

കേരളം അതിഗരുതരമായ സാമ്പത്തിക പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശരി തരൂര്‍. അടുത്തിടെ പുറത്തുവന്ന ഒരു ബിസിനസ് പോഡ്കാസ്റ്റിലാണ് അദ്ദേഹം കേരളത്തെ കുറിച്ചുള്ള തന്റെ ആശങ്കകളും അതിനുള്ള പ്രതിവധികളും പങ്കുവച്ചത്. പല കാരണങ്ങളാണ് ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് കാരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്.
തരൂരിന്റെ അഭിപ്രായമനുസരിച്ച് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളിസംരക്ഷണ നയങ്ങള്‍ പലതും നിക്ഷേപരെ ഇവിടെ നിന്ന് അകറ്റാന്‍ കാരണമായി. തൊഴിലാളി സമരങ്ങളും യൂണിയന്‍ രൂപീകരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പല നിക്ഷേപകരെയും സംസ്ഥാനത്ത് ബിസിനസ് തുടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു. കേരളത്തില്‍ ഫാക്ടറി സ്ഥാപിക്കാന്‍ സന്നദ്ധതയറിയിച്ച ബി.എം.ഡബ്ല്യുവിന്റെ പിന്മാറ്റമാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. കേരളത്തില്‍ ഫാക്ടറി തുറക്കാനുള്ള സാധ്യതകള്‍ വിലയിരുത്താന്‍ ബി.എം.ഡബ്ലുവിന്റെ പ്രതിനിധികള്‍ കേരളത്തിലെത്തിയ സമയത്താണ് മിന്നല്‍പണിമുടക്കുണ്ടായത്. ഇതോടെ 10,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമായിരുന്ന ഫാക്ടറി ബി.എം.ഡബ്യു തമിഴ്‌നാട്ടിലേക്ക് മാറ്റുകയായിരുന്നു.
അനുമതികളിലെ കാലതാമസം
ഉദ്യോഗസ്ഥതലത്തിലുള്ള അലംഭാവമാണ് തരൂര്‍ ചൂണ്ടിക്കാട്ടിയ മറ്റൊരു പ്രശ്‌നം. ഒരു കമ്പനി തുടങ്ങണമെങ്കില്‍ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വളരെയധികം സമയം വേണ്ടിവരുന്നുവെന്ന് തരൂര്‍ പറയുന്നു. രാജ്യത്ത് പല സംസ്ഥാനങ്ങളിലും 120 ദിവസം കൊണ്ട് അനുമതി ലഭിക്കുമ്പോള്‍ കേരളത്തിലിത് 248 ദിവസം വരെയാണെന്ന് തരൂര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് പലരെയും കേരളത്തില്‍ വ്യവസായം തുടങ്ങുന്നതില്‍ നിന്ന് പിന്തിരിപ്പിക്കുന്നുണ്ട്.
സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്ന രീതിയാണ് ഇതിനു കാരണമെന്ന് ശശി തരൂര്‍ പറയുന്നു. ഒരു ഫയല്‍ പല തലങ്ങള്‍ കടന്നു പോകുന്ന അവസ്ഥയാണ് നിലവിലുള്ളത്. ഒരു ഉദ്യോഗസ്ഥന്‍ അവധിയിലാണെങ്കില്‍ എല്ലാത്തിലും താമസം വരുംയ ഇതൊഴിവാക്കാന്‍ ഏകജാലക സംവിധാനം നടപ്പാക്കണം. സംരംഭങ്ങള്‍ക്ക് വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള അനുമതി ഒറ്റ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുന്ന സംവിധാനമാണിത്. വിവിധ വകുപ്പുകള്‍ കയറിയിറങ്ങാതെ ഇത് സാധ്യമാകും. ഭരണകൂടങ്ങള്‍ ഈ പ്രക്രിയയുടെ പിന്നാലെ പോകാതെ ഇത് വഴിയുണ്ടായ ഫലത്തില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് വേണ്ടതെന്നും തരൂര്‍ പറയുന്നു.
രാഷ്ട്രിയസമരങ്ങളും പ്രതിഷേധങ്ങളും മറ്റും സാമ്പത്തിക അസ്ഥിരതയിലേക്ക് നയിക്കുണ്ടെന്നെന്നും അദ്ദേഹം പറയുന്നു. നിക്ഷേപകരെ കൂടുതലായി ആകര്‍ഷിക്കണമെങ്കില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷം നിലനിറുത്തേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ മാത്രമേ നിക്ഷേപകരെ ആകര്‍ഷിക്കാനും നിലനിറുത്താനും സാധിക്കു.
കേരളത്തിന് രക്ഷപെടാനുള്ള സാധ്യതകള്‍
കേരളത്തിന്റെ സാമ്പത്തിക വെല്ലുവിളികള്‍ മറികടക്കാനും അദ്ദേഹം ചില മാര്‍ഗങ്ങള്‍ പറയുന്നുണ്ട്.
1. നിക്ഷേപക സംരക്ഷണ നിയമം
നിക്ഷേപകരുടെ താത്പര്യം സംരക്ഷിക്കാന്‍ നിക്ഷേപക സംരക്ഷണ നിയമം (ഇന്‍വെസ്റ്റര്‍ പ്രൊട്ടക്ഷന്‍ ആക്ട്) കൊണ്ടു വരണമെന്നതാണ് ഇതിലൊന്ന്. രാഷ്ട്രീയമായ തടസങ്ങളില്‍ നിന്നും ഉദ്യോഗസ്ഥവൃത്തങ്ങളില്‍ നിന്നും നിക്ഷേപകര്‍ക്ക് സംരക്ഷണം നല്‍കാനും കൂടുതല്‍ ബിസിനസുകാരെ കേരളത്തില്‍ നിക്ഷേപിക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
2. നിയമങ്ങളില്‍ പുനഃപരിശോധന
നിയമങ്ങള്‍ കാലാനുസൃതമായി പുതുക്കുകയോ അവയില്‍ വേണ്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തുകയോ ചെയ്യേണ്ടത് നിര്‍ണായകമാണ്. ഉദ്യോഗസ്ഥതലത്തിലുള്ള ഇടപെടലുകള്‍ കുറയ്ക്കുന്നതിനും കാര്യക്ഷമമായി നിക്ഷേപകര്‍ക്ക് മുന്നോട്ടു പോകുന്നതിനും നിലവിലുള്ള ചട്ടക്കൂടുകള്‍ സമഗ്രമായി പരിഷ്‌കരിക്കണം. ബിസിനസുകള്‍ക്കായി ഏകജാലക സംവിധാനം നടപ്പാക്കി വേഗത്തില്‍ അനുമതികള്‍ ലഭ്യമാക്കണം.
3. ഹര്‍ത്താലുകള്‍ നിയമവിരുദ്ധമാക്കണം
സുസ്ഥിരമായ ബിസിനസ് അന്തരീക്ഷമുണ്ടാക്കണമെങ്കില്‍ സാമ്പത്തിക പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി തടസപ്പെടുത്തുന്ന ഹര്‍ത്താലുകളെ നിയമവിരുദ്ധമാക്കണമെന്നാണ് തരൂര്‍ ആവശ്യപ്പെടുന്നത്. പ്രതിഷേധിക്കാനുള്ള മൗലികമായ അവകാശം എല്ലാവര്‍ക്കുമുണ്ടെങ്കിലും മറ്റുള്ളവരുടെ പ്രവൃത്തികളെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും തടസപ്പെടുത്തുന്നതാകരുതെന്നാണ് അദ്ദേഹം പറയുന്നത്.
4. ബിസിനസ് സൗഹൃദ അന്തരീക്ഷം
കേരളത്തില്‍ ബിസിനസ് സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തേണ്ടത് വളരെ അത്യാവശ്യമാണ്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതു മുതല്‍ സമയബന്ധിതമായി അനുമതികള്‍ ലഭ്യമാക്കുകയും ഫയലുകള്‍ ഉദ്യോഗസ്ഥരുടെ കൈകളില്‍ കുടുങ്ങിക്കിടക്കുന്നത് ഒഴിവാക്കുകയും വേണം.
Read DhanamOnline in English
Subscribe to Dhanam Magazine