കേന്ദ്രത്തിന്റെ ലോജിസ്റ്റിക്‌സ് സൂചികയില്‍ 'അതിവേഗം മുന്നേറി' കേരളം

ചരക്കുനീക്കത്തിലെ മികവുകള്‍ മുന്‍നിറുത്തി കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുന്ന ലോജിസ്റ്റിക്‌സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്‌സ് (LEADS)-2023 റിപ്പോർട്ടിൽ തിളങ്ങി കേരളം. കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലെ ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (DPIIT) തയ്യാറാക്കിയ റിപ്പോർട്ടിൽ തീരദേശ സംസ്ഥാനങ്ങളുടെ (Coastal Group) പട്ടികയില്‍ 'അതിവേഗം മുന്നേറുന്നവയുടെ' (Fast Movers) ശ്രേണിയിലാണ് കേരളം ഇടംപിടിച്ചത്. കഴിഞ്ഞവര്‍ഷവും കേരളം ഇതേ വിഭാഗത്തിലായിരുന്നു.

കയറ്റുമതി, ആഭ്യന്തര ചരക്കുനീക്കം എന്നിവ സുഗമമാക്കുക, ഉത്പാദന പ്രക്രിയ മുതല്‍ ഉത്പന്നം ഉപയോക്താവിന്റെ കൈയിലെത്തുംവരെയുള്ള നടപടിക്രമങ്ങള്‍ കുറ്റമറ്റതാക്കുക, മികച്ച അടിസ്ഥാന സൗകര്യങ്ങളും നയങ്ങളും ഒരുക്കുക തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
ലോകബാങ്കിന്റെ ലോജിസ്റ്റിക്‌സ് പെര്‍ഫോമന്‍സ് ഇന്‍ഡക്‌സ് (LPI) അടിസ്ഥാനമാക്കി നടത്തിയ സര്‍വേയിലൂടെയാണ് സംസ്ഥാനങ്ങളെ ഓരോ ശ്രേണികളായി തിരിച്ചത്. 90 ശതമാനത്തിന് മേല്‍ മികവ് പുലര്‍ത്തുന്നവരെ അച്ചീവേഴ്‌സ് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയപ്പോള്‍ 80-90 ശതമാനം മികവ് പുലര്‍ത്തിയവരാണ് ഫാസ്റ്റ് മൂവേഴ്‌സ് വിഭാഗത്തില്‍ ഇടംനേടിയത്. 80 ശതമാനത്തിന് താഴെ മികവ് പുലര്‍ത്തിയവരാണ് ആസ്പയറേഴ്‌സ് വിഭാഗത്തിലുള്ളത്.
മൂന്ന് വിഭാഗങ്ങള്‍
ലീഡ്‌സ്-2023 പട്ടികയില്‍ സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും മൂന്ന് വിഭാഗങ്ങളായാണ് തിരിച്ചിരിക്കുന്നത്. ഏറ്റവും മികവ് പുലര്‍ത്തുന്നവരുടെ അച്ചീവേഴ്‌സ്, അതിവേഗം മികവിലേക്ക് മുന്നേറുന്നവരുടെ ഫാസ്റ്റ് മൂവേഴ്‌സ്, വൈകാതെ മികവിലേക്ക് ഉയരുമെന്ന് പ്രതീക്ഷിക്കുന്നവരുടെ ആസ്പയറേഴ്‌സ് എന്നിവയാണവ.
തീരദേശ സംസ്ഥാനങ്ങള്‍ (Coastal Group), ലാന്‍ഡ്‌ലോക്ക്ഡ് സംസ്ഥാനങ്ങള്‍ (Landlocked Group), വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങള്‍ (North-East Group), കേന്ദ്രഭരണ പ്രദേശങ്ങള്‍ (UTs) എന്നീ വിഭാഗങ്ങളായി തരംതിരിച്ചാണ് സംസ്ഥാനങ്ങളെ മികവുകളുടെ അടിസ്ഥാനത്തില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
ഇവര്‍ മുന്‍നിരയില്‍
കോസ്റ്റര്‍ ഗ്രൂപ്പില്‍ ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കര്‍ണാടക, തമിഴ്‌നാട് എന്നിവയും ലാന്‍ഡ്‌ലോക്ക്ഡ് ഗ്രൂപ്പില്‍ ഹരിയാന, പഞ്ചാബ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവയും ആച്ചീവേഴ്‌സ് വിഭാഗത്തില്‍ ഇടംപിടിച്ചു.
നോര്‍ത്ത്-ഈസ്റ്റ് ഗ്രൂപ്പില്‍ നിന്ന് അസം, സിക്കിം, ത്രിപുര എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളുടെ ഗ്രൂപ്പില്‍ നിന്ന് ചണ്ഡീഗഡ്, ഡല്‍ഹി എന്നിവയും അച്ചീവേഴ്‌സാണ്. ആകെ 13 സംസ്ഥാനങ്ങള്‍ ഈ വിഭാഗത്തിലുണ്ട്.
കേരളത്തിന്റെ ഒപ്പം
കോസ്റ്റല്‍ ഗ്രൂപ്പില്‍ നിന്ന് കേരളത്തിന് പുറമേ മഹാരാഷ്ട്രയും ഫാസ്റ്റ് മൂവിംഗ് വിഭാഗത്തില്‍ ഇടംപിടിച്ചു. ലാന്‍ഡ്‌ലോക്ക്ഡ് ഗ്രൂപ്പില്‍ നിന്ന് മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവയും നോര്‍ത്ത്-ഈസ്റ്റ് ഗ്രൂപ്പില്‍ നിന്ന് അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ് എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് ആന്‍ഡമാന്‍ നിക്കോബാര്‍, ലക്ഷദ്വീപ്, പുതുച്ചേരി എന്നിവയും ഫാസ്റ്റ് മൂവേഴ്‌സാണ്.
ഇവര്‍ ആസ്പയറേഴ്‌സ്
കോസ്റ്റല്‍ ഗ്രൂപ്പില്‍ ഗോവ, ഒഡീഷ, ബംഗാള്‍ എന്നിവയും ലാന്‍ഡ്‌ലോക്ക്ഡ് ഗ്രൂപ്പില്‍ ബിഹാര്‍, ഛത്തീസ്ഗഢ്, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നിവയും ആസ്പയറേഴ്‌സാണ്.
നോര്‍ത്ത്-ഈസ്റ്റ് ഗ്രൂപ്പില്‍ നിന്ന് മണിപ്പൂര്‍, മേഘാലയ, മിസോറം എന്നിവയും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്ന് ദമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ഹവേലി, ജമ്മു കശ്മീര്‍, ലഡാക്ക് എന്നിവയുമാണ് ഈ വിഭാഗത്തിലുള്ളത്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it