ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാനൊരുങ്ങി ആഗോള ബ്രാന്‍ഡുകള്‍
കൊവിഡ് പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായി കൂടുതല്‍ ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍ ഉള്‍പ്പെടെയുള്ള വന്‍കിട കമ്പനികള്‍ ചൈനയിലെ ഉത്പാദന പ്ലാന്റുകള്‍ അടയ്ക്കാന്‍ തയ്യാറെടുക്കുന്നതായി നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് കൂടുതല്‍ വന്‍കിട ബ്രാന്‍ഡുകള്‍ പിന്‍മാറുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ചെനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിയ്ക്കുക എന്ന ക്യാംപെയ്ന്‍ രാജ്യത്ത് കൂടുതല്‍ ശക്തമാകുന്ന സാഹചര്യത്തില്‍ മിക്ക വിദേശ ബ്രാന്‍ഡുകളും അടുത്ത പ്രൊഡക്ഷന്‍ ഹബ് ആയി ഇന്ത്യയെ കാണുമെന്നാണ് സൂചന. ഇത് മെയ്ക്ക് ഇന്‍ ഇന്ത്യയ്ക്ക് കരുത്തേകുമെന്നാണ് കേന്ദ്ര നേതൃത്വം പറയുന്നത്.
മൊബൈല്‍ ഫോണുകള്‍ക്കും ആക്‌സസറികള്‍ക്കും പുറമെ ടെലിവിഷന്‍, എയര്‍ കണ്ടീഷണര്‍, മൈക്രോവേവ് അവന്‍, ഷൂസ്, സ്പീക്കറുകള്‍, മെഡിക്കല്‍ ആന്‍ഡ് ഓട്ടോ പാര്‍ട്‌സുകള്‍ എന്നിവ ഇന്ത്യയില്‍ തന്നെ ഉത്പാദിപ്പിക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ആഗോള ബ്രാന്‍ഡുകള്‍. ആപ്പിള്‍, ഷവോമി കമ്പനികള്‍ക്കായി ഫോണുകള്‍ നിര്‍മിക്കുന്ന ഫോക്‌സ്‌കോണ്‍ തായ്‌വാനിലേതിനെക്കാള്‍ കൂടുതല്‍ നിര്‍മാണം ഇന്ത്യയിലേക്ക് മാറ്റാനുള്ള പദ്ധതികള്‍ നടത്തുന്നുണ്ട്.
അസംസ്‌കൃത വസ്തുക്കള്‍ക്ക് പുറമെ പൂര്‍ണ രൂപത്തിലുള്ള ഉത്പന്നങ്ങള്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത് കുറയ്ക്കും എന്നാണ് പല ആഗോള കമ്പനികളുടെയും ഇപ്പോഴത്തെ നിലപാട്. ഈ തീരുമാനം നിലനില്‍ക്കുമ്പോളും ചൈനയുടേതിന് സമാനമായി അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതിയ്ക്കായി ആശ്രയിക്കാന്‍ ആകുന്ന മറ്റൊരു ഉത്പാദന ഹബ് ഇല്ല എന്നതാണ് കമ്പനികള്‍ക്ക് മുന്നിലുള്ള ഇപ്പോഴത്തെ വെല്ലുവിളി.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline