കെ-റെയില്‍ പദ്ധതി തത്കാലം ഇല്ലെന്ന് മുഖ്യമന്ത്രി; ഒരിക്കൽ കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വരും

കെ-റെയില്‍ (സില്‍വര്‍ ലൈന്‍) പദ്ധതിയുമായി തത്കാലം സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്രാനുമതി ഇല്ലാതെ സംസ്ഥാനത്തിന് മാത്രമായി പദ്ധതി നടപ്പാക്കാനാവില്ല. എന്നാല്‍, ഒരുകാലത്ത് പദ്ധതിക്ക് കേന്ദ്രാനുമതി നല്‍കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

അതിവേഗ യാത്ര കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. വന്ദേഭാരതിന് ലഭിച്ച സ്വീകരണം നമ്മള്‍ കണ്ടതാണ്. കെ-റെയിലിനെ എതിര്‍ത്തവര്‍ വന്ദേഭാരത് വന്നപ്പോള്‍ എന്താണ് കാണിച്ചതെന്നും നമ്മള്‍ കണ്ടു. കേരളത്തിന്റെ വികസനത്തിന് തടസ്സം സൃഷ്ടിച്ച് മാദ്ധ്യമങ്ങളും കള്ളം പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെ-റെയിലില്‍ കേന്ദ്രത്തിന്റെ തുടര്‍ നടപടി
അതേസമയം, കെ-റെയില്‍ പദ്ധതിയിന്മേല്‍ തുടര്‍ നടപടികളെടുക്കാന്‍ ദക്ഷിണ റെയില്‍വേക്ക് നിര്‍ദേശം നല്‍കിയെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയില്‍ പറഞ്ഞിരുന്നു. എം.പിമാരായ കെ. മുരളീധരന്‍, ഹൈബി ഈഡന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സില്‍വര്‍ ലൈന്‍
തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡ് വരെ നാല് മണിക്കൂറില്‍ എത്താന്‍ വിഭാവനം ചെയ്യുന്നതാണ് പിണറായി വിജയന്‍ സര്‍ക്കാര്‍ സ്വപ്‌നപദ്ധതിയായി അവതരിപ്പിച്ച സില്‍വര്‍ ലൈന്‍ എന്ന കെ-റെയില്‍. റെയില്‍വേയുടെയും സംസ്ഥാന സര്‍ക്കാന്റെയും സംയുക്ത സംരംഭമായ കേരള റെയില്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡാണ് (കെ-റെയില്‍) ഈ അതിവേഗ റെയില്‍വേ പദ്ധതി നടപ്പാക്കേണ്ടിയിരുന്നത്. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ 529.45 കിലോമീറ്ററിലാണ് പദ്ധതി. പതിനൊന്ന് സ്റ്റേഷനുകളാണ് പദ്ധതിയിലുള്ളത്. 64,000 കോടി രൂപയാണ് പദ്ധതിക്ക് സര്‍ക്കാര്‍ വിലയിരുത്തുന്ന ചെലവ്.
Related Articles
Next Story
Videos
Share it