി രൂപ വരെയുള്ള വായ്പകള്‍ക്ക് 2 ശതമാനം പലിശ സബ്‌സിഡി അടുത്ത വര്‍ഷം മുതല്‍ ലഭിക്കും.
രാജ്യത്തെ ലക്ഷക്കണക്കിന് വരുന്ന ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് ഇത് പ്രയോജനകരമാകും. ഗവണ്‍മെന്റ് പദ്ധതികളില്‍ ആവശ്യമായ ഉല്‍പന്നങ്ങളുടെ 25 ശതമാനം എസ്.എം.ഇ മേഖലയില്‍ നിന്നും സംഭരിക്കുമെന്ന നിര്‍ദ്ദേശത്തെയും വ്യവസായ മേഖല സ്വാഗതം ചെയ്തിട്ടുണ്ട്.
ചെറുകിട വ്യവസായ സ്ഥാപനങ്ങളുടെ ജി.എസ്.ടി വരുമാന പരിധി 40 ലക്ഷം രൂപയാക്കി. കൂടാതെ 50 ലക്ഷം വരെ വരുമാനമുള്ള സംരംഭങ്ങള്‍ക്ക് 6 ശതമാനം നികുതി മാത്രം ബാധകമാക്കുകയും ചെയ്തിട്ടുണ്ട്.
വിനോദ വ്യവസായത്തിന് പ്രത്യേക ഊന്നല്‍ ബജറ്റ് നല്‍കുന്നു. സുപ്രധാന കേന്ദ്രങ്ങളിലെ ഷൂട്ടിംഗ് അനുമതികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പെടുത്തുന്നതാണ്. ഫിലിം പൈറസി തടയാന്‍ സിനിമാട്ടോഗ്രാഫി നിയമം ഭേദഗതി ചെയ്യുമെന്നും ബജറ്റില്‍ പറയുന്നു.
5 കോടിയില്‍ താഴെ വിറ്റുവരവുള്ള സംരംഭങ്ങള്‍ ക്വാര്‍ട്ടര്‍ലി റിട്ടേണ്‍ നല്‍കിയാല്‍ മതിയെന്നതാണ് മറ്റൊരു നിര്‍ദ്ദേശം.
വീട് വാങ്ങാന്‍ ജി.എസ്.ടിയില്‍ ഇളവ് നല്‍കുമെന്ന പ്രഖ്യാപനം നിര്‍മ്മാണ മേഖലക്ക് ഗുണകരമാകും. മൃഗസംരക്ഷണം, ഫിഷറീസ് മേഖലകള്‍ക്കുള്ള ബജറ്റ് വിഹിതം 750 കോടി രൂപയായി ബജറ്റില്‍ ഉയര്‍ത്തിയിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റലുണ്ട്.
ജി.എസ്.ടിയിലെ നികുതിഭാരം പഠിക്കാനായി വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നതാണ് മറ്റൊരു സുപ്രധാന നിര്‍ദ്ദേശം. തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ഒരു ഇടക്കാല ബജറ്റായതിനാല്‍ സുപ്രധാന മേഖലകളെ ബജറ്റ് ആഴത്തില്‍ സ്പര്‍ശിച്ചിട്ടില്ലെന്നതാണ് വാസ്തവം.