പകരത്തിന് പകരം: ഡേറ്റ നയത്തിന് മറുപടിയായി എച്ച്-1 ബിയിൽ പിടിമുറുക്കാൻ യുഎസ്
ഇന്ത്യ തങ്ങളുടെ ഡേറ്റ ലോക്കലൈസേഷൻ നയവുമായി മുന്നോട്ടു പോയാൽ എച്ച്-1 ബി വിസ അനുവദിക്കുന്നതിന് പരിധി കൊണ്ടുവരുമെന്ന് യുഎസിന്റെ മുന്നറിപ്പ്. റോയിട്ടേഴ്‌സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
വിദേശ വ്യാപാരം, തീരുവ തുടങ്ങിയ വിഷയങ്ങളിൽ തർക്കം മുറുകുന്നതിന്റെ സൂചനയായിട്ടാണ് സാമ്പത്തിക നിരീക്ഷകർ ഇതിനെ നോക്കിക്കാണുന്നത്.
യുഎസിൽ തൊഴിൽ ചെയ്യാൻ അനുവാദം നൽകുന്ന H-1B വിസ പ്രോഗ്രാമിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യൻ ടെക് കമ്പനികളാണ്. നിലവിൽ രാജ്യങ്ങൾക്ക് മാത്രമായി വിസ പരിധി യുഎസ് കൊണ്ടുവന്നിട്ടില്ല.
ഒരു വർഷം മൊത്തം 85,000 H-1B വിസകൾ അനുവദിക്കുന്നതിൽ 70 ശതമാനവും ഇന്ത്യക്കാർക്കാണ് ലഭിക്കുന്നത്. എന്നാൽ ഡേറ്റ ലോക്കലൈസേഷൻ ചട്ടങ്ങൾ ഇന്ത്യ കൊണ്ടുവന്നാൽ ഇന്ത്യൻ പ്രൊഫഷണലുകൾക്ക് അനുവദിക്കുന്ന വിസയ്ക്ക് പരിധി കൊണ്ടുവരാനാണ് യുഎസ് പദ്ധതി.
കമ്പനികൾ ശേഖരിക്കുന്ന ഇന്ത്യൻ ഉപഭോക്താക്കളുടെ ഡേറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ നയം മാസ്റ്റർകാർഡ് പോലുള്ള വൻകിട യുഎസ് കമ്പനികളെ അസ്വസ്ഥരാക്കിയിട്ടുണ്ട്.