കേരള ബജറ്റ് ഫെബ്രുവരി 7 ന്; പരിഗണനകള്‍ എന്തെല്ലാം? കേന്ദ്രത്തിലേക്ക് കണ്ണയച്ച് സര്‍ക്കാര്‍

വയനാടിനും വിഴിഞ്ഞത്തിനും പ്രത്യേക പാക്കേജ് തേടി കേരളം
KN Balagopal, Kerala secretariate
image credit : canva KN Balagopal
Published on

സംസ്ഥാനത്തെ പ്രധാന വികസന പദ്ധതികള്‍ക്കുള്ള ഫണ്ടിനായി ഫെബ്രുവരി 1 ലെ കേന്ദ്ര ബജറ്റിനെ കാത്തിരിക്കുകയാണ് കേരളം. വയനാട്ടിലെ പുനരധിവാസം, വിഴിഞ്ഞം പദ്ധതി തുടങ്ങിയവക്ക് കേന്ദ്രത്തിന്റെ പിന്തുണയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സംസ്ഥാന ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. കേന്ദ്ര ബജറ്റില്‍ സംസ്ഥാനത്തിനുള്ള ഫണ്ട് വകയിരുത്തലുകളെ ആശ്രയിച്ചായിരിക്കും ഫെബ്രുവരി 7 ന് അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റിലെ സാമ്പത്തിക പരിഗണനകള്‍. കടുത്ത സാമ്പത്തിക പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും സാമൂഹിക ഉത്തരവാദിത്വങ്ങള്‍ പാലിക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടു പോകുന്നില്ലെന്ന് ധനമന്ത്രി ഉറപ്പിച്ചു പറയുന്നു. സംസ്ഥാനത്തിന്റെ സമ്പദ് ഘടനയെ ഉത്തേജിപ്പിക്കുന്നതിനും സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ നടപ്പാക്കുന്നതിനുമായിരിക്കും സംസ്ഥാന ബജറ്റിൽ മുന്‍ഗണനയെന്ന് കെ.എന്‍.ബാലഗോപാല്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

സാമ്പത്തിക ഞെരുക്കം കൂടുന്നു

സംസ്ഥാനം കടുത്ത സാമ്പത്തിക ഞെരുക്കത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ധനമന്ത്രി പറഞ്ഞു. അതേസമയം, മൊത്തം കടങ്ങളില്‍ ഗണ്യമായ കുറവുണ്ടായതായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ 3 വര്‍ഷത്തിനിടെ സംസ്ഥാന ജിഡിപിയുടെ 38 ശതമാനത്തില്‍ നിന്ന് 34 ശതമാനമായി കടം കുറഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം കേന്ദ്രം നിര്‍ത്തലാക്കിയത് 12,000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കിഫ്ബിയെയും പെന്‍ഷന്‍ പദ്ധതിയെയും സംസ്ഥാന സര്‍ക്കാരിന്റെ കടമെടുക്കല്‍ പരിധിയിലേക്ക് ഉള്‍പ്പെടുത്തിയത് വരുമാന സ്രോതസുകളെ ഇല്ലാതാക്കുന്നു. ഇത്തരം സാഹചര്യങ്ങള്‍ പരിഗണിച്ച് അടുത്ത ധനകാര്യ കമ്മീഷന്റെ പരിഗണന സംസ്ഥാനത്തിന് കൂടുതല്‍ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

വളര്‍ച്ചക്ക് പ്രാധാന്യം നല്‍കും

പൊതുസേവനത്തിന് പ്രാമുഖ്യം നല്‍കി വളര്‍ച്ചാധിഷ്ഠിത പദ്ധതികള്‍ക്കായിരിക്കും സംസ്ഥാന ബജറ്റില്‍ പരിഗണനയെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ പ്രതിവര്‍ഷം 1,60,000 കോടി രൂപയാണ് ചിലവിടുന്നത്. പിണറായി വിജയന്‍ നേതൃത്വം നല്‍കിയ ഒന്നാം എല്‍.ഡി.എഫ് സര്‍ക്കാര്‍ 1,13,000 കോടിയാണ് ചിലവിട്ടിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ സുരക്ഷക്കായി, പ്രത്യേകിച്ച് ആരോഗ്യ മേഖലയില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം 10 ശതമാനം തുക കൂടുതല്‍ ചിലവിടുന്നുണ്ടെന്ന് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കേരളത്തില്‍ തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ കൂടുതല്‍ തുക അനുവദിക്കേണ്ടതുണ്ട്. വയനാട്ടിലെ പുനരധിവാസത്തിനുള്ള പ്രത്യേക പാക്കേജും വിഴിഞ്ഞം തുറമുഖത്തിന് പ്രത്യേക പരിഗണനയും കേന്ദ്ര ബജറ്റില്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com