മോദി സര്‍ക്കാരിന്റെ 'എഥനോള്‍ നയം' ശരിക്കും വാഹനത്തിനും പ്രകൃതിക്കും നല്ലതാണോ?

എഥനോള്‍ ഇന്ധനമായുള്ള ലോകത്തെ ആദ്യ വാഹനം ടൊയോട്ട കഴിഞ്ഞദിവസമാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ജനപ്രിയ മോഡലായ ഇന്നോവയുടെ ഹൈക്രോസ് പതിപ്പാണ് ഫ്‌ളെക്‌സ്-ഫ്യുവല്‍ എന്‍ജിന്‍ ഘടിപ്പിച്ച് ടൊയോട്ട പുറത്തിറക്കിയത്.

ഒന്നിലേറെ ഇന്ധനം ഉപയോഗിച്ച് ഓടാനാവുന്നവയാണ് ഫ്‌ളെക്‌സ്-ഫ്യുവല്‍ എന്‍ജിനുകള്‍. എഥനോളിന് പുറമെ പെട്രോള്‍ എന്‍ജിനും ഇലക്ട്രിക് മോട്ടോറും ടൊയോട്ട അവതരിപ്പിച്ച മോഡലിലുണ്ട്. കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയാണ് വാഹനത്തിന്റെ ഔദ്യോഗിക ലോഞ്ചിംഗ് നിര്‍വഹിച്ചത്.
എഥനോള്‍ ഇന്ധനവും കേന്ദ്ര വാദവും
എഥനോള്‍ അഥവാ ഈഥൈല്‍ അല്‍ക്കഹോളില്‍ ഓക്‌സിജന്റെ അളവ് കൂടുതലായതിനാല്‍ വാഹന എന്‍ജിനില്‍ ജ്വലനം സുഗമമാകുമെന്നും വാഹനങ്ങള്‍ പുറന്തള്ളുന്ന പുകയുടെ (കാര്‍ബണ്‍ എമിഷന്‍) അളവ് കുറയുമെന്നുമാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും.
നിലവില്‍ ഇന്ത്യ ഒരു ലിറ്റര്‍ പെട്രോളില്‍ 10 ശതമാനം എഥനോള്‍ കലര്‍ത്തിയാണ് വില്‍ക്കുന്നത്. കഴിഞ്ഞവ‌ർഷമാണ് കേന്ദ്രസർക്കാരിൽ നിന്നുള്ള പ്രോത്സാഹനത്തിന്റെ ഫലമായി ഈ ലക്ഷ്യം കണ്ടത്. 2025ഓടെ ഇത് 20 ശതമാനമാക്കുമെന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഉപഭോഗത്തിനുള്ള 85 ശതമാനം ക്രൂഡോയിലും ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. എഥനോള്‍ ഉപയോഗം കൂട്ടുന്നതോടെ ക്രൂഡോയില്‍ ഇറക്കുമതി കുറയ്ക്കാമെന്നും അതുവഴി വിദേശനാണ്യം വന്‍തോതില്‍ ലാഭിക്കാമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. എഥനോളിനായി കരിമ്പ്, ചോളം തുടങ്ങിയ കൃഷിയെ കൂടുതലായി ആശ്രയിക്കേണ്ടി വരുമെന്നതിനാല്‍ കര്‍ഷകരുടെ വരുമാനം മെച്ചപ്പെടുമെന്നും കേന്ദ്രം പറയുന്നു.
ശരിക്കും ഇത് ഹരിതോര്‍ജമാണോ?
എഥനോള്‍ ഉപയോഗം വര്‍ദ്ധിപ്പിക്കുകയെന്നത് കേന്ദ്രസര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും കര്‍ഷകര്‍ക്കും മാത്രം നേട്ടമുള്ള കാര്യമാണെന്ന വാദം സോഷ്യല്‍ മീഡിയകളില്‍ ശക്തമാണ്. എഥനോള്‍ വാസ്തവത്തില്‍ പ്രകൃതിയെ നശിപ്പിക്കുകയേയുള്ളൂ എന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രമന്ത്രി നിതിൻ ഗഡ്ഗരി നേരത്തേ ഒരു പഞ്ചാസര നിർമ്മാണക്കമ്പനിയുടെ ചെയർമാനായിരുന്ന കാര്യവും ചിലർ അനുസ്മരിക്കുന്നു.
കരിമ്പ്, ചോളം, ബാര്‍ലി തുടങ്ങിയവയുടെ കാര്‍ഷികാവശിഷ്ടങ്ങളില്‍ നിന്നാണ് എഥനോള്‍ ഉത്പാദിപ്പിക്കുന്നത്. ഇന്ത്യയില്‌ കൂടുതലായും ആശ്രയിക്കുന്നത് കരിമ്പിനെയാണ്. മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് കരിമ്പ്, ചോളം തുടങ്ങിയ കൃഷികളുടെ ഈറ്റില്ലങ്ങള്‍. വലിയ സംസ്ഥാനങ്ങളായ ഇവിടങ്ങളിലെ കര്‍ഷകരെ സ്വാധീനിക്കുക, രാഷ്ട്രീയനേട്ടം ഉറപ്പാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് കേന്ദ്രം എഥനോളിനെ പ്രോത്സാഹിപ്പിക്കുന്നതെന്ന് ചിലര്‍ വാദിക്കുന്നു.
ജലലഭ്യതയ്ക്ക് പ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. കരിമ്പ് കൃഷിക്ക് വന്‍തോതില്‍ ജലം ആവശ്യമാണ്. കൃഷിക്ക് ശേഷം അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് (stubble burning) പ്രകൃതിക്ക് കൂടുതല്‍ ദോഷം ചെയ്യും. ഇവയെല്ലാം പ്രകൃതിയുടെ സന്തുലിതാവസ്ഥ മോശമാക്കുകയേയുള്ളൂ എന്ന് ബ്രസീല്‍, അമേരിക്ക എന്നിവിടങ്ങളിലെ ഉദാഹരണങ്ങള്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
മാത്രമല്ല, പെട്രോളിനേക്കാള്‍ ഇന്ധനക്ഷമത എഥനോളിന് കുറവാണ്. എന്നാൽ,​ എഥനോൾ കലർന്ന പെട്രോളിന് സാധാരണ പെട്രോളിനെ അപേക്ഷിച്ച് വിലകുറവാണെന്നത് ഈ നഷ്ടം കുറയ്ക്കാൻ ഉപഭോക്താവിനെ സഹായിക്കുമെന്ന് കേന്ദ്രം അവകാശപ്പെടുന്നു.
എഥനോള്‍ ഉപയോഗിക്കുന്നത് വാഹനത്തിന്റെ എന്‍ജിന്‍ അടക്കമുള്ള ഭാഗങ്ങള്‍ അതിവേഗം തകരാറിലാകാന്‍ ഇടയാക്കുമെന്നും വാദങ്ങളുണ്ട്. പ്രായോഗിക ഉപയോഗത്തില്‍ പെട്രോളിനേക്കാള്‍ ചെലവേറിയതാണ് എഥനോളെന്നും ഇത് ഉപഭോക്താവിന്റെ സാമ്പത്തികഭാരം കൂട്ടുകയെയുള്ളൂ എന്നും വാദിക്കുന്നവരുമുണ്ട്.
ഇന്ത്യയിലെ എല്ലാ പുതിയ കാറുകളും 2023 ഏപ്രിലിലോടെ 20 ശതമാനം എഥനോൾ-കലർന്ന (എഥനോൾ-ബ്ലെൻഡഡ്‌) ഇന്ധനം ഉപയോഗിക്കാൻ കഴിയുന്നവയാകണം എന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നു. അതേസമയം,​ കേന്ദ്രത്തിന്റെ ഈ 'എഥനോൾ നയം' പഴയ വാഹനങ്ങളെ എങ്ങനെ ബാധിക്കുമെന്ന ആശങ്ക ഉപഭോക്താക്കൾക്കിടയിലുണ്ട്.
ഗഡ്കരിയും പഞ്ചസാരയും
പുർത്തി ഗ്രൂപ്പ് (Purti Group) എന്ന പഞ്ചസാരോത്പന്ന കമ്പനിയുടെ ചെയർമാനായിരുന്നു നേരത്തേ നിതിൻ ഗഡ്കരി. അദ്ദേഹം ഗ്രൂപ്പിൽ നിന്ന് വിരമിച്ചതിന് പിന്നാലെ ഈ കമ്പനിയിൽ നിന്ന് പിന്നീട് മാനസ് ആഗ്രോ ഇൻഡസ്ട്രീസ്,​ സിയാൻ ആഗ്രോ ഇൻഡസ്ട്രീസ് എന്നിങ്ങനെ പുതിയ രണ്ട് കമ്പനികളും പിറന്നു. ഗഡ്കരിയുടെ മക്കളായ സാരംഗ്,​ നിഖിൽ എന്നിവരാണ് ഉടമസ്ഥർ. മദ്യ നിർമ്മാണ രംഗത്തുള്ള ഈ കമ്പനികൾ എഥനോൾ നിർമ്മാണത്തിലും ശ്രദ്ധയൂന്നുന്നവയാണ്. അതേസമയം,​ ഈ കമ്പനികളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇടപെടാറില്ല.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it