കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം: വരുന്നൂ പുത്തൻ ടൂറിസം സൗകര്യങ്ങൾ

ആഗോള വിനോദ സഞ്ചാര ഭൂപടത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യമുള്ള കേരളം ഇനി സ്വകാര്യ നിക്ഷേപത്തിന്റെ കരുത്തിലും കുതിക്കാനൊരുങ്ങുന്നു. ഈ രംഗത്ത് അടിസ്ഥാന സൗകര്യം വിപുലമാക്കാനായി സ്വകാര്യ നിക്ഷേപം ആകര്‍ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഊന്നല്‍ നല്‍കുമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ ബജറ്റില്‍ വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് സബ്‌സിഡികളും ഇന്‍സെന്റീവുകളും ലഭ്യമാക്കും.
ടൂറിസം കേന്ദ്രങ്ങളില്‍ അടിസ്ഥാന സൗകര്യം മികവുറ്റതാക്കാന്‍ ബജറ്റില്‍ സര്‍ക്കാര്‍ 136 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. സബ്സിഡികള്‍, ഇന്‍സെന്റീവുകള്‍ എന്നിവ നല്‍കി അടിസ്ഥാന സൗകര്യ വികസനം, ടൂറിസം ഉത്പന്നങ്ങളുടെ ലഭ്യത എന്നിവ ഉറപ്പ് വരുത്തുന്ന പദ്ധതിക്കായി 15 കോടി രൂപയും നീക്കിവച്ചു.
ടൂറിസത്തിനുള്ള വിഹിതങ്ങള്‍
കേരളാ ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന് 12 കോടിയും നൈപുണ്യവും ഗുണമേന്മയുമുള്ള മാനവ വിഭവശേഷി സൃഷ്ടിക്കുന്നതിന് 17.15 കോടി രൂപയും വകയിരുത്തി. ദേശീയ, അന്തര്‍ദേശീയ ശ്രദ്ധ നേടാന്‍ ടൂറിസം വിപണന പദ്ധതികള്‍ക്കായി 78.17 കോടി രൂപയുണ്ട്.
സംസ്ഥാനത്തിന്റെ പൈതൃകം, സംസ്‌കാരം, പരിസ്ഥിതി എന്നിവയുടെ സംരക്ഷണവും പരിപാലനവും പ്രോത്സാഹനവും ഉറപ്പാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് 24 കോടി. കൊച്ചി, ആലപ്പുഴ, ബേപ്പൂര്‍, കൊല്ലം എന്നിവിടങ്ങളില്‍ ടൂറിസ്റ്റ് ഫെസിലിറ്റേഷന്‍ സെന്ററുകള്‍, വിശ്രമകേന്ദ്രങ്ങള്‍, റെസ്റ്റോറന്റുകള്‍, വിനോദ കേന്ദ്രങ്ങള്‍, മോട്ടലുകള്‍ എന്നിവ ഉള്‍പ്പെടുന്ന മിനി മറീനകളും യാട്ട് ഹബ്ബുകളും ഒരുക്കും.
ഇക്കോ ടൂറിസം
സംസ്ഥാനത്ത് നിലവിലുള്ള 24 അതിഥി മന്ദിരങ്ങള്‍, 4 യാത്രിനിവാസുകള്‍, രണ്ട് കേരള ഹൗസുകള്‍ എന്നിവയ്ക്കായി 20 കോടി രൂപ. ഇക്കോടൂറിസം മേഖലയ്ക്ക് 1.90 കോടിയും തെന്മല ഇക്കോടൂറിസം പദ്ധതിക്കായി രണ്ട് കോടി രൂപ അധികമായും നീക്കിവച്ചു.
മുസിരിസ് ഹെറിറ്റേജ് ആന്‍ഡ് സ്പൈസ് റൂട്ട്, റിവര്‍ ക്രൂസ് ഹെറിറ്റേജ് പദ്ധതികള്‍ നടപ്പാക്കുന്നതിനായി 14 കോടി രൂപ. കായല്‍ത്തീരങ്ങളെ ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിക്കല്‍, വള്ളം കളിയെ അന്താരാഷ്ട്ര നിലവാരമുള്ള കായിക ഇനമാക്കി മാറ്റല്‍ എന്നിവയുടെ ഭാഗമായുള്ള ചാമ്പ്യന്‍സ് ട്രോഫി ലീഗിനായി 9.96 കോടി രൂപ.
Related Articles
Next Story
Videos
Share it