

ട്രംപിന്റെ ഇടി കൊണ്ട് ചതഞ്ഞ കമ്പനികള്‍! ഇത്തരം കമ്പനികള്‍ ചോരയൊലിപ്പിച്ച് നില്‍ക്കുകയാണ് പോര്‍ട്ട് ഫോളിയോ നിറയെ. ഈ കാഴ്ച തുടങ്ങിയിട്ട് കാലം കുറച്ചായി. കൃത്യമായി പറഞ്ഞാല്‍ ജനുവരിയില്‍ തുടങ്ങിയതാണ് ശനിദശ. ഓഹരിയില്‍ നിക്ഷേപിക്കുന്നതിനേക്കാള്‍ ഭേദം ബാങ്കില്‍ എഫ്.ഡി ഇടുന്നതാണ് എന്ന നിലയായി. അതിനും വഴിയില്ല. ഉള്ള കാശ് ഡീമാറ്റ് അക്കൗണ്ടില്‍ നിന്ന് പുറത്തെടുക്കാമെന്നു വെച്ചാല്‍, ആകെപ്പാടെ ചോരയൊലിക്കും. നഷ്ടം ചില്ലറയല്ല. ഇടിഞ്ഞിടിഞ്ഞ്, വാങ്ങിയതിന്റെ പകുതിയോളം വിലയിലെത്തി നില്‍ക്കുന്ന വലിയ കൊമ്പന്മാരുണ്ട് പോര്‍ട്ട്‌ഫോളിയോയില്‍.
മലയാളി മാത്രമല്ല, ഓഹരി വിപണിയിലേക്ക് ലാഭം തൂത്തുവാരിയെടുക്കാന്‍ വലതുകാല്‍ വെച്ചിറങ്ങിയ പല പുതുനിക്ഷേപകരും ഇന്ന് ഇത്തരം ചിന്താഭാരത്തിലാണ്. വെച്ചടി വെച്ചടി കയറ്റമായിരുന്നു കുറെക്കാലമായിട്ട്. അതുകണ്ട് ഓഹരിയില്‍ നിക്ഷേപിച്ചു മുതലാക്കാമെന്നു കരുതി ഒരു റിസ്‌ക് എടുത്തതാണ്. ബാങ്കിലിട്ടാല്‍ പലിശ തീരെ കുറവ്. ഭൂമിയിലോ കെട്ടിടത്തിലോ മുടക്കിയാല്‍ നഷ്ടം. ഓഹരി വിപണിയിലാണെങ്കില്‍ കാളക്കൂറ്റന്മാരുടെ കൂത്താട്ടമായിരുന്നു. ഇന്നിപ്പോള്‍ കാടിവെള്ളം പോലും കുടിക്കാത്ത അവശതയിലാണ് മൂരികള്‍. ട്രംപ് ഇറക്കി വിട്ട കരടികള്‍ പലരുടെയും ഓഹരിപ്പാടം നിരങ്ങി നശിപ്പിക്കുന്നു.
വെയ് രാജാ വെയ്, ഒന്നു വെച്ചാല്‍ നാല് എന്ന മട്ടില്‍ നിക്ഷേപം വളരില്ലെന്ന് മിക്കവര്‍ക്കും മനസിലായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്തുവേണമെന്ന് ഒരു എത്തും പിടിയും കിട്ടുന്നില്ല. അങ്ങനെയുള്ളവര്‍ വായിച്ചറിയാന്‍:
ട്രംപധീന ലോകത്ത്, ഇന്ത്യന്‍ ഓഹരികളില്‍ ഏറ്റവും കുടുതല്‍ പരിക്കേറ്റു അവശരായി കിടക്കുന്ന കമ്പനികളെ തിരിച്ചറിയുക. തീര്‍ച്ചയായും അവര്‍ കയറ്റുമതിക്കാര്‍ തന്നെ. വസ്ത്രം, ആഭരണം, വജ്രം, സമുദോല്‍പന്നങ്ങള്‍, തുകല്‍ സാധനങ്ങള്‍, ഫര്‍ണീച്ചര്‍,കാര്‍പറ്റ്, കെമിക്കല്‍സ്, വാഹന ഭാഗങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കമ്പനികളിലേക്കു നോക്കിയാല്‍ അവ പരവശരായി നില്‍ക്കുന്നതു കാണാം. കുറ്റം അവരുടേതല്ല. നികുതി പൊടുന്നനെ കുതിച്ചുയര്‍ന്നാല്‍ അവരെന്തു ചെയ്യാന്‍? വിലക്കുറവു തേടി ഓര്‍ഡറുകള്‍ മറ്റു രാജ്യങ്ങളിലേക്കു പോകും. ഈ കമ്പനികളുടെ ഓഹരികള്‍ വിപണിയില്‍ ചോരയൊലിപ്പിച്ചു നില്‍ക്കും.
ലക്കു കെട്ടവന്റെ മാതിരി പെരുമാറുന്ന ട്രംപിന്റെ അടി എല്ലാവര്‍ക്കും ഒരുപോലെ കൊള്ളുന്നില്ല. മറ പറ്റി സുരക്ഷിതമായി കഴിയുന്ന ഇത്തരം കമ്പനികളെ കണ്ടെത്തുക. ഫാര്‍മ, സെമി കണ്ടക്ടര്‍, ഇലക്‌ട്രോണിക്‌സ്, ഐ.ടി തുടങ്ങിയ മേഖലകളില്‍ 56 ഇഞ്ച് നെഞ്ചളവുമായി നില്‍ക്കുന്ന കമ്പനികളുണ്ട്. അവര്‍ക്കൊപ്പം കൂടുക. അമേരിക്കന്‍ കയറ്റുമതിയൊന്നും വിഷയമല്ലാതെ, നമ്മുടെ നാട്ടിലെ ബിസിനസു കൊണ്ട് തഴച്ചു വളരുന്ന കമ്പനികളും നിക്ഷേപത്തിന് കൊള്ളാം. ബാങ്ക്, അടിസ്ഥാന സൗകര്യ വികസന മേഖല, ഉപഭോക്തൃ സാധന വിപണനം തുടങ്ങിയവ ഉദാഹരണം. സര്‍ക്കാറിന്റെ ആനുകൂല്യങ്ങള്‍ തേടിയെത്തുന്ന കമ്പനികളും ഉണ്ടാവും.
മുട്ടക്ക് അടയിരുന്ന് നിക്ഷേപം വളര്‍ത്താന്‍ കെല്‍പ്പുള്ള തള്ളക്കോഴികള്‍ എത്രയുണ്ട്, ഓഹരി വിപണിയില്‍! ഉള്ള നിക്ഷേപം പലതായി ഭാഗിച്ച് വിവിധ മേഖലകളില്‍ നിക്ഷേപിക്കുക. ട്രംപിന്റെ പിഴച്ചുങ്കം എല്ലാ മേഖലകളെയും ബാധിക്കുന്നില്ല. അടി കൊള്ളാത്ത മേഖലകളില്‍ ചെറുവിഹിതങ്ങളായി നിക്ഷേപിക്കുക. ഒന്ന് ഒത്തില്ലെങ്കില്‍, മറ്റൊന്ന് ശരിയാവും.
കൈയിലുള്ള സമ്പാദ്യം കാതലുള്ള മരത്തിന് ചുവട്ടില്‍ നിക്ഷേപിക്കുക. കാല്‍ കാശിനു കൊള്ളാത്ത പാഴ്മരങ്ങളുടെ തഴപ്പില്‍ ആകൃഷ്ടരായി പണം നഷ്ടപ്പെടുത്താതിരിക്കുക. പ്രശ്‌നം പിടിച്ച മേഖലകളില്‍ പോലും എല്ലാ കമ്പനികളും മൂക്കറ്റം മുങ്ങിപ്പോകണമെന്നില്ല. നല്ല അടിസ്ഥാനം, നല്ല ബാലന്‍സ് ഷീറ്റ്, വളര്‍ച്ചക്കുള്ള സാധ്യത എന്നിവയൊക്കെ നോക്കി നിക്ഷേപിക്കുക. എല്ലാക്കാലവും എല്ലാ നേരവും ഒരു പോലെ പാല്‍ ചുരത്താന്‍ കെല്‍പുള്ള കാമധേനുക്കള്‍ നിറഞ്ഞ ഇടമല്ല ഓഹരിവിപണി എന്ന് ആദ്യമേ ഓര്‍ക്കണം. നല്ല കമ്പനിക്കും മോശം കാലമുണ്ടാകും. ഈ ആപത്തു കാലത്ത് അവിടെ പത്ത് കായ് ഇടുക. സമ്പത്തു കാലത്ത് നമുക്കും കിട്ടും ഗുണം. ഇന്നു കുഴിച്ചുവെച്ച തെങ്ങില്‍ നിന്ന് നാളെ നാളികേരം ഇടണമെന്ന് വാശി പിടിക്കരുത്.
പകരച്ചുങ്കവും പിഴച്ചുങ്കവുമൊക്കെ വരും പോകും. ഇതിലൊക്കെ ശരിക്കും രാഷ്ട്രീയം കൂടിയുണ്ട്. അതുകൊണ്ട് ട്രംപിനെക്കണ്ടു ഭയന്ന് ഈ ലോകത്തെ കമ്പനികളെല്ലാം പൂട്ടിക്കെട്ടുകയില്ലെന്ന സാമാന്യ ബോധത്തോടെ മുന്നോട്ടു പോവുക. ചോര വാര്‍ന്നു നില്‍ക്കുന്ന പോര്‍ട്ട്‌ഫോളിയോ പൊളിച്ചു പണിത് നഷ്ടം പെരുപ്പിച്ച് കമ്പനികളെ ചീത്ത വിളിച്ച് ഓഹരി നിക്ഷേപം തന്നെ മതിയാക്കാന്‍ ഒരുമ്പെടാതിരിക്കുക. ഇതൊക്കെ താല്‍ക്കാലിക കോലാഹലങ്ങള്‍ മാത്രം. ട്രംപ് പാലം കുലുക്കിയാല്‍, നിക്ഷേപകനായ കേളന്‍ കുലുങ്ങേണ്ട കാര്യമുണ്ടോ?
ശക്തമായ ബിസിനസ് നടത്തുന്ന, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ആദായമുണ്ടാക്കുന്ന, ഉറച്ച അടിത്തറയുള്ള കമ്പനികള്‍, ഈ ചുഴലിക്കാറ്റ് കഴിയുമ്പോള്‍ കൂടുതല്‍ കാതലോടെ പടര്‍ന്നുനില്‍ക്കും. അല്‍പം കാത്തിരിക്കൂ. ഏതെങ്കിലും ഒരു കമ്പനിയെ കൂടുതല്‍ വിശ്വസിച്ച് കൂടുതല്‍ നിക്ഷേപിച്ച് കൂടുതല്‍ പരിക്കേറ്റു നില്‍ക്കുകയാണെങ്കില്‍ അതൊന്നു പുനഃക്രമീകരിക്കാമെന്നു മാത്രം. സന്തുലിതമാകട്ടെ, ഓരോ മേഖലക്കും നീക്കിവെച്ച നിക്ഷേപം. അത്രയും ചെയ്ത ശേഷം, എല്ലാമൊന്നു കലങ്ങി തെളിയുന്നതു വരെ മനഃസമാധാനത്തോടെ ഉറങ്ങുക. വാങ്ങിയതിനു പിറ്റേന്ന് നല്ല വില കിട്ടുമെന്ന് വിചാരിച്ചാണോ ഭൂമിയും കെട്ടിടവുമൊക്കെ വാങ്ങുന്നത്? ഓഹരിയും അങ്ങനെ തന്നെ.
Read DhanamOnline in English
Subscribe to Dhanam Magazine