നികുതിദായകർക്ക് സന്തോഷ വാർത്ത! ആദായനികുതി പരിധി 5 ലക്ഷം ആക്കി ഉയർത്തിയേക്കും
വ്യക്തിഗത നികുതിദായകര്‍ക്ക് ആശ്വസിക്കാം. ഇന്‍കം ടാക്‌സ് പരിധി രണ്ടര ലക്ഷം രൂപയില്‍ നിന്ന് ഇരട്ടിയാക്കി അഞ്ചു ലക്ഷം രൂപയിലേക്ക് ഉയര്‍ത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.
ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ലോക്‌സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ബി.ജെ.പി പുറത്തെടുക്കുന്ന അടവുകളിലൊന്നായാണ് ധനകാര്യവിദഗ്ധര്‍ ഈ നീക്കത്തെ വിലയിരുത്തുന്നത്.
നിലവില്‍ രണ്ടരലക്ഷം രൂപ വരെയാണ് വ്യക്തിഗത വരുമാന നികുതിയുടെ പരിധി. 2.5-5 ലക്ഷം രൂപ വരുമാനമുള്ളവര്‍ക്ക് അഞ്ച് ശതമാനമാണ് നികുതി. എന്നാല്‍ 5-10 ലക്ഷം രൂപ വരുമാനക്കാര്‍ക്ക് 20 ശതമാനവും 10 ലക്ഷം രൂപയില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമാണ് നികുതി. 80 വയസിന് മുകളിലുള്ളവര്‍ക്ക് അഞ്ച് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതിയില്ല.
രാജ്യത്തെ മധ്യവര്‍ഗക്കാരെയും സ്ഥിരവരുമാനക്കാരെയും ആകര്‍ഷിക്കാന്‍ മോഡി സര്‍ക്കാരിന് ഇതുവഴി സാധിക്കും. ഇന്ത്യയുടെ പുരോഗതിക്ക് മധ്യവര്‍ഗക്കാര്‍ നല്‍കുന്ന സംഭാവനയെക്കുറിച്ചും അവര്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണെന്നും പ്രധാനമന്ത്രി അടുത്തിടെ ഒരു ഇന്റര്‍വ്യൂവില്‍ പരാമര്‍ശിച്ചിരുന്നു.
കഴിഞ്ഞ വര്‍ഷം ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ടാക്‌സ് സ്ലാബുകളില്‍ യാതൊരു മാറ്റവും കൊണ്ടുവരാതെ നികുതിദായകരെ നിരാശയിലാക്കിയിരുന്നു.