ക്ഷേമപെന്‍ഷനില്‍ തന്ത്രപരമായ നീക്കം, വിത്തെറിഞ്ഞത് മൂന്നാം ടേം ലക്ഷ്യമിട്ട്, ബജറ്റ് ഉന്നംവയ്ക്കുന്നത് സോഷ്യല്‍ എന്‍ജിനിയറിംഗില്‍!

വലിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതിലുപരി കുടുംബങ്ങളെ സ്വാധീനിക്കുന്ന ഒന്നിലധികം പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്
kn balagopal budget, pinarayi vijayan smile
Published on

ഈ വര്‍ഷം അവസാനം ത്രിതല പഞ്ചായത്തുകളിലേക്ക് തിരഞ്ഞെടുപ്പ്, അടുത്ത വര്‍ഷം നിയമസഭയിലേക്കുള്ള അഗ്നിപരീക്ഷ. രണ്ട് ഭാഗ്യപരീക്ഷണങ്ങളും മുന്നില്‍ കണ്ട് സര്‍ക്കാര്‍ പ്രതിച്ഛായ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ബജറ്റ്. ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റ് സര്‍ക്കാരിന്റെ തുടര്‍ച്ച കൂടി ലക്ഷ്യംവയ്ക്കുന്നതെന്ന് വിലയിരുത്താം.

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് ലൈഫ് പദ്ധതിയില്‍ നിലച്ചുപോയ താളം തിരികെയെത്തിക്കാനുള്ള നീക്കമാണ് ധനമന്ത്രിയുടെ പ്രഖ്യാപനത്തിലുള്ളത്. ഒരു ലക്ഷം പുതിയ ഭവനങ്ങള്‍ നിര്‍മിക്കാനായി 1,160 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. ത്രിതല പഞ്ചായത്തുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇത്തരത്തില്‍ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളാകും കൂടുതല്‍ ചര്‍ച്ചയാക്കപ്പെടുകയെന്ന ബോധ്യത്തോടെയാണ് പ്രഖ്യാപനങ്ങള്‍.

ലൈഫ് ഭവനപദ്ധതിയില്‍പ്പെടുത്തി ഇതുവരെ 5,39,042 കുടുംബങ്ങള്‍ക്ക് വീട് നിര്‍മിച്ചു നല്‍കാന്‍ സര്‍ക്കാരിനായെന്ന് മന്ത്രി ഊന്നിപറഞ്ഞതും ശ്രദ്ധേയമാണ്. വലിയ പ്രൊജക്ടുകള്‍ പ്രഖ്യാപിക്കുന്നതിലുപരി കുടുംബങ്ങളെ സ്വാധീനിക്കുന്ന ഒന്നിലധികം പദ്ധതികള്‍ ബജറ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

കാരുണ്യ ആരോഗ്യ പദ്ധതിയാണ് അതിലൊന്ന്. 700 കോടി രൂപയാണ് പദ്ധതിക്കായി മാറ്റിവച്ചിരിക്കുന്നത്. പ്രതിവര്‍ഷം 5 ലക്ഷം രൂപ വരെ ചികിത്സ സഹായം നല്കുന്ന പദ്ധതി ഗ്രാമീണ മേഖലയിലും മധ്യവര്‍ഗ, ഇടത്തരം കുടുംബങ്ങളെ വലിയ രീതിയില്‍ സ്വാധീനിക്കുന്നതാണ്. ഈ പദ്ധതിക്കായി 700 കോടി രൂപ മാറ്റിവയ്ക്കുന്നത് സാധാരണക്കാരുടെ ഇടയില്‍ പ്രതിച്ഛായ ഉയരാന്‍ സര്‍ക്കാരിനെ സഹായിക്കും.

എന്തുകൊണ്ട് ക്ഷേമപെന്‍ഷന്‍ കൂട്ടിയില്ല?

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന ഊഹാപോഹം അലയടിച്ചിരുന്നു. എന്നാല്‍ അധികബാധ്യത ഏറ്റെടുത്ത് കൈപൊള്ളിക്കാന്‍ ബാലഗോപാല്‍ തയാറായില്ല. ഇതിനു മറ്റൊരു കാരണം കൂടിയുണ്ട്. രണ്ടാം പിണറായി സര്‍ക്കാരിന്റെ വരവിലേക്ക് നയിച്ചത് തിരഞ്ഞെടുപ്പ് മുമ്പ് ക്ഷേമപെന്‍ഷനില്‍ കൈക്കൊണ്ട് ചില തീരുമാനങ്ങള്‍ കൂടിയാണ്.

അടുത്ത വര്‍ഷം ഏപ്രില്‍-മെയ് മാസങ്ങളിലായി നിയമസഭ തിരഞ്ഞെടുപ്പ് ഉണ്ടാകും. അതിനു മുമ്പ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ചാല്‍ സര്‍ക്കാരിനുണ്ടാകുന്ന മൈലേജ് വലുതായിരിക്കും. തിരഞ്ഞെടുപ്പ് പ്രതീക്ഷിച്ച് ഇപ്പോഴേ പെന്‍ഷന്‍ കൂട്ടിയാല്‍ ഈ തുക കണ്ടെത്താന്‍ സര്‍ക്കാര്‍ വിയര്‍ക്കും. കാത്തിരുന്ന് കൃത്യസമയത്ത് പ്രയോഗിക്കുകയെന്ന നയമാണ് ക്ഷേമപെന്‍ഷനില്‍ ബാലഗോപാല്‍ പയറ്റിയത്.

ന്യൂനപക്ഷങ്ങളെ ചേര്‍ത്തുനിര്‍ത്താന്‍ നീക്കം

ന്യുനപക്ഷ മതവിഭാഗങ്ങളെ ഒപ്പംനിര്‍ത്താന്‍ ബജറ്റിലൂടെ ധനമന്ത്രി കൃത്യമായി ശ്രമിച്ചിട്ടുണ്ട്. ന്യുനപക്ഷ ക്ഷേമപദ്ധതികള്‍ക്കായി എട്ടുകോടിയോളം രൂപ അധികം വകയിരുത്തി. 105.63 കോടി രൂപയാണ് ഇത്തവണ മാറ്റിവച്ചിരിക്കുന്നത്. മുന്നോക്ക വിഭാഗക്കാരുടെ ക്ഷേമത്തിനും ഇത്തവണത്തെ ബജറ്റ് ഊന്നല്‍ നല്‍കിയിട്ടുണ്ട്. മൂന്നു കോടി രൂപ വര്‍ധിപ്പിച്ചു. സോഷ്യല്‍ എന്‍ജിനിയറിംഗ് മെച്ചപ്പെടുത്തി മൂന്നാം ടേമിലേക്ക് വിത്തെറിയുകയെന്ന ദൗത്യം കൂടിയാണ് അവസാന സമ്പൂര്‍ണ ബജറ്റിലൂടെ ധനമന്ത്രി നിര്‍വഹിച്ചിരിക്കുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com