ഒരു മണിക്കൂര്‍ ഒരു മിനിട്ടില്‍ ബജറ്റ് പ്രസംഗം അവസാനിപ്പിച്ച് ബാലഗോപാല്‍

കോവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന നാളുകളില്‍ പുതിയ നികുതി നിര്‍ദേശങ്ങളില്ലാതെ ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ കന്നി ബജറ്റ്. ഒരു മണിക്കൂര്‍ ഒരു മിനിട്ട് മാത്രം നീണ്ടുനിന്ന ബജറ്റ് ജനങ്ങള്‍ക്ക് അമിത ഭാരം അടിച്ചേല്‍പ്പിക്കാതെയുള്ളതായിരുന്നു.

കോവിഡ് മൂലം ഏറെ പ്രതിസന്ധിയിലായ കാര്‍ഷിക, ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൈത്താങ്ങ് ബജറ്റിലുണ്ട്. കോവിഡ് പ്രതിരോധത്തിന് 20,000 കോടി രൂപയുടെ പാക്കേജാണ് അവതരിപ്പിച്ചിരിക്കുന്നത്. പുതിയ നികുതിയില്ലാതെ , പുതിയ ധനാഗമന മാര്‍ഗങ്ങള്‍ പ്രഖ്യാപിക്കാതെ തന്നെ ഇതിനെല്ലാമുള്ള പണം കണ്ടെത്തുമെന്ന ശുഭാപ്തി വിശ്വാസമാണ് ധനമന്ത്രി പ്രകടിപ്പിക്കുന്നത്.

വലിയ തോതില്‍ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോള്‍ പുതിയ നികുതി ചുമത്താത്തത് പിണറായി വിജയന്‍ രണ്ടാം സര്‍ക്കാരിന്റെ രാഷ്ട്രീയ തീരുമാനം കൂടിയായേക്കാമെന്ന് നിരീക്ഷണമുണ്ട്.

കോവിഡ് മൂലം കഷ്ടപ്പെടുന്നവര്‍ ജനങ്ങള്‍ 8000 കോടി രൂപയിലേറെ നേരിട്ട് നല്‍കുമെന്ന് ബജറ്റില്‍ പറയുന്നുണ്ട്. 2800 കോടി രൂപ കോവിഡ് പ്രതിരോധത്തിനായി വകയിരുത്തിയിട്ടുണ്ട്. 8300 കോടി രൂപയുടെ പലിശ സബ്‌സിഡിയും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാര്യത്തിലെല്ലാം ഇനിയും വ്യക്തത വരാനുണ്ട്.

കുറഞ്ഞ പലിശയ്ക്ക് കാര്‍ഷിക വായ്പ പ്രഖ്യാപിച്ചിട്ടുണ്ട്. കേരള ബാങ്ക് വഴി 2000 കോടി രൂപ വായ്പ നല്‍കും. കൃഷി ഭവനുകളെ സ്മാര്‍ട്ടാക്കും. പാലില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ക്ക് ഫാക്ടറി സ്ഥാപിക്കും. തോട്ടം മേഖലയുടെ വികസനത്തിന് രണ്ടുകോടി പ്രഖ്യാപിച്ചിട്ടുണ്ട്.


Related Articles
Next Story
Videos
Share it