

പശ്ചിമേഷ്യയിൽ ഇസ്രായേൽ - യു.എസ് സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമായി തുടരുന്നു. ഏറ്റുമുട്ടൽ ആരംഭിച്ചശേഷം ഇസ്രായേൽ ഇതാദ്യമായി ഇറാന്റെ എണ്ണ കേന്ദ്രങ്ങളി ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാന നഗരിയായ ടെഹ്റാനിലും അൽബോർസ് പ്രവിശ്യയിലുമുള്ള പ്രധാനപ്പെട്ട നാല് എണ്ണ സംഭരണ കേന്ദ്രങ്ങളിലും റിഫൈനറിയിലും ആണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഫർസ് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പശ്ചിമേഷ്യൻ യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ, ഇന്ന് (2026 മാർച്ച് 9) രാജ്യാന്തര വിപണിയിൽ വ്യാപാരം പുനരാരംഭിച്ചപ്പോൾ ക്രൂഡോയിൽ വിലയിൽ വമ്പൻ കുതിപ്പ് രേഖപ്പെടുത്തി. രാവിലെ 99 ഡോളർ നിലവാരത്തിൽ വ്യാപാരം തുടങ്ങിയ ക്രൂഡോയിൽ തൊട്ടുപിന്നാലെ തന്നെ 110 ഡോളർ മറികടന്ന് 120 ഡോളർ നിലവാരത്തിലേക്ക് വരെ മുന്നേറി. നിലവിൽ 25 ശതമാനം നേട്ടത്തോടെ 115 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
2022 ജൂലൈയ്ക്ക് ശേഷം ആദ്യമായാണ് രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ നിരക്ക് 100 ഡോളർ നിലവാരം മറികടക്കുന്നത്. പശ്ചിമേഷ്യയിൽ സംഘർഷം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് (2026 ഫെബ്രുവരി 27) ക്രൂഡോയിൽ വില 72 ഡോളർ നിലവാരത്തിലാണ് നിന്നിരുന്നത്. തുടർന്നിങ്ങോട്ട് 9 ദിവസം പിന്നിടുമ്പോൾ (പക്ഷേ വ്യാപാര ദിനങ്ങൾ 5 മാത്രം) ക്രൂഡോയിൽ വില 43 ഡോളർ ഉയർന്നു. ഇപ്പോൾ 115 ഡോളറിൽ വ്യാപാരം നടക്കുന്നു. അതായത് ഇറാൻ യുദ്ധം തുടങ്ങിയതിനുശേഷം മാത്രം ക്രൂഡോയിൽ നിരക്കിൽ 60 ശതമാനത്തോളം വർധന. ഇതേകാലയളവിൽ സ്വർണ വില താഴേക്ക് പോയെന്നതും ശ്രദ്ധേയം.
രാജ്യത്തിന്റെ ഊർജ അവശ്യകത നിറവേറ്റുന്നതിനായി പ്രതിദിനം 50 ലക്ഷം ബാരൽ ക്രൂഡോയിൽ വീതമാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. ഇറാൻ യുദ്ധം ആരംഭിച്ചതിനുശേഷം മാത്രം ഒരു ബാരൽ ക്രൂഡോയിലിന്റെ വിലയിൽ 40 ഡോളറിലധികം വർധന രേഖപ്പെടുത്തി. നിലവിലെ കണക്കുകൾ വെച്ച് നോക്കിയാൽ യുദ്ധത്തിനു ശേഷമുള്ള ക്രൂഡോയിൽ വിലക്കയറ്റം കാരണം 20 കോടി ഡോളറിന്റെ (ഏകദേശം 1,850 കോടി രൂപ) അധിക ചെലവാണ് ഇന്ത്യയ്ക്ക് നേരിടേണ്ടി വരുന്നത്. ഈ നിരക്കിൽ ഒരു വർഷം ക്രൂഡോയിൽ ഇറക്കുമതി ചെയ്യാനുള്ള അധിക ചെലവ് 7,000 കോടി ഡോളർ (ഏകദേശം 6.5 ലക്ഷം കോടി രൂപ) വരുമെന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ സൂചിപ്പിച്ചത്. ഇന്ത്യയുടെ ഇറക്കുമതി ചെലവ് ഗണ്യമായി വർധിപ്പിക്കുന്ന സാഹചര്യമാണിത്. രൂപയുടെ വിനിമയ നിരക്കിലും ഗണ്യമായ സമ്മർദം സൃഷ്ടിക്കുന്ന ഘടകവുമാണിത്.
അതേസമയം പശ്ചിമേഷ്യയിൽ ഇറാനും യുഎസ്- ഇസ്രായേൽ സഖ്യവും തമ്മിലുള്ള യുദ്ധം നാല് മുതൽ എട്ട് ആഴ്ച വരെ നീളാമെന്നാണ് വിപണി പൊതുവായി പ്രതീക്ഷിക്കുന്നത്. ഇതിനു മുകളിലേക്ക് യുദ്ധം നീളുകായണെങ്കിൽ, അതും ഹോർമുസ് കടലിടുക്ക് വഴിയുള്ള ക്രൂഡോയിൽ വ്യാപാരം തടസ്സപ്പെട്ടു കൊണ്ടുള്ള സാഹചര്യമുണ്ടായാൽ ആഗോള വിപണികളെ ദോഷകരമായി ബാധിക്കാമെന്നാണ് മാർക്കറ്റ് അനലിസ്റ്റുകളുടെ നിഗമനം. ക്രൂഡോയിലിന്റെ ഫോർവേഡ് കോൺട്രാക്ടുകളിൽ രേഖപ്പെടുത്തുന്ന ഇംപ്ലൈഡ് വോളറ്റിലിറ്റി (Implied Volatility) ഇക്കാര്യം സൂചിപ്പിക്കുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine