ജപ്പാനില്‍ പലിശ നിരക്ക് 30 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍! യെന്‍ കാരി ട്രേഡ് പ്രതിസന്ധിയാകും, ഇന്ത്യന്‍ ഓഹരി വിപണിയില്‍ ആശങ്കയേറുമോ?

ഇന്ത്യന്‍ സൂചികകള്‍ മൂന്ന് ദിവസത്തെ വീഴ്ചയ്‌ക്കൊടുവില്‍ മുന്നേറ്റത്തില്‍, നിഫ്റ്റി 25,935 നിലവാരത്തില്‍
stock market
Published on

ആഗോള വിപണികളെ അമ്പരപ്പിച്ചുകൊണ്ട് ബാങ്ക് ഓഫ് ജപ്പാന്‍ (BoJ) പലിശ നിരക്ക് കാല്‍ ശതമാനം വര്‍ധിപ്പിച്ച് 0.75 ശതമാനത്തിലേക്ക് ഉയര്‍ത്തി. 1995 ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

പലിശ നിരക്ക് ഇനിയും വര്‍ധിപ്പിക്കുമെന്ന് ഗവര്‍ണര്‍ കസോവുഡ മുന്നറിയിപ്പ് നല്‍കിയിട്ടുമുണ്ട്. പതിറ്റാണ്ടുകളായി തുടര്‍ന്നുപോന്ന 'സീറോ പലിശ' നയം ജപ്പാന്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കുന്നു എന്ന സൂചനയാണ് ഈ തീരുമാനം നല്‍കുന്നത്.

ജപ്പാനിലെ പണപ്പെരുപ്പം കേന്ദ്ര ബാങ്കിന്റെ ലക്ഷ്യമായ രണ്ട് ശതമാനത്തിന് മുകളില്‍ തുടരുന്നതും തൊഴിലാളികളുടെ ശമ്പളത്തിലുണ്ടായ വര്‍ധനയുമാണ് ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്.

വിപണിയിലെ പണമൊഴുക്ക് നിയന്ത്രിക്കാനും ജാപ്പനീസ് കറന്‍സിയായ യെന്‍ (Yen) കരുത്താര്‍ജ്ജിക്കാനും ഈ നീക്കം സഹായിക്കും.

'യെന്‍ കാരി ട്രേഡ്' പ്രതിസന്ധിയില്‍

ലോകത്തെ ഏറ്റവും വലിയ ലിക്വിഡിറ്റി സ്രോതസുകളിലൊന്നാണ് ജപ്പാന്‍. ജപ്പാനില്‍ നിന്ന് കുറഞ്ഞ പലിശയ്ക്ക് പണം കടമെടുത്ത് അമേരിക്കയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന രീതിയെയാണ് 'യെന്‍ കാരി ട്രേഡ്' (Yen Carry Trade) എന്ന് വിളിക്കുന്നത്.

ജപ്പാനില്‍ പലിശ കൂടുമ്പോള്‍, നിക്ഷേപകര്‍ വിദേശ വിപണികളില്‍ നിന്ന് പണം പിന്‍വലിച്ച് ജപ്പാനിലേക്ക് തന്നെ തിരികെ കൊണ്ടുപോകാന്‍ സാധ്യതയുണ്ട്. ഇത് ആഗോള വിപണികളില്‍ വലിയ വില്പന സമ്മര്‍ദ്ദത്തിന് കാരണമാകും.

വിപണി ഈ നിരക്ക് വര്‍ധനയെ ഇതിനകം ഡിസ്‌കൗണ്ട് ചെയ്തതായാണ് വിലയിരുത്തലുകള്‍. ജപ്പാനിലെ നിക്കി (Nikkei) സൂചികയും യു.സിന്റെ ഡൗ ജോണ്‍സും യു.സിന്റെ ഡൗ ജോണ്‍സും നേട്ടത്തിലാണ്.

പലിശ വര്‍ധന പ്രഖ്യാപനത്തിനു ശേഷം ഇന്ത്യന്‍ സൂചികകളും മുന്നേറ്റത്തിലാണ്. സെന്‍സെക്‌സ്‌ 500 പോയിന്റ് ഉയര്‍ന്നു. നിഫ്റ്റിയും 25,935 നിലവാരത്തിലെത്തി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വീഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയത്.

അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും കുറഞ്ഞത് ആഗോളതലത്തില്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം നല്‍കിയതാണ് ഇന്ത്യന്‍ വിപണിക്ക് കരുത്തായത്. ഇതോടെ വരും വര്‍ഷത്തില്‍ യുഎസ് ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷകള്‍ വീണ്ടും സജീവമായി. തുടര്‍ച്ചയായ മൂന്ന് ദിവസത്തെ വീഴ്ചയ്ക്ക് ശേഷമാണ് ഇന്ത്യന്‍ സൂചികകള്‍ നേട്ടത്തിലേക്ക് തിരിച്ചെത്തിയത്.

വിദേശ നിക്ഷേപകരുടെ പിന്‍വാങ്ങലും രൂപയും

കുറഞ്ഞ പലിശയ്ക്ക് ജപ്പാനില്‍ നിന്ന് കിട്ടിയിരുന്ന പണം നിലയ്ക്കുന്നതോടെ, ഇന്ത്യന്‍ വിപണിയില്‍ വലിയ തോതില്‍ നിക്ഷേപം നടത്തിയിരുന്ന വിദേശ സ്ഥാപനങ്ങള്‍ ലാഭമെടുപ്പ് നടത്താന്‍ സാധ്യതയുണ്ട്. ഇത് സെന്‍സെക്‌സിലും നിഫ്റ്റിയിലും ഇടിവുണ്ടാക്കാം.

ആഗോളതലത്തില്‍ 'യെന്‍' ശക്തമാകുമ്പോള്‍ വളര്‍ന്നുവരുന്ന വിപണികളിലെ കറന്‍സികള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ രൂപ സമ്മര്‍ദ്ദത്തിലാകും.

ഐടി, ബാങ്കിംഗ് സെക്ടറുകള്‍

കറന്‍സി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളുടെയും മറ്റ് കയറ്റുമതി മേഖലകളുടെയും വരുമാനത്തെ സ്വാധീനിക്കും. യെന്‍ ശക്തിപ്പെടുന്നത് ജപ്പാനില്‍ നിന്ന് അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്യുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ചെലവ് വര്‍ധിപ്പിക്കും. ആഗോള സാമ്പത്തിക നയങ്ങളിലെ മാറ്റം ബാങ്കിംഗ് ഓഹരികളെയും നേരിട്ട് ബാധിച്ചേക്കാം.

വിപണി ഈ പലിശ വര്‍ധന മുന്‍കൂട്ടി കണ്ടിരുന്നുവെങ്കിലും, വരാനിരിക്കുന്ന കൂടുതല്‍ വര്‍ധനകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഇന്ത്യയെപ്പോലുള്ള വളരുന്ന വിപണികള്‍ക്ക് ഭീഷണിയാകുന്നതെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.

Japan's interest rate hike rattles global markets, raising concerns for Indian equities and the Yen carry trade.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com