'പണ നയ പ്രഖ്യാപനം ചെറുകിട മേഖലകള്‍ക്ക് കൈത്താങ്ങാകും'
റിസര്‍വ് ബാങ്ക് പണ നയ സമിതിയുടെ പണ നയ പ്രഖ്യാപനം ചെറുകിട മേഖലകള്‍ക്ക് കൈത്താങ്ങാകുമെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് ഡോ. വി കെ വിജയകുമാര്‍ പറഞ്ഞു. മഹാമാരിയുടെ ആഘാതം ഏറ്റവും കൂടുതല്‍ അനുഭവപ്പെട്ട ഹോട്ടല്‍, റസ്റ്റാറന്റ്, ടൂറിസം, ബസ് ഓപറേറ്റര്‍മാര്‍, ബ്യൂട്ടി പാര്‍ലറുകള്‍ ,സലൂണ്‍ എന്നീ വിഭാഗങ്ങള്‍ക്കായി കുറഞ്ഞ പലിശയ്ക്ക് വായ്പ ലഭ്യമാക്കാന്‍ 15000 കോടി രൂപയുടെ സുപ്രധാനമായ പദ്ധതി പ്രഖ്യാപിച്ചത് ശ്രദ്ധേയമാണ്. റിപ്പോ , റിവേഴ്‌സ് റിപ്പോ നിരക്കുകളില്‍ മാറ്റം വരുത്തിയിട്ടില്ല. സാമ്പത്തിക വളര്‍ച്ചയെ പിന്തുണയ്ക്കുന്നതിന് ആവശ്യമുള്ളേടത്തോളം കാലം ഉദാര പണ നയം തുടരാനാണ് തീരുമാനം. 2022 സാമ്പത്തിക വര്‍ഷം ജിഡിപി വളര്‍ച്ചാ നിരക്ക് 9.5 ശതമാനം ആയിരിക്കുമെന്നാണ് കേന്ദ്ര ബാങ്കിന്റെ പുതിയ കണക്ക്. 1.2 ലക്ഷം കോടി രൂപയുടെ ജിസാപ് (കേന്ദ്ര ബാങ്ക് വിപണിയില്‍ നിന്നു കടപ്പത്രങ്ങള്‍ വാങ്ങുന്ന പദ്ധതി ) 2.0 റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പ്രഖ്യാപിച്ചിട്ടുണ്ട്. വിദേശ നാണ്യ ശേഖരം 598 ബില്യണ്‍ ഡോളറായി ഉയര്‍ന്നു എന്ന ഗവര്‍ണറുടെ പ്രഖ്യാപനം രാജ്യത്തിന്റെ ധനസ്ഥിതി (ബാഹ്യ സ്ഥൂല ധനസ്ഥിതി) ശക്തമാണെന്ന് ഉറപ്പാക്കുന്നുണ്ടെന്നും ഡോ. വിജയകുമാര്‍ ചൂണ്ടിക്കാട്ടി.