കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്: ഡോ. തോമസ് ഐസക്കിന്റെ രോഷത്തിന്റെ പിന്നിലെന്ത്?

കേരള സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളില്‍ തുടക്കം മുതല്‍ തുടര്‍ച്ചയായി ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കെ എസ് എഫ് ഇയുടെ വിജിലന്‍സ് റെയ്ഡിന്റെയും ധനമന്ത്രി ഡോ. തോമസ് ഐസക്കിന്റെ രോഷത്തിന്റെയും പിന്നിലെന്ത്?
കെഎസ്എഫ്ഇ വിജിലന്‍സ് റെയ്ഡ്: ഡോ. തോമസ് ഐസക്കിന്റെ രോഷത്തിന്റെ പിന്നിലെന്ത്?
Published on

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ കേരള സര്‍ക്കാരിന് കീഴിലെ പൊതുമേഖലാ സ്ഥാപനമായ കെ എസ് എഫ് ഇയിലെ റെയ്ഡ് രാഷ്ട്രീയ, സാമ്പത്തിക സേവന രംഗത്ത് അലയൊലികള്‍ സൃഷ്ടിക്കുന്നു.

കേരള സര്‍ക്കാരിന്റെ സമ്പൂര്‍ണ ഉടമസ്ഥതയിലുള്ള ദി കേരള സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ എസ് എഫ് ഇ) ചിട്ടി, സ്വര്‍ണപ്പണയം, ഭവന വായ്പ, ഇരുചക്ര വാഹന വായ്പ തുടങ്ങി വിവിധതരം വായ്പാ പദ്ധതികള്‍, നിക്ഷേപ പദ്ധതികള്‍ തുടങ്ങി നിരവധി സേവനങ്ങള്‍ നല്‍കുന്ന വിവിധോദ്ദേശ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളാണ്. പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇപ്പോഴത്തെ സര്‍ക്കാര്‍ അധികാരമേറ്റശേഷം റീ ബ്രാന്‍ഡിംഗ് ഉള്‍പ്പടെയുള്ള മാറ്റങ്ങള്‍ കൊണ്ടുവന്ന് പുതുതലമുറയെ കൂടി ചിട്ടിയിലേക്കും കെഎസ്എഫ്ഇയിലേക്കും ആകര്‍ഷിക്കുന്ന വിധത്തിലുള്ള ഒട്ടനവധി കാര്യങ്ങളും നടപ്പാക്കിയിരുന്നു. സ്വര്‍ണ വായ്പാ രംഗത്തും കെഎസ്എഫ്ഇ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നതിനിടെയാണ് ഗുരുതരമായ ക്രമക്കേടുകളുണ്ടെന്ന സൂചന നല്‍കി വിജിലന്‍സ് റെയ്ഡ് നടന്നിരിക്കുന്നത്. ഇതിനെതിരെ രൂക്ഷമായ ഭാഷയില്‍ ഡോ. തോമസ് ഐസക് പ്രതികരിക്കുകയും ചെയ്തു. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായ ആനത്തലവട്ടം ആനന്ദനും റെയ്ഡിനെതിരെ രംഗത്തുവന്നതോടെ ഇതിന്റെ സിപിഎമ്മില്‍ തന്നെയുള്ള വിയോജിപ്പ് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. പാര്‍ട്ടിയില്‍ പരസ്യ വിമര്‍ശനം, തെരഞ്ഞെടുപ്പ് കാലത്ത് ഉയരുന്നതിന്റെ ക്ഷീണം വേറെയുമുണ്ട്.

പ്രവാസി ചിട്ടി പോലെ വിഭവ സമാഹരത്തിനുള്ള വഴികള്‍ തേടി മുന്നോട്ടുപോകുന്ന കെഎസ്എഫ്ഇയില്‍ തെരഞ്ഞെടുപ്പ് കാലത്ത് റെയ്ഡ് വരുന്നത് വകുപ്പ് മന്ത്രിയായ ഡോ. തോമസ് ഐസക്കിന് വലിയ തിരിച്ചടിയാണ്. വിജലന്‍സ് മുഖ്യമന്ത്രി പിണറായി വിജയന്റെ കീഴിലാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ കാലം മുതല്‍ ആഭ്യന്തര വകുപ്പ് ഏറെ പഴികേള്‍ക്കുന്നുമുണ്ട്. തെരഞ്ഞെടുപ്പ് കാലത്തും ആഭ്യന്തര വകുപ്പ് വിവാദങ്ങള്‍ സൃഷ്ടിക്കുന്നതിനെതിരെ പാര്‍ട്ടിയില്‍ തന്നെ ഒരു വിഭാഗത്തിന്റെ കടുത്ത അതൃപ്തിക്ക് കാരണമായിട്ടുമുണ്ട്. അതാണ് ഡോ. തോമസ് ഐസക്കിന്റെ രോഷാകുലമായ അഭിപ്രായപ്രകടനത്തിനും വഴിവെച്ചിരിക്കുന്നത്.

ധനകാര്യ സ്ഥാപനത്തില്‍ പരിശോധന നടത്തുമ്പോള്‍ പുലര്‍ത്തേണ്ട ഏറ്റവും കുറഞ്ഞ ഔചിത്യബോധം പോലും വിജിലന്‍സ് പുലര്‍ത്തിയില്ലെന്നാണ് ഡോ. തോമസ് ഐസക് പറയുന്നത്. സിഎജി റിപ്പോര്‍ട്ടിലുള്ള കാര്യങ്ങള്‍ മാത്രമേ വിജിലന്‍സിന്റെ കണ്ടെത്തലില്‍ ഉള്ളുവെന്നും ഡോ. തോമസ് ഐസക് പറയുന്നു.

വിജിലന്‍സിന് ലഭിച്ച പരാതികള്‍ക്ക് ഗുരുതര സ്വഭാവം

കെഎസ്എഫ്ഇ ശാഖകളില്‍ വിജിലന്‍സ് മിന്നല്‍ പരിശോധന നടത്തിയത് പരാതികളുടെ അടിസ്ഥാനത്തില്‍ രഹസ്യാന്വേഷണം നടത്തിയ ശേഷമാണെന്നും സൂചനകളുണ്ട്. കെഎസ്എഫ്ഇയുടെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന വിധത്തില്‍ ക്രമക്കേട് നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് എന്ന് റിപ്പോര്‍ട്ടുകളുണ്ട്. ഒരു പരാതി കിട്ടിയാല്‍ അതിന്റെ നിജസ്ഥിതി അന്വേഷിച്ച് പരാതിക്കാരനെ രേഖാമൂലം അറിയിക്കാനുള്ള ബാധ്യതയുള്ള സ്ഥാപനങ്ങളില്‍ ഒന്നാണ് വിജിലന്‍സും. അതുകൊണ്ട് കൂടി വിജിലന്‍സ് ഇപ്പോള്‍ നടത്തിയ നീക്കത്തില്‍ ക്രമപ്രശ്‌നം ഉയര്‍ത്താനോ വട്ട് ആണെന്ന് പറയാനോ സാധിക്കില്ല.

ഒരു ധനകാര്യ സ്ഥാപനത്തില്‍ പുറത്തുനിന്നുള്ള ഏജന്‍സി പരിശോധന നടത്തി, ക്രമക്കേട് നടന്നിട്ടില്ലെന്ന് കണ്ടെത്തിയാല്‍ വിശ്വാസ്യത കൂടുകയും ചെയ്യും. എന്നാല്‍ ഇപ്പോള്‍ ക്രമക്കേട് നടന്നിട്ടില്ലെന്നതല്ല പ്രശ്‌നം തെരഞ്ഞെടുപ്പ് കാലത്തെ റെയ്ഡും നടപടിക്രമം പാലിച്ചില്ലെന്ന വാദവുമാണ്.

ചിട്ടി തുടങ്ങുമ്പോള്‍ ലഭിക്കുന്ന പണം ബാങ്കിലോ ട്രഷറിയിലോ നിക്ഷേപിക്കുന്നതിന് പകരം വകമാറ്റുന്നു, കള്ളപ്പണം വെളുപ്പിക്കാന്‍ രണ്ട ലക്ഷത്തിന് മുകളിലുള്ള ചിട്ടികളെ മറയാക്കുന്നു, പൊള്ളച്ചിട്ടി ചേര്‍ന്ന് വന്‍ ബാധ്യതയുണ്ടാക്കുന്നു തുടങ്ങി നിരവധി കാര്യങ്ങളാണ് പരാതിയായി കേള്‍ക്കുന്നത്. ബെനാമി ചിട്ടികളെ സംബന്ധിച്ചും പരാതി ലഭിച്ചിട്ടുണ്ട്.

വിശ്വാസ്യത പ്രധാനം

കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ചിട്ടി വലിയൊരു ആശ്രയമാണ്. ഒരേ സമയം നിക്ഷേപമായും വായ്പയായും ഉപയോഗിക്കാന്‍ സാധിക്കുന്ന ചിട്ടി മേഖലയില്‍ ക്രമക്കേടുകള്‍ വരുന്നത് കെഎസ്എഫ്ഇയുടെ മാത്രമല്ല കേരളത്തിന്റെ സമ്പദ് രംഗത്തിന്റെ തന്നെ നട്ടെല്ല് ഒടിക്കും. ബിസിനസുകാര്‍ മുതല്‍ കൂലിപ്പണിക്കാര്‍ വരെ സാമ്പത്തിക ലക്ഷ്യങ്ങള്‍ക്ക് ചിട്ടിയെ ആശ്രയിക്കുന്നുണ്ട്. പൊതുമേഖലാ സ്ഥാപനമായ കെഎസ്എഫ്ഇയില്‍ ക്രമക്കേടുകള്‍ അങ്ങാടിപ്പാട്ടാകുമ്പോള്‍ ആ മേഖലയ്ക്ക് തന്നെ അതി ക്ഷീണമാകും. അതിന്റെ മറവില്‍ തട്ടിപ്പ് കമ്പനികളും തഴച്ചുവളരും.

കെഎസ്എഫ്ഇയെ എല്ലാ സാമ്പത്തിക സേവനങ്ങളും ലഭ്യമാക്കുന്ന സമ്പൂര്‍ണ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റാകുമെന്ന ലക്ഷ്യം തന്നെ മുന്നോട്ട് വെച്ചിരുന്ന വ്യക്തിയാണ് ഡോ. തോമസ് ഐസക്. ഇപ്പോഴത്തെ ഈ രോഷം, നിലവില്‍ കെഎസ്എഫ്ഇക്ക് ചാര്‍ത്തികിട്ടിയിരിക്കുന്ന കളങ്കം മാറ്റാനും കൂടുതല്‍ പ്രൊഫഷണലും സുതാര്യവുമായ പ്രവര്‍ത്തന രീതിയിലേക്ക് മാറ്റാനുമുള്ള അവസരമാക്കി ധനമന്ത്രി ഉപയോഗിച്ചാല്‍ കേരളത്തിന്റെ സാമ്പത്തിക രംഗത്തിനും സാധാരണക്കാര്‍ക്കും പ്രയോജനപ്പെടും.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com