സമഗ്ര പാക്കേജ് ഈയാഴ്ച; ജി.ഡി.പിയുടെ 7.5% മാറ്റി വയ്ക്കണം - സി.ഐ.ഐ

സമഗ്ര പാക്കേജ് ഈയാഴ്ച;  ജി.ഡി.പിയുടെ 7.5% മാറ്റി വയ്ക്കണം - സി.ഐ.ഐ
Published on

കോവിഡ് മൂലം തളര്‍ന്ന സമ്പദ്വ്യവസ്ഥയെ സംരക്ഷിക്കുന്നതിനും ജനങ്ങളുടെ ഉപജീവനമാര്‍ഗ്ഗം സംരക്ഷിക്കുന്നതിനുമായി വന്‍ സാമ്പത്തിക ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണമെന്ന അഭിപ്രായവുമായി മുന്‍ ലോക ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് കൗശിക് ബസുവും മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഡി.സുബ്ബറാവുവും. സമഗ്ര പാക്കേജ് ഈയാഴ്ച പ്രഖ്യാപിക്കുമെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ സാമ്പത്തിക വിദഗ്ദ്ധന്മാരുടെ അഭിപ്രായ പ്രകടനം പുറത്തുവന്നത്.

സര്‍ക്കാര്‍ അമിതമായി ചെലവഴിക്കുന്നില്ലെന്നുറപ്പുവരുത്തിയുള്ള ധന മാനേജ്‌മെന്റ് സാധ്യമാക്കാന്‍ ഇന്ത്യക്ക് 2003 ലെ എഫ്ആര്‍ബിഎം നിയമം ഉണ്ട്. ഇത്തരം ദുരന്തങ്ങളില്‍ രാജ്യത്തിനു ജനങ്ങള്‍ക്കും രക്ഷയേകാന്‍ ഈ ആധുനിക നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നുള്ള നടപടികള്‍ സ്വീകരിക്കേണ്ടത് അനിവാര്യമാണെന്ന് ബസു പറഞ്ഞു. മാക്രോ ഇക്കണോമിക് മാനേജ്‌മെന്റിലൂടെയും പൊതു ഫണ്ടുകളുടെ മൊത്തത്തിലുള്ള വിദഗ്ധ മാനേജ്‌മെന്റിലൂടെയും ധനപരമായ അച്ചടക്കം സ്ഥാപനവല്‍ക്കരിക്കാനും രാജ്യത്തിന്റെ ധനക്കമ്മി പരിധി വിടാതെ നോക്കാനും  ബജറ്റിനെ സമതുലിതമാക്കി ധന വിവേകം ശക്തിപ്പെടുത്താനും 2003 ല്‍ പാര്‍ലമെന്റ് പാസാക്കിയതാണ് ഫിസ്‌ക്കല്‍ റെസ്‌പോണ്‍സിബിലിറ്റി ആന്‍ഡ് ഫിനാന്‍സ് മാനേജ്‌മെന്റ് ആക്ട്.

രാജ്യത്ത് ഉയര്‍ന്നുനില്‍ക്കുന്ന സാമ്പത്തിക അസമത്വം ഇപ്പോഴത്തെ ദുരവസ്ഥ മൂലം രൂക്ഷമാകുന്നത്  ആശങ്കാജനകമാണെന്ന് ബസു പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ ബ്യൂറോക്രാറ്റുകളും സര്‍ക്കാരിനു പുറത്തുനിന്നുള്ള പ്രൊഫഷണലുകളും അടങ്ങിയ സംവിധാനത്തിനു രൂപം നല്‍കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രം മാര്‍ച്ച് 26 ന് പ്രഖ്യാപിച്ച ധനപരമായ ഉത്തേജനം പര്യാപ്തമല്ലെന്ന് സുബ്ബറാവു പറഞ്ഞു. കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സംയോജിത ധനക്കമ്മി ഈ സാമ്പത്തിക വര്‍ഷം 13-14 ശതമാനം വരെ ഉയരും.

മാര്‍ച്ച് 26 ലെ പാക്കേജില്‍ ചെലവ് ജിഡിപിയുടെ 1% ല്‍ താഴെ മാത്രമാണ്. ഇരട്ട അക്കത്തിലുള്ള വികസിത രാജ്യങ്ങളില്‍ പ്രഖ്യാപിച്ച പാക്കേജിനെ സാമ്പത്തിക വിദഗ്ധരും വ്യവസായ ലോബി ഗ്രൂപ്പുകളും പൊതുവേ പിന്തുണയ്ക്കുന്നു.അതേസമയം,  യു.കെയിലെയും യുഎസിലെയും ഉത്തേജക പാക്കേജുകള്‍  പരിധിക്കപ്പുറം പോയെന്ന  അഭിപ്രായമാണ്് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് കെ വി സുബ്രഹ്മണ്യന്‍ കഴിഞ്ഞയാഴ്ച പ്രകടിപ്പിച്ചത്. കൂടാതെ, ഉത്തേജനത്തിനുള്ള നിര്‍ദ്ദേശങ്ങളെ നികുതി-ജിഡിപി അനുപാതവും പരമാധികാര റേറ്റിംഗുമായി ബന്ധിപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

ആഘാതം പരിഹരിക്കുന്നതിന് 15 ലക്ഷം കോടി രൂപ അല്ലെങ്കില്‍ ജിഡിപിയുടെ 7.5 ശതമാനം വരുന്ന അടിയന്തര സാമ്പത്തിക ഉത്തേജക പാക്കേജ് പ്രഖ്യാപിക്കണമെന്നാണ് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി ആവശ്യപ്പെട്ടത്. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടം അവസാനിക്കുമ്പോഴേക്കും വ്യവസായത്തിന് ഏകദേശം രണ്ട് മാസത്തെ ഔട്ട്പുട്ട് നഷ്ടപ്പെടുമെന്നു സിഐഐ ചൂണ്ടിക്കാട്ടി.  സമ്പദ്വ്യവസ്ഥയ്ക്ക് ഉണ്ടാകുന്ന ആഘാതം നേരത്തെ പ്രതീക്ഷിച്ചതിലും കൂടുതല്‍ ഗുരുതരമാണ്. ഇത് ഒരു വലിയ ധനപര ഉത്തേജനം വഴിയേ  നികത്താന്‍ കഴിയൂ. അതുവഴി തൊഴിലുകളും ഉപജീവനമാര്‍ഗങ്ങളും സംരക്ഷിക്കപ്പെടണം -  സിഐഐ  പ്രസിഡന്റ് വിക്രം കിര്‍ലോസ്‌കര്‍ നിര്‍ദ്ദേശിച്ചു.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com