Begin typing your search above and press return to search.
ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; ഭൂമിയുടെ ന്യായവില പരിഷ്‌കരിക്കും, കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചും സംസ്ഥാന ബജറ്റ്
കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നുകൊണ്ട് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച 2024-25 വര്‍ഷത്തേക്കുള്ള ബജറ്റില്‍ കൂടുതല്‍ ഊന്നല്‍ സ്വകാര്യ നിക്ഷേപ പദ്ധതികള്‍ക്ക്. വ്യവസായം, വാണിജ്യം, ടൂറിസം, കൃഷി, ആരോഗ്യം, വിദ്യാഭ്യാസം, സാങ്കേതികവിദ്യ, ഐ.ടി. സ്റ്റാര്‍ട്ടപ്പ് തുടങ്ങി ഒട്ടുമിക്ക മേഖലകളെയും തലോടിയ ധനമന്ത്രി പക്ഷേ, ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ തയ്യാറായില്ല.
സംസ്ഥാനത്തെ സാമ്പത്തികമായി ഉപരോധിക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ബജറ്റ് പ്രസംഗത്തില്‍ ആരോപിച്ച ധനമന്ത്രി, കേരളത്തെ തകര്‍ക്കാനോ തളര്‍ത്താനോ കേന്ദ്രത്തിന് കഴിയില്ലെന്നും കേന്ദ്രം അവഗണന തുടര്‍ന്നാല്‍ കേരളം പ്ലാന്‍ ബി ആലോചിക്കുമെന്നും വ്യക്തമാക്കി. കേരളം തനത് വരുമാനത്തില്‍ മികച്ച നേട്ടമാണ് കൈവരിക്കുന്നതെന്നും എന്നിട്ടും പ്രതിസന്ധി തുടരുന്നതിന് പിന്നില്‍ കേന്ദ്രത്തിന്റെ അവഗണനയാണെന്നും ബജറ്റിലുടനീളം ധനമന്ത്രി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കേരളം സൂര്യോദയ സമ്പദ്ഘടന
കേന്ദ്രത്തില്‍ നിന്ന് ന്യായമായ പരിഗണന കിട്ടുന്നത് വരെ കാത്തിരിക്കാന്‍ കേരളത്തിന് മനസ്സില്ലെന്ന് ബജറ്റിലൂടെ ധനമന്ത്രി പറഞ്ഞുവയ്ക്കുന്നു. സ്വയംവളര്‍ന്ന് കുതിക്കുന്ന സൂര്യോദയ സമ്പദ്ഘടനയാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.
അടുത്ത മൂന്ന് വര്‍ഷത്തിനകം മൂന്നുലക്ഷം കോടി രൂപയുടെ നിക്ഷേപം ആകര്‍ഷിക്കാനാണ് കേരളം ഉന്നമിടുന്നത്. ടൂറിസം രംഗത്തടക്കം സ്വകാര്യ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കാനുള്ള വഴികള്‍ ബജറ്റല്‍ ധനമന്ത്രി തുറന്നിടുന്നുണ്ട്. കേരളത്തെ മെഡിക്കല്‍, റോബോട്ടിക്‌സ് ഹബ്ബുകളാക്കി മാറ്റാനും നടപടിയുണ്ടാകും.
ക്ഷേമ പെന്‍ഷന്‍ കൂട്ടിയില്ല; പങ്കാളിത്ത പെന്‍ഷന് പുതിയ പദ്ധതി
ക്ഷേമ പെന്‍ഷന്‍ കൂട്ടാന്‍ ബജറ്റില്‍ ധനമന്ത്രി തയ്യാറായില്ല. ഇത് 1,600 രൂപയായി തുടരും. ക്ഷേമ പെന്‍ഷന്‍ കൂട്ടണമെന്നാണ് ഇടത് സര്‍ക്കാരിന്റെ നയമെന്നും എന്നാല്‍ ഇതിന് കേന്ദ്രം പിന്തുണ നല്‍കുന്നില്ലെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. അതേസമയം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ആശ്വാസമേകും വിധം പങ്കാളിത്ത പെന്‍ഷന് പകരം പുതിയ പദ്ധതി അവതരിപ്പിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജീവനക്കാര്‍ക്കുള്ള ഡി.എ കുടിശികയുടെ ഒരു ഗഡു ഏപ്രിലില്‍ വിതരണം ചെയ്യും.
വിഭവ സമാഹരണത്തിന് അധികമദ്യവിലയും ജുഡിഷ്യല്‍ ഫീസ് വര്‍ധനയും
മദ്യത്തിന് 10 രൂപ വര്‍ധിപ്പിച്ചതാണ് വിഭവ സമാഹരണത്തിന് ബജറ്റ് മുന്നോട്ട് വയ്ക്കുന്ന മുഖ്യ പ്രഖ്യാപനം. ഇതുവഴി 200 കോടി രൂപ പ്രതീക്ഷിക്കുന്നു. ഒപ്പം വിവിധ ജുഡിഷ്യല്‍ സേവനങ്ങളുടെ ഫീസുകളും വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതുവഴി അധികമായി നേടാനാവുക 50 കോടി രൂപയാണ്.
കേരളത്തിലെ നികുതി കുടിശികകള്‍ പിരിച്ചെടുക്കാന്‍ പുതിയ ആംനെസ്റ്റി സ്‌കീം പ്രഖ്യാപിച്ചു. നിരവധി ചെറുകിട കച്ചവടക്കാര്‍ക്ക് ഇത് ആശ്വാസമാകും.
കിഫ്ബിയെ പരിഗണിച്ചില്ല
മുന്‍ ധനമന്ത്രി ഡോ.ടി.എം. തോമസ് ഐസക്കിന്റെ മുഖ്യ ബജറ്റായുധം കിഫ്ബി ആയിരുന്നെങ്കില്‍ പിന്‍ഗാമിയായ കെ.എന്‍. ബാലഗോപാല്‍ കിഫ്ബിയെ പരിഗണിക്കുന്നേയില്ലെന്നത് ശ്രദ്ധേയം. ഇക്കുറിയും ബജറ്റില്‍ കിഫ്ബിക്ക് പുതിയ പദ്ധതികളൊന്നുമില്ല.
റബര്‍ കര്‍ഷകര്‍ക്ക് നിരാശ
നിലവില്‍ 170 രൂപയാണ് റബറിന് താങ്ങുവില. ഇത് 250-300 രൂപയാക്കണമെന്ന ആവശ്യം ശക്തമാണ്. എന്നാല്‍, സംസ്ഥാന ബജറ്റില്‍ വെറും 10 രൂപ കൂട്ടാനേ ധനമന്ത്രി തയ്യാറായുള്ളൂ. 180 രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്. കേന്ദ്രം സഹകരിച്ചാലേ കൂടുതല്‍ തുക പരിഗണിക്കാനാകൂ എന്ന് ബജറ്റ് പറഞ്ഞുവയ്ക്കുന്നു.
രണ്ടുവര്‍ഷം പൊതുകടം ഇരട്ടി
രണ്ടുവര്‍ഷം കൊണ്ട് കേരളത്തിന്റെ പൊതുകടം ഇരട്ടിയായി കൂടുകയാണെന്ന് ബജറ്റ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2022-23ല്‍ 18,026 കോടി രൂപയായിരുന്ന പൊതുകടം (Net public debt) 2023-24ല്‍ (നടപ്പുവര്‍ഷം) 31,998 കോടിയിലേക്കും 2024-25ല്‍ 35,998 കോടി രൂപയിലേക്കുമാണ് കൂടുന്നത്.
കേരളത്തിന്റെ റെവന്യൂ വരുമാനം (Revenue Receipst/തനത് വരുമാനം) 2022-23ല്‍ 1.32 ലക്ഷം കോടി രൂപയില്‍ നിന്ന് നടപ്പുവര്‍ഷം 1.26 ലക്ഷം കോടി രൂപയായി കുറഞ്ഞു. 2024-25ല്‍ ഇത് 1.38 ലക്ഷം കോടി രൂപയായി ഉയരുമെന്ന് ബജറ്റ് പ്രതീക്ഷിക്കുന്നു.
അതേസമയം, കേരളത്തിന്റെ തനത് വരുമാനം (State Own Tax Revenue) ശ്രദ്ധേയമായ വിധം വളര്‍ന്നുവെന്ന് മന്ത്രി പറഞ്ഞു. 2022-23ല്‍ 71,968 കോടി രൂപയില്‍ നിന്ന് നടപ്പുവര്‍ഷം 77,038 കോടി രൂപയാകും. അടുത്തവര്‍ഷം ഇത് 84,884 കോടി രൂപയുമാകും.
മൂലധനച്ചെലവ് കഴിഞ്ഞവര്‍ഷത്തെ 13,997 കോടി രൂപയെ അപേക്ഷിച്ച് നടപ്പുവര്‍ഷം 14,398 കോടി രൂപയായി. അടുത്തവര്‍ഷം പ്രതീക്ഷ 15,663 കോടി രൂപയാണ്.
അതേസമയം, സംസ്ഥാനത്തിന്റെ ധനക്കമ്മി (Fiscal Deficit/സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലെ അന്തരം) 2022-23ല്‍ 25,555 കോടി രൂപയായിരുന്നത് ഈ വര്‍ഷം 40,461 കോടി രൂപയായി. അടുത്തവര്‍ഷം ഇത് 44,529 കോടി രൂപയാകും.
ധനക്കമ്മി സംസ്ഥാന ജി.എസ്.ഡി.പിയുടെ മൂന്ന് ശതമാനത്തില്‍ നിയന്ത്രിക്കണമെന്നാണ് കേന്ദ്രത്തിന്റെ നിബന്ധന. 2022-23ല്‍ കേരളത്തിന്റെ ധനക്കമ്മി 2.44 ശതമാനമായിരുന്നത് നടപ്പുവര്‍ഷം 3.45 ശതമാനമാണ് കണക്കാക്കുന്നത്. 2024-25ല്‍ ഇത് 3.40 ശതമാനമായിരിക്കും. ഫലത്തില്‍, കേന്ദ്രവുമായുള്ള സാമ്പത്തിക തര്‍ക്കം അടുത്തവര്‍ഷത്തേക്കും നീളാനാണ് സാധ്യത. കേരളത്തിന്റെ കടമെടുപ്പ് പരിധി 2024-25ലും കേന്ദ്രം വെട്ടിക്കുറച്ചേക്കും.
Next Story
Videos