കേരളത്തിന് 3 വര്‍ഷത്തിനകം 4 ലക്ഷം കോടി രൂപയുടെ കയറ്റുമതി സാധ്യമെന്ന് എക്‌സിം ബാങ്ക്

കേരളത്തിന് മൂന്നു വര്‍ഷത്തിനകം 4 ലക്ഷം കോടി രൂപയുടെ കയറ്റുമതി വരുമാനം നേടാന്‍ കഴിയുമെന്ന് എക്‌സ്‌പോര്‍ട്ട്-ഇംപോര്‍ട്ട് ബാങ്ക് ഓഫ് ഇന്ത്യ (എക്‌സിം ബാങ്ക്).അതേസമയം, അനുകൂലമായ നയങ്ങളും കയറ്റുമതി വര്‍ധിപ്പിക്കുന്നതിനുള്ള സമഗ്രമായ പരിശ്രമവും ഉപയോഗിക്കാന്‍ കഴിയേണ്ടതുണ്ടെന്ന് ഇതു സംബന്ധിച്ച പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

പഠനമനുസരിച്ച് 2018-19-ല്‍ കേരളത്തില്‍ നിന്നുള്ള ചരക്കുകയറ്റുമതി 980 കോടി ഡോളറിന്റേതായിരുന്നു. അതായത്, ഏതാണ്ട് 73,000 കോടി രൂപ. സംസ്ഥാനത്തു നിന്നുള്ള കയറ്റുമതി കഴിഞ്ഞ കുറച്ചുനാളുകളായി മികച്ച വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, 670 കോടി ഡോളറിന്റെ അധിക സാധ്യതകള്‍ ഇനിയും ഉപയോഗിച്ചിട്ടില്ല. ഈ സാധ്യത തിരിച്ചറിയുന്നതു വഴി ചരക്കുകയറ്റുമതി ഏകദേശം 1,650 കോടി ഡോളറിന്റേതായി ഉയര്‍ത്താന്‍ കഴിയും. 2024-25 ഓടെ 5,470 കോടി ഡോളറിന്റെ കയറ്റുമതി വരുമാനം നേടാനുമാകും.

കേരളത്തില്‍ നിന്നുള്ള കയറ്റുമതി സാധ്യത വിലയിരുത്തുന്നതിന് എക്‌സിം ബാങ്ക് നടത്തിയ വെബിനാറില്‍ വ്യവസായ-വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍ മുഖ്യാതിഥിയായിരുന്നു. സംസ്ഥാനത്തെ കയറ്റുമതിക്കാരെ പിന്തുണയ്ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ അദ്ദേഹം വിശദീകരിച്ചു. എക്‌സിം ബാങ്ക് മാനേജിങ് ഡയറക്ടര്‍ ഡേവിഡ് റാസ്‌ക്വിന്‍ഹ സംബന്ധിച്ചു.

ജലപാതകളുടെ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃക സ്വീകരിക്കുകയെന്നതാണ് വെബിനാറില്‍ ഉയര്‍ന്ന പ്രാധാന നിര്‍ദേശങ്ങളിലൊന്ന്. തുറമുഖങ്ങളിലെ കയറ്റുമതി അടിസ്ഥാന സൗകര്യ വികസനത്തിന് ഒരു ഫണ്ട് സൃഷ്ടിക്കണം. ആലപ്പുഴ, പാലക്കാട് ജില്ലകളില്‍ വെയര്‍ഹൗസിങ് ശേഷി വര്‍ധിപ്പിക്കുകയും വേണം.കോള്‍ഡ് ചെയിന്‍ ശൃംഖല ശക്തിപ്പെടുത്തുന്നതിനായി കേന്ദ്രസര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പദ്ധതികള്‍ പ്രയോജനപ്പെടുത്തേണ്ടതുണ്ട്.കാര്‍ഷിക ഉത്പന്നങ്ങളുടെ ലഭ്യതയും കണക്ടിവിറ്റിയും മെച്ചപ്പെടുത്തുന്നതിന് ഐ.ടി. സേവനങ്ങള്‍ ഉപയോഗപ്പെടുത്തണം.

അനിമേഷന്‍, വിഷ്വല്‍ ഇഫെക്ട്സ്, ഗെയിമിങ്, കോമിക്‌സ് എന്നിവയ്ക്കായി ഒരു മികവിന്റെ കേന്ദ്രം സ്ഥാപിക്കുകയെന്നതായിരുന്നു മറ്റൊരു നിര്‍ദേശം. കേരളത്തില്‍നിന്നുള്ള ഉത്പന്നങ്ങളുടെ ബ്രാന്‍ഡിങ്ങിനും വിപണനത്തിനുമായി ഒരു ബ്രാന്‍ഡ് ഇക്വിറ്റി ഫണ്ട് യാഥാര്‍ത്ഥ്യമാക്കണം. ആവശ്യമായ ഇടപെടലുകള്‍ നടത്തുന്നതിന് കേരളത്തിലെ വ്യവസായ ക്ലസ്റ്ററുകള്‍ വിലയിരുത്തുക, വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള കയറ്റുമതി പ്രൊമോഷന്‍ കൗണ്‍സില്‍ രൂപവത്കരിക്കുകഎന്നീ നിര്‍ദേശങ്ങളുമുണ്ടായി.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Related Articles
Next Story
Videos
Share it