കേരളത്തിന് പുത്തന്‍ സാധ്യതകളുമായി ജുവലറി ടൂറിസവും
ലോക ടൂറിസം ഭൂപടത്തില്‍ നിര്‍ണായക സ്ഥാനമുള്ള കേരളം കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കാനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ട്. ഉത്തരവാദിത്വ ടൂറിസം, കാരവന്‍ ടൂറിസം, സാഹസിക ടൂറിസം എന്നിങ്ങനെ പോകുന്നു പുത്തന്‍ പദ്ധതികള്‍. ഏറ്റവും ഒടുവിലായി കേരളം വിവാഹങ്ങളുടെയും സ്വന്തം നാടെന്ന പെരുമ നെറുകയില്‍ ചേര്‍ത്താനായി 'ഡെസ്റ്റിനേഷന്‍ വെഡിംഗ്' എന്ന നിലയില്‍ കല്യാണ ടൂറിസവും (വെഡിംഗ് ടൂറിസം) പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇവയ്ക്കെല്ലാം പുറമേ കേരളത്തിന്റെ സ്വര്‍ണാഭരണ പ്രേമം കണക്കിലെടുത്ത് മറ്റൊരു പുതിയ ടൂറിസം സാധ്യത കൂടി കേരളത്തിലിനു മുന്നിലേയ്ക്ക് വയ്ക്കുകയാണ് വിദഗ്ധര്‍. ആഭരണ വിനോദസഞ്ചാരം അഥവാ ജുവലറി ടൂറിസം
വിദേശ വിപണികളിലും ഡിമാന്‍ഡ്
പാലയ്ക്കാ മാല, മുല്ലമൊട്ടുമാല, മാങ്ങാ മാല, ഇളക്കത്താലി നാഗപടമാല എന്നിങ്ങനെ കേരളത്തിലെ പരമ്പരാഗതമായ സ്വര്‍ണാഭരണങ്ങള്‍ക്ക് ഇന്നും ആവശ്യക്കരേറെയാണ്. കേരളത്തിലെ പരമ്പരാഗത ആഭരണങ്ങള്‍ക്ക് വിദേശ വിപണികളിലും വലിയ ഡിമാന്‍ഡുണ്ട്. ഇവിടെയാണ് ജുവലറി ടൂറിസത്തിന് പ്രാധാന്യമേറുന്നത്. അലങ്കാരത്തിനപ്പുറം സമ്പത്തായി കൂടിയാണ് മലയാളികള്‍ സ്വര്‍ണത്തെ കാണുന്നത്. കേരളത്തില്‍ ജ്വല്ലറി ടൂറിസത്തിന്റെ വര്‍ധിച്ചുവരുന്ന ജനപ്രീതിക്ക് പിന്നിലെ ഒരു പ്രധാന കാരണം പരമ്പരാഗതവും ആധുനികവുമായ സ്വര്‍ണാഭരണങ്ങളുടെ വൈവിധ്യ ശേഖരണത്തിന്റെ ലഭ്യതയാണ്.
സമ്പദ്‌വ്യവസ്ഥയുടെ വികസനത്തിനായി
കേരളത്തില്‍ ജുവലറി ടൂറിസം വളരുന്നത് പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിര വികസനത്തിന് സാഹായകമാകും. സ്വര്‍ണപണി ഉപജീവനമാര്‍ഗമാക്കിയ തൊഴിലാളികള്‍ക്കും ഏറെ ഗുണം ചെയ്യും. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളത്തിലെ സ്വര്‍ണാഭരണ മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു.200-250 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് മലയാളികള്‍ പ്രതിവര്‍ഷം വാങ്ങുന്നത്.
ഇന്ത്യയില്‍ സ്വര്‍ണാഭരണ പ്രിയര്‍ ഏറെയുള്ള സംസ്ഥാനങ്ങളില്‍ മുന്നിലാണ് നമ്മുടെ കൊച്ചുകേരളം. ജുവലറി ടൂറിസം എന്ന ആശയം നിരവധി വെല്ലുവിളികള്‍ നേരിടുന്നുണ്ടെങ്കിലും ഇതിനെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) നടത്തുന്നതായി എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ എസ്. അബ്ദുല്‍ നാസര്‍ പറഞ്ഞു.
അന്താരാഷ്ട്ര ആഭരണ പ്രദര്‍ശനങ്ങളിലും വ്യാപാര മേളകളിലും കേരളത്തിന്റെ തനതായ സ്വര്‍ണാഭരണങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ജുവലറി ടൂറിസത്തിന്റെ വളര്‍ച്ചയെ സഹായിക്കും. അന്താരാഷ്ട്ര ജുവലറി ബ്രാന്‍ഡുകളുമായും ഡിസൈനര്‍മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നതും കേരളത്തിന്റെ ആഭരണ വ്യവസായത്തിന്റെ വളര്‍ച്ചയിലേക്ക് നയിക്കും. കൂടാതെ ആഭരണ വ്യവസായത്തെ ആഗോള തലത്തില്‍ അവതരിപ്പിക്കുന്നതിലൂടെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനും കേരളത്തിന് കഴിയും.