

യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്, പലരും വിശേഷിപ്പിക്കുന്നതു പോലെ ആഗോള വ്യാപാര യുദ്ധത്തിന് തുടക്കം കുറിച്ചതോടെ എനിക്കറിയാവുന്ന ബിസിനസുകാരെല്ലാം ആഗോള സമ്പദ് വ്യവസ്ഥയെ കുറിച്ച് വലിയ ആശങ്കയിലാണ്. ആഗോളതലത്തില്‍ എന്താണ് നടക്കുന്നതെന്നും അത് എന്തുകൊണ്ട് സംഭവിക്കുന്നുവെന്നും ബിസിനസുകാര്‍ മനസിലാക്കുകയും ഭാവിയിലെ സാഹചര്യങ്ങള്‍ എങ്ങനെയാണെന്ന് പ്രവചിക്കാന്‍ കഴിയുകയും ചെയ്യേണ്ടത് അത്യാവശ്യമായിരിക്കുന്നു. അതിലൂടെ ഭാവിയിലെ നിലനില്‍പ്പും വിജയവും ഉറപ്പാക്കാന്‍ ആവശ്യമായ നടപടികളെടുക്കാന്‍ അവര്‍ക്ക് സാധിക്കും.
എന്റെ പല ക്ലയ്ന്റുകളും ഈ പ്രശ്നങ്ങളെ കുറിച്ച് എന്നോട് ചോദിക്കാറുണ്ട്. അത് മനസിലാക്കുന്നതിന് വേണ്ടി ഞാന്‍ ഒരു ആഗോള പ്രവചന മാതൃക (Global Prediction Model) ഉണ്ടാക്കിയിട്ടുണ്ട്. എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നതെന്നും എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു എന്നും മനസിലാക്കാനും ഭാവി സാഹചര്യങ്ങളുടെ സാധ്യതകള്‍ പ്രവചിക്കാനും ആ മാതൃക എന്നെ സഹായിക്കുന്നു.
ചിത്രം ഒന്നില്‍ കാണിച്ചിരിക്കുന്നതു പോലെ ആഗോള പ്രവചന മാതൃകയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. കാരണങ്ങള്‍, നടപടികള്‍, ഫലങ്ങള്‍ എന്നിങ്ങനെ.
മിക്ക മാറ്റങ്ങളെയും നയിക്കുന്നത് ട്രംപ് ഭരണകൂടം നടപ്പാക്കുന്ന യുഎസ് നയങ്ങളാണ് എന്നതിനാല്‍ ഈ മോഡലില്‍ യുഎസ് കേന്ദ്രീകൃതമായ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. അതുമായി ബന്ധപ്പെട്ട് 'ഗ്രേറ്റ് പവര്‍ സൈക്കിള്‍', 'ഹൈ യുഎസ് കറന്റ് അക്കൗണ്ട് ഡെഫിസിറ്റ്' എന്നിവയെ കുറിച്ച് മുമ്പ് രണ്ട് ലക്കങ്ങളിലായി വിവരിച്ചിരുന്നു. ആഗോള പ്രവചന മാതൃകയുടെ ഭാഗമായി കാണിച്ചിരിക്കുന്ന 'ലോക ജിഡിപിയില്‍ യുഎസ് വിഹിതത്തിലെ ഇടിവ്' നമുക്ക് പരിശോധിക്കാം.
ചിത്രം രണ്ട് കാണുക. ചിത്രം രണ്ടില്‍ കാണുന്നതു പോലെ ആഗോള ജിഡിപിയിലെ യുഎസ് വിഹിതം 1960ലെ 40 ശതമാനത്തില്‍ നിന്ന് ഗണ്യമായി കുറഞ്ഞ് 2010 ഓടെ 20 ശതമാനത്തിനടുത്തായി.
2024ല്‍ 25ലേറെയായി വര്‍ധിച്ചിട്ടുണ്ടെങ്കിലും 1960 മുതല്‍ ഗണ്യമായ ഇടിവ് തന്നെയാണ് സംഭവിച്ചിരിക്കുന്നത്.
ആഗോള സമ്പദ്‌വ്യവസ്ഥയില്‍ യുഎസിന്റെ വിഹിതം കുറഞ്ഞുവരുന്നത് പ്രശ്നങ്ങള്‍ വളരാന്‍ ഇടയാക്കുമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടി (MAGA) ആശങ്കപ്പെടുന്നു. ട്രിഫിന്‍ പ്രതിസന്ധിയെ കുറിച്ച് നമ്മള്‍ ചിന്തിക്കുമ്പോള്‍ പ്രത്യേകിച്ചും. സാമ്പത്തിക ശാസ്ത്രജ്ഞനായ റോബര്‍ട്ട് ട്രിഫിന്‍ അവതരിപ്പിച്ച ഒരാശയമാണ് ട്രിഫിന്‍ പ്രതിസന്ധി (Triffin Dilemma). ലോകത്തിലെ പ്രധാന റിസര്‍വ് കറന്‍സി നല്‍കുന്ന രാജ്യമാകണമെങ്കില്‍- യുഎസ് ഡോളറിനെ പോലെ- വ്യാപാര കമ്മി ഉണ്ടായിരിക്കണമെന്നാണ് ഇത് പറയുന്നത്. അതിനര്‍ത്ഥം ആ രാജ്യം കയറ്റുമതിയേക്കാള്‍ കൂടുതല്‍ സാധനങ്ങളോ സേവനങ്ങളോ ഇറക്കുമതി ചെയ്യുന്നു എന്നാണ്. അതുകൊണ്ട് തന്നെ ആ രാജ്യത്തിന് മറ്റ് രാജ്യങ്ങളില്‍ നിന്ന് നിരന്തരം പണം കടം വാങ്ങേണ്ടി വരുന്നു.
ഇതിലൂടെ ആ രാജ്യത്തിന്റെ കറന്‍സി (ഇവിടെ യുഎസ് ഡോളര്‍) ആഗോള വ്യാപാരത്തിനായി ആവശ്യത്തിന് ലഭ്യമാകുന്നുണ്ടെന്നും മറ്റ് രാജ്യങ്ങള്‍ കരുതല്‍ ധനമായി കൈവശം വെക്കുമെന്നും ഉറപ്പാക്കാന്‍ സഹായിക്കുന്നു. എന്നാല്‍ യുഎസിനെ പോലെ ആ കറന്‍സി പുറത്തിറക്കുന്ന രാജ്യത്തിന് ആഗോള സമ്പദ്‌വ്യവസ്ഥയിലുള്ള പങ്ക് കുറഞ്ഞുവരുമ്പോള്‍ ട്രിഫിന്‍ പ്രതിസന്ധി പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു.
വര്‍ഷങ്ങളായി യുഎസ് സമ്പദ്‌വ്യവസ്ഥ പ്രബല ഘടകമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ചൈന, യൂറോപ്യന്‍ യൂണിയന്‍ തുടങ്ങിയ മറ്റു സമ്പദ്‌വ്യവസ്ഥകള്‍ കുതിച്ചുവളരുകയാണ്. ഇതിനര്‍ത്ഥം ലോകത്തിലെ ആകെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ചെറിയ പങ്ക് മാത്രമാണ് യുഎസ് വഹിക്കുന്നത് എന്നാണ്.
അതിന്റെ ഫലമായി യുഎസ് ഡോളറിനുള്ള ആവശ്യകതയും ലോക വ്യാപകമായി ചംക്രമണം ചെയ്യപ്പെടേണ്ട ഡോളറിന്റെ അളവും തമ്മില്‍ പൊരുത്തപ്പെടാത്ത സ്ഥിതിയുണ്ടാകുന്നു. ആഗോള സമ്പദ് വ്യവസ്ഥയില്‍ ഡോളറിന്റെ മുഖ്യ പങ്ക് നിലനിര്‍ത്തണമെങ്കില്‍ യുഎസിന്റെ വ്യാപാരക്കമ്മി തുടരേണ്ടതുണ്ട്. അതിനര്‍ത്ഥം, കയറ്റുമതിയേക്കാള്‍ കൂടുതല്‍ ഇറക്കുമതി നടത്തണം. ഇത് അവരുടെ സമ്പദ്‌വ്യവസ്ഥയില്‍ ഒരു വിടവ് സൃഷ്ടിക്കുന്നു. എന്നാല്‍ പ്രശ്നം എന്തെന്നാല്‍ ആഗോള ജിഡിപിയില്‍ യുഎസിന്റെ പങ്ക് കുറയുമ്പോള്‍ ഈ സംവിധാനം നിലനിര്‍ത്തുന്നത് ബുദ്ധിമുട്ടായി മാറുന്നു.
മറ്റ് രാജ്യങ്ങളെ പോലെ യുഎസ് വേഗത്തില്‍ വളരുന്നില്ലെങ്കില്‍, അല്ലെങ്കില്‍ വലിയ കടബാധ്യതകളുണ്ടെങ്കില്‍ ലോകത്തിലെ ഏറ്റവും കരുത്തുറ്റതും സുസ്ഥിരവുമായ കറന്‍സിയായി ഡോളറിനെ നിലനിര്‍ത്താന്‍ യുഎസ് പാടുപെടും.
ലോകത്തിലെ പ്രധാന റിസര്‍വ് കറന്‍സി എന്ന നിലയിലുള്ള ഡോളറിന്റെ ആധിപത്യം നഷ്ടമായാല്‍ മറ്റ് രാജ്യങ്ങള്‍ ബദല്‍ കറന്‍സികള്‍ തേടാനൊരുങ്ങും. ഇത് ആഗോള വ്യാപാര ധനകാര്യ രംഗത്ത് യുഎസിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമാകും. പരസ്പര വ്യാപാരത്തിനും കരുതല്‍ ധനമായും യുഎസ് ഡോളറിന് പകരം ചൈനീസ് യുവാന്‍, യൂറോ പോലുള്ള മറ്റു കറന്‍സികളെ ഉപയോഗിക്കാന്‍രാജ്യങ്ങള്‍ തീരുമാനിച്ചേക്കാം. ഈ പ്രശ്നം പരിഹരിക്കാന്‍ യുഎസിന് കഴിഞ്ഞില്ലെങ്കില്‍ അത് ലോക സമ്പദ്‌വ്യവസ്ഥയില്‍ വലിയ മാറ്റങ്ങള്‍ക്ക് ഇടയാക്കിയേക്കാം.
യുഎസിന് ആധിപത്യം പുലര്‍ത്താന്‍ കഴിയാത്ത ഒരു വ്യവസ്ഥയിലേക്ക് ലോകം നീങ്ങിയേക്കാം. ഇത് ആഗോള വിപണികളില്‍ അനിശ്ചിതത്വത്തിനും അസ്ഥിരതയ്ക്കും കാരണമായേക്കാം. ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ യുഎസിന് സാമ്പത്തിക ശക്തി എന്ന പദവി നിലനിര്‍ത്താന്‍ കഴിയാതെയാക്കും.
ആഗോള പ്രവചന മാതൃകയെ കുറിച്ചുള്ള കൂടുതല്‍ വിശദീകരണം അടുത്ത ലക്കത്തില്‍.
(Originally published in Dhanam Magazine 15 July 2025 issue.)
Is the US heading for a triffin crisis?
Read DhanamOnline in English
Subscribe to Dhanam Magazine