മോദി അസാധുവാക്കിയ 1000 രൂപാ നോട്ട് തിരിച്ചുവരുന്നോ? മറുപടി ഇങ്ങനെ

പ്രചാരത്തിലുള്ള കറന്‍സികളുടെ 86 ശതമാനവും ഒറ്റരാത്രി കൊണ്ട് അസാധുവാക്കുക! 2016 നവംബര്‍ എട്ടിന് രാത്രി രാജ്യത്തോട് അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 500, 1000 രൂപാ നോട്ടുകള്‍ അന്ന് അര്‍ദ്ധരാത്രിക്ക് ശേഷം അസാധുവാക്കുന്നതായി പ്രഖ്യാപിച്ചത്.

അഴിമതി, കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദ ഫണ്ടിംഗ്, പണം പൂഴ്ത്തിവയ്ക്കല്‍, സമാന്തര വിപണിപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ തടയുക ലക്ഷ്യമിട്ടാണ് നോട്ടുകള്‍ അസാധുവാക്കുന്നതെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.
വിമര്‍ശനങ്ങളും മറുവാദങ്ങളും
മുന്നൊരക്കങ്ങളില്ലാതെ അപ്രതീക്ഷിതമായി നോട്ടുകള്‍ അസാധുവാക്കിയത് ഗുണത്തേക്കാളേറെ ദോഷമാണ് സമ്പദ്‌വ്യവസ്ഥയില്‍ സൃഷ്ടിച്ചതെന്ന് മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, റിസര്‍വ് ബാങ്ക് മുന്‍ ഗവര്‍ണര്‍ ഡോ. രഘുറാം രാജന്‍, പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്‌മണ്യന്‍ തുടങ്ങിയവര്‍ വിമര്‍ശിച്ചിരുന്നു.
എന്നാല്‍ നോട്ട് അസാധുവാക്കലിലൂടെ കള്ളപ്പണം, തീവ്രവാദ ഫണ്ടിംഗ് എന്നിവ കുറഞ്ഞെന്നും നികുതിദായകരുടെ എണ്ണം ഉയര്‍ന്നെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമനും ചൂണ്ടിക്കാട്ടുകയുണ്ടായി. നോട്ട് അസാധുവാക്കലിന് ശേഷം ഡിജിറ്റല്‍ പണമിടപാടുകളില്‍ ഇന്ത്യ കാഴ്ചവച്ച മുന്നേറ്റവും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
വരുമോ ₹1000 വീണ്ടും?
നോട്ട് അസാധുവാക്കലിന് ശേഷം കറന്‍സികളുടെ എണ്ണത്തിലുണ്ടായ ദൗര്‍ലഭ്യം തിരിച്ചറിഞ്ഞ് റിസര്‍വ് ബാങ്ക് 2000 രൂപാ നോട്ട് അവതരിപ്പിച്ചിരുന്നു. ഇപ്പോഴിതാ അതും പിന്‍വലിച്ചിരിക്കുന്നു. നോട്ട് അസാധുവാക്കലിനിടെ പിന്‍വലിച്ച 500 രൂപാ നോട്ടുകള്‍ പുതിയ സീരീസായി പുത്തന്‍ രൂപത്തില്‍ പുനരവതരിപ്പിച്ചിരുന്നു. ഇതുപോലെ 1000 രൂപാ നോട്ടും വീണ്ടും കൊണ്ടുവരുമെന്ന് ചിലര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
അതുവെറും കിംവദന്തി മാത്രമാണെന്നും 1000 രൂപാ നോട്ടുകള്‍ തിരികെ കൊണ്ടുവരാന്‍ നിലവില്‍ തീരുമാനമൊന്നുമില്ലെന്നും റിസര്‍വ് ബാങ്കിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 2000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചെങ്കിലും വിപണിയില്‍ കറന്‍സിക്ക് ദൗര്‍ലഭ്യമില്ലെന്നും പ്രചാരത്തില്‍ മറ്റ് നോട്ടുകള്‍ വേണ്ടത്രയുണ്ടെന്നുമാണ് റിസര്‍വ് ബാങ്ക് വ്യക്തമാക്കുന്നത്.
Related Articles
Next Story
Videos
Share it